തിരുവനന്തപുരം: സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് 'കാവൽ'. നിഥിൻ രൺജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വിഷു ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം. മലയാള സിനിമ പ്രേക്ഷകർക്കുള്ള വിഷു സമ്മാനമാണ് പോസ്റ്റർ എന്ന് സുരേഷ് ഗോപി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

'ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഒരായിരം വിഷു ആശംസകൾ! ഇതാ നിങ്ങൾക്കായുള്ള ഞങ്ങളുടെ കുഞ്ഞ് വിഷു സമ്മാനം. കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ' എന്നാണ് സുരേഷ് ഗോപി പോസ്റ്റർ പങ്കുവച്ചു കൊണ്ട് കുറിച്ചത്. സുരേഷ് ഗോപിയുടെ കഥാപാത്രം ഒരാളെ ചവിട്ടി നിൽക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്. താരത്തിന്റെ കൈയിൽ ഒരു ട്രങ്ക് പെട്ടിയുമുണ്ട്. അദ്ദേഹത്തിന് എതിരായി നിൽക്കുന്ന രണ്ടുപേരിൽ ഒരാളുടെ കൈവശം ഒരു തോക്കും കാണാം. ഒരു സംഘട്ടന രംഗമാണ് പോസ്റ്ററിൽ ഉള്ളത്. സുരേഷ് ഗോപിക്ക് പുറകിലായി എസ്തറിന്റെ സഹോദരൻ ഇവാനെയും കാണാനാകും.

'കസബ'യ്ക്കു ശേഷം നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ എത്തിയ 'കാവൽ' ടീസറിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

സുരേഷ് ഗോപിക്കൊപ്പം ലാൽ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയൻ, സുജിത്ത് ശങ്കർ, അലൻസിയർ, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ്‌വിൽ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ ആണ്. സംഗീതം രഞ്ജിൻ രാജ്. എഡിറ്റിങ് മൻസൂർ മുത്തൂട്ടി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് സനൽ വി ദേവൻ, സ്യമന്തക് പ്രദീപ്. ഡിസൈൻസ് ഓൾഡ് മങ്ക്‌സ്.