തിരുവല്ല: കുറ്റൂർ പഞ്ചായത്തിൽ ബിജെപി-സിപിഎം ബന്ധം മറ നീക്കുന്നു. നേരത്തേ തന്നെ ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര കോൺഗ്രസ് ആരോപിച്ചിരുന്നു. അന്ന് നിഷേധിച്ചെങ്കിലും ഇപ്പോഴത് പുറത്തു വന്നിരിക്കുകയാണ്.

കുറ്റൂർ തെങ്ങേലിയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന വഴി വെട്ടുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ ഏഴാം പ്രതിയാണ് പഞ്ചായത്ത് പ്രസിഡന്റ് കെജി സഞ്ജു. സഞ്ജു രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് പുറത്ത് ശക്തമായ സമരം നടത്തി വരികയാണ് ബിജെപി. സമരം കഴിഞ്ഞു പോയ ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങൾ നേരെ ചെന്ന് നിന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിൽ. അദ്ദേഹം നൽകിയ ആദരവും ഏറ്റുവാങ്ങി ചിരിച്ചു കളിച്ച് സെൽഫിയുമെടുത്ത് അവർ മടങ്ങി. ചിലർ അതു വലിയ കാര്യമാക്കി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ബിജെപി ജില്ലാ സെക്രട്ടറി കുറ്റൂർ പ്രസന്നകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് എന്നിവർ ആദരവ് ഏറ്റുവാങ്ങാൻ എത്തിയിരുന്നു. ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷിക ത്തോട് അനുബന്ധിച്ച് നിലവിലുള്ളതും മുമ്പുണ്ടായിരുന്നതുമായ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങാണ് സംഘടിപ്പിച്ചത്. പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് എടുത്ത ആക്രമണ കേസിൽ ഏഴാം പ്രതിയാണ് കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെജി സഞ്ജു. പൊലീസിന്റെ ഭാഷ്യം അനുസരിച്ച് സഞ്ജു ഒളിവിലാണ്.

പക്ഷേ, ഇയാൾ ഫുൾടൈം ഓഫീസിലും പഞ്ചായത്ത് സംഘടിപ്പിക്കുന്നതും സ്വകാര്യമായതുമായ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നുമുണ്ട്. ഇങ്ങനെയുള്ള പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കുറ്റൂർ പ്രസന്ന കുമാറും സംഘവും കഴിഞ്ഞ ഒരാഴ്ചയായി സമരം നടത്തി വരുന്നത്. അതിന്റെ ഇടവേളയിലാണ് ഒളിവിലുള്ള പ്രസിഡന്റിൽ നിന്ന് ആദരവ് ഏറ്റു വാങ്ങിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

തെങ്ങേലിയിൽ സിപിഎം അനുഭാവിയുടെ മതിൽ തകർത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ റോഡ് വെട്ടിയപ്പോഴാണ് ഗർഭിണിയെ മർദിച്ചത്. ഡിവൈഎഫ്‌ഐ അഞ്ചു ലക്ഷം രൂപയ്ക്കാണ് ഇതിന് ക്വട്ടേഷൻ ഉറപ്പിച്ചത്. തെങ്ങേലി പുതിരിക്കാട്ട് രമണന്റെ വീടിന്റെ മതിലാണ് പൊളിച്ചത്. സിപിഎം പ്രവർത്തകനാണ് രമണൻ. ഗുണ്ട് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജെസിബി ഉപയോഗിച്ചാണ് മതിൽ തകർത്ത് 20 മീറ്ററോളം വഴി വെട്ടിയത്. 30 അംഗം ക്വട്ടേഷൻ സംഘം മാരകായുധങ്ങളുമായി കാവൽ നിന്നു. തടയാൻ ചെന്ന രമണനെ വെട്ടി. ഗർഭിണിയായ മരുമകൾ രഞ്ജുവിനെ ഉപദ്രവിക്കുകയും ചെയ്തു.
കഴിഞ്ഞ എട്ടിന് രാത്രി 11.30 നാണ് വഴി വെട്ടി നിരത്തി വീതി കൂട്ടിയത്. സമീപത്ത് താമസിക്കുന്ന ആറു വീട്ടുകാർക്ക് വേണ്ടിയാണ് വഴി വെട്ടിയത്.

നാലു മീറ്റർ നടപ്പു വഴി ഇവിടെ ഉള്ളതാണ്. ഇതിന് വീതി കൂട്ടണമെന്നാണ് അയൽ വാസികളുടെ ആവശ്യം. എന്നാൽ, ഈ വഴി വീതി കൂട്ടാൻ പറ്റില്ലെന്നും തന്റെ പറമ്പിന് പിന്നിലൂടെയുള്ള വസ്തുവിന്റെ ഒരു ഭാഗം വഴിക്ക് വിട്ടു നൽകാമെന്നും രമണൻ സമ്മതിച്ചിരുന്നു. അവിടെ വഴി വീതി കൂട്ടുമ്പോൾ രമണന്റെ വസ്തുവിന്റെ ഒരു ഭാഗത്തിനൊപ്പം ആറു കുടുംബങ്ങളുടെ ഭൂമിയുടെ ഭാഗവും നഷ്ടമാകും. തങ്ങളുടെ ഭൂമി പോകുന്നത് ഇവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അതു കൊണ്ടു തന്നെ നാലടി വീതിയുള്ള നടപ്പു വഴി രമണന്റെ ഭൂമി മാത്രം ഏറ്റെടുത്ത് വീതി കൂട്ടാൻ ഇവർ ഗൂഢാലോചന നടത്തുകയായിരുന്നു. അയൽവാസികളായ കുടുംബങ്ങൾ ബിജെപിക്കാരാണ്. ഇവരിൽ നിന്ന് കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെജി സഞ്ജുവിന്റെ നേതൃത്വത്തിൽ ക്വട്ടേഷൻ എടുക്കുകയായിരുന്നു.

മതിൽ തകർക്കാനും വഴി വെട്ടാനുമുപയോഗിച്ച ജെസിബിയുടെ നമ്പർ പ്ലേറ്റ് മറച്ചിരുന്നു. ഇതിന്റെ ചില്ലിൽ തത്വമസി എന്ന് എഴുതിയത് മറച്ചിരുന്നില്ല. കൂടായെ ഒരു ടൊയോട്ട എറ്റിയോസ് കാറിലാണ് പ്രസിഡന്റ് അടക്കം വന്നത്. വഴി തകർക്കാനും ആക്രമിക്കാനും ഉപയോഗിച്ച ഉപകരണങ്ങളുടെ ലിസ്റ്റിൽ വരുന്നതാണ് ജെസിബി. അതു കൊണ്ട് തന്നെ ആയുധങ്ങളുടെ ലിസ്റ്റിൽ ഇത് ഒന്നാമതായി വരും. ജെസിബി കേസിൽ ഉൾപ്പെട്ടാൽ പിന്നെ പുറത്തിറക്കാൻ കഴിയാതെ വരുമെന്ന് മനസിലാക്കി കഴിഞ്ഞ ദിവസം കണ്ടം ചെയ്യാറായ ഒരു ജെസിബി പൊലീസ് കൊടുത്തിട്ടുണ്ട്. പൊലീസ് ഇതൊരു മഹത്തായ കാര്യമായി അനൗൺസ് ചെയ്തിട്ടുമുണ്ട്.

സഞ്ജുവിന്റെ നേതൃത്വത്തിൽ നടന്ന ക്വട്ടേഷൻ വർക്കിൽ കുറ്റൂർ പഞ്ചായത്തിലെ ലോക്കൽ കമ്മറ്റികൾ രണ്ടു തട്ടിലാണ്. പടിഞ്ഞാറൻ എൽസി പ്രസിഡന്റിന്റെ നടപടിക്ക് കുട പിടിക്കുന്നു. കിഴക്കൻ എൽസിയിൽ വിപരീതമാണ് കാര്യങ്ങൾ. സഞ്ജുവിന്റെ നടപടിക്കെതിരേ ഇവർക്കിടയിൽ എതിർപ്പുണ്ട്. അതിനിടെയാണ് ബിജെപി-സിപിഎം ബാന്ധവം ശരി വയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുന്നത്.