കാവ്യ മാധവന്റെയും ദിലീപിന്റെയും പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരം​ഗമാകുന്നു. നാടൻ പെൺകൊടിയായി കാവ്യയും മലയാളി ടച്ചിൽ ദിലീപും എത്തിയതോടെ ആഘോഷമാക്കുകയാണ് ആകാധകർ. ചുരിദാറണിഞ്ഞ് നാടൻ ലുക്കിലാണ് കാവ്യ. താടി വച്ച് മുണ്ടും ഷർട്ടുമാണ് ദിലീപിന്റെ വേഷം. മിഴി രണ്ടിലും സിനിമയിലെ ഭദ്രയെയും കൃഷ്ണകുമാറിനെയും ഓർമിപ്പിക്കുന്ന ഗെറ്റപ്പ് ആണ് രണ്ടുപേരുടേയുമെന്ന് ആരാധകരും പറയുന്നു.

വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ പൊതു ചടങ്ങുകളിലും പരിപാടികളിലും പ്രത്യക്ഷപ്പെടുന്നത് കുറവാണ്. സമൂഹമാധ്യമങ്ങളിലും താരം സജീവമല്ല. പ്രിയതാരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. 2016 ൽ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര്.