കായംകുളം: അച്ഛന് പ്രായമേറിയതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പെയിന്റ് ജോലിക്കിറങ്ങിയയാളാണ് കറ്റാനം സ്വദേശി വിഷ്ണു. നാല് മാസം മുമ്പ് പെയിന്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വിധി വൈദ്യുതിയുടെ രൂപത്തിൽ വിഷ്ണുവിന്റെ ഭാഗ്യങ്ങളെല്ലാം തട്ടിയെടുത്തത്. ജോലിക്കിടെ വൈദ്യുതാഘാതമേറ്റ വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. തുടർന്നാണ് ഒരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് വിഷ്ണുവിനെ മാറ്റിയത്.

അബോധാവസ്ഥയിലായിരുന്ന വിഷ്ണുവിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ അവർക്ക് സാധിച്ചെങ്കിലും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. അന്ന് ചികിൽസയ്ക്കായി ഏട്ട് ലക്ഷം രൂപയോളം ചെലവായി. അന്നന്നത്തെ വരുമാനത്തിൽ ജീവിക്കുന്ന വിഷ്ണുവിന്റെ കുടുംബം ഏറെ ബുദ്ധിമുട്ടിയാണ് പണം കണ്ടെത്തിയത്. വലിയ സാമ്പത്തിക ബാധ്യതയാണ് ആ കുടുംബത്തിനുണ്ടായത്.

ആ വീഴ്‌ച്ചയും തുടർന്നുള്ള ചികിൽസയും വിഷ്ണുവിനെ ഒരു വൃക്കരോഗിയും മൂത്രസംബന്ധമായ മറ്റ് രോഗങ്ങളുമുള്ള ഒരാളാക്കി മാറ്റി. അതിന്റെ ചികിൽസ ഇനി ആരംഭിക്കേണ്ടതായിട്ടുണ്ട്. വിഷ്ണുവിന് ചലശേഷി തിരിച്ചുലഭിക്കണമെങ്കിൽ ഒരുപാട് കാലത്തെ ഫിസിയോ തെറാപ്പിയും വേണ്ടിവരും. എന്നാൽ അതൊന്നും ചെയ്യാനുള്ള സാമ്പത്തികശേഷി ആ കുടുംബത്തിനില്ല. ആ നിർധന കുടുംബത്തിന്റെ താമസംപോലും പുറമ്പോക്ക് ഭൂമിയിലാണ്.

23 വയസെന്ന ചെറിയ പ്രായത്തിൽ തന്നെ ചലനശേഷി നഷ്ടപ്പെട്ട് കിടക്കയിലാകേണ്ടി വന്ന ദുരിതം പേറുകയാണ് വിഷ്ണു. തിരിച്ചുവരാനുള്ള ഏകതടസം കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. സുമനസുകളുടെ സഹായമുണ്ടായാൽ മാത്രമേ വിഷ്ണുവിന് കിടക്കയിൽ നിന്നും എഴുന്നേൽക്കാനാകു. അതിനായി സഹായമഭ്യർത്ഥിക്കുകയാണ് വിഷ്ണുവിന്റെ പിതാവ് ജയരാജൻ.

അക്കൗണ്ട് വിവരങ്ങൾ

Jayarajan. MR
Ac. No. 67028784258
IFSC. SBIN. 0070216
Branch: Nedumkandam
Ph: 9961147813