ശ്രീനഗർ: കശ്മീരിൽ ഭീകരരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവം വ്യജ ഏറ്റുമുട്ടലെന്ന് ആരോപണം. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഡിസംബർ 30നാണ് മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി ജമ്മു കശ്മീർ പൊലീസ് അവകാശപ്പെട്ടത്. എന്നാൽ, കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്.

ഡിസംബർ 29ന് വൈകീട്ടാണ് ഭീകരരെ കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. തെരച്ചിലിനിടെ സൈന്യത്തിന് നേരെ ഗ്രനേഡ് എറിയുകയും വെടിവെക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസും സി.ആർ.പി.എഫും എത്തി തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. 30ന് രാവിലെ 11.30ഓടെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്.

അജാസ് മഖ്ബൂൽ ഖാനി, അതർ മുഷ്താഖ് വാനി, സുബൈർ അഹ്മദ് ലോണി എന്നിവരാണ് കൊല്ലപ്പെട്ടത്. 16കാരനായ അതർ മുഷ്താഖ് വാനി 11ാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ്. എ.കെ 47 തോക്കുകളും വെടിക്കോപ്പുകളും ചില രേഖകളും കൊല്ലപ്പെട്ടവരിൽ നിന്ന് കണ്ടെടുത്തതായാണ് പൊലീസ് പറയുന്നത്. ദേശീയപാതയിൽ വലിയ ആക്രമണത്തിന് തീവ്രവാദികൾ തയ്യാറെടുക്കുകയായിരുന്നുവെന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് കമാൻഡിങ് ഓഫിസർ പറഞ്ഞിരുന്നു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ശ്രീനഗറിലെ പൊലീസ് കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇവരാരും ഭീകരരല്ലെന്നും സാധാരണക്കാരാണെന്നും ബന്ധുക്കൾ പറഞ്ഞു. ഡിസംബർ 29ന് വീടുകളിൽ നിന്ന് ഇറങ്ങിയതാണ് യുവാക്കൾ. പിന്നീട് ഇവർ കൊല്ലപ്പെട്ട വിവരമാണ് വീട്ടുകാർക്ക് ലഭിക്കുന്നത്. 29ന് വൈകീട്ട് മൂവരും വീടുകളിലേക്ക് വിളിച്ച് വരാൻ വൈകുമെന്നും ചിലപ്പോൾ അടുത്ത ദിവസം രാവിലെയേ എത്തൂവെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ഫോണുകൾ ഓഫായി.

തന്റെ മകന് 11ാം ക്ലാസിലെ അവസാന പരീക്ഷയായിരുന്നു കഴിഞ്ഞ ദിവസമെന്ന് കൊല്ലപ്പെട്ട അതർ മുഷ്താഖ് വാനിയുടെ പിതാവ് മുഷ്താഖ് അഹ്മദ് വാനി പറഞ്ഞു. ഒരു ദിവസം കൊണ്ട് അവൻ എങ്ങനെ ഭീകരനായി മാറും? 29ന് ഉച്ചക്ക് ശേഷമാണ് അതർ വാനി വീട്ടിൽ നിന്ന് ഇറങ്ങിയത്. താൻ ശ്രീനഗറിലേക്ക് പോവുകയാണെന്ന് അതർ സഹോദരിയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. രാത്രി അതറിനെ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. രാവിലെ മുഷ്താഖ് ശ്രീനഗറിലേക്ക് തിരിക്കുമ്പോഴാണ് പൊലീസിന്റെ വിളി വന്നത്.

തന്റെ മകൻ പ്രായത്തിൽ കവിഞ്ഞ ഉത്തരവാദിത്തബോധമുള്ള ആളായിരുന്നെന്ന് മുഷ്താഖ് പറയുന്നു. കോവിഡ് സമയത്ത് താൻ വീട്ടിലില്ലാതിരുന്ന രണ്ട് മാസം എല്ലാ കാര്യങ്ങളും നോക്കിനടത്തിയത് മകനായിരുന്നു. ഏറ്റുമുട്ടലിനിടെ കീഴടങ്ങാൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. എന്നാൽ, അക്കാര്യം കുടുംബങ്ങളെ അറിയിച്ചിരുന്നെങ്കിൽ തങ്ങൾ എത്തി അവരെ ജീവനോടെ കൊണ്ടുവരുമായിരുന്നെന്ന് മുഷ്താഖ് പറയുന്നു.