തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. ഉള്ളൂർക്കോണം സ്വദേശി ഹാഷിമിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പരാതി. വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി. മൂന്ന് വീടുകളും നാല് ഇരുചക്രവാഹനങ്ങളും ഒരു കാറുമാണ്  അക്രമി സംഘം തകർത്തത്. പ്രദേശത്തെ ഒരു കടയും അക്രമികൾ അടിച്ച് തകർത്തു.

ലഹരി വിൽപനയെക്കുറിച്ച് പൊലീസിനെ അറിയിച്ചതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ രണ്ട് തവണയായിട്ടാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആക്രമണം നടത്തിയ സംഘം ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ വീണ്ടുമെത്തി വീടുകളും വാഹനങ്ങളും തകർക്കുകയായിരുന്നു. നിരവധി അടിപിടി കേസുകളും കഞ്ചാവ് കേസുകളിലും പ്രതിയാണ് ഹാഷിം. പ്രദേശത്ത് ലഹരി ഇടപാടുകളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നുമുണ്ട്. മുമ്പ് പല തവണ നാട്ടുകാർ ഹാഷിമിനെതിരെ പരാതികൾ നൽകിയിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ പരാതി നൽകുന്നവരുടെ വിവരങ്ങൾ ഹാഷിമിന് കൃത്യമായി ലഭിക്കുന്നുണ്ടായിരുന്നു. തന്റെ കഞ്ചാവ് വിൽപനയും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും പൊലീസിനെ അറിയിക്കുന്നുവെന്ന് പറഞ്ഞാണ് ഇയാൾ അക്രമം നടത്തിയത്.

ഇന്നലെ രാത്രി ഒൻപത് മണിക്ക് ഉള്ളൂർകോണം ജങ്ഷനടുത്ത് കട നടത്തുന്ന റംല ബീവിയുടെ വീട്ടിലാണ് ആദ്യം ആക്രമണം നടത്തിയത്. റംലാ ബീവിയുടെ വീടിനോട് ചേർന്നുള്ള കടയിൽ എത്തി കഴുത്തിൽ വാൾ വച്ചാണ് ഭീഷണിപ്പെടുത്തിയത്. ഇവരുടെ മക്കളെ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു.

തുടർന്ന് രാത്രി രണ്ട് മണിയോടെയാണ് മടങ്ങിയെത്തി അക്രമം നടത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. മുൻപും ഇതേ സംഘത്തിന്റെ അതിക്രമമുണ്ടായപ്പോഴും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

രാത്രി ഒമ്പത് മണിക്ക് കടയിലെത്തിയത് കൈവശം നാടൻബോംബും ആയുധവുമായിട്ടാണെന്നും തന്റെ കഴുത്തിൽ കത്തി വെച്ചശേഷം മക്കളെ പുറത്തേക്ക് ഇറക്കിവിടാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും റംലാബീവി പറയുന്നു. ഹാഷിമിന്റെ കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിക്കുന്നത് തങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരം ആക്രമണം നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. മുൻപും കാറുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നുവെന്നും വീട്ടുകാർ പറയുന്നു.

പുലർച്ചെ രണ്ട് മണിയോടെ എത്തിയാണ് ആക്രമണം നടത്തിയത്. നാല് മണി വരെ ആക്രമണവും അസഭ്യവും തുടർന്നു. റംലാബീവിയുടെ മക്കളെ കൊല്ലാതെ മടങ്ങില്ലെന്നാണ് പ്രതി ഭീഷണിപ്പെടുത്തിയത്. വാഹനങ്ങളും വീടും കടയും അടിച്ച് തകർത്ത പ്രതി ഇന്ന് രാവിലെ വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വീടിന് തീയിടുമെന്നാണ് ഇന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും റംലാബീവി പറയുന്നു. ആദ്യം ഒറ്റയ്ക്കെത്തിയും പിന്നീട് സംഘം ചേർന്നുമാണ് ആക്രമണം നടത്തിയത്. പ്രതി ഇപ്പോൾ ഒളിവിലാണ്.

പ്രതി ഹാഷിമിനെതിരെ കഞ്ചാവ് കേസുകളും അടിപിടി കേസുകളും നിലവിലുണ്ട്. ഇയാൾ ഉള്ളൂർക്കോണം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും സാമൂഹ്യവിരുദ്ധ പ്രവർത്തനവും നടത്തുന്നയാളാണ്. ഇത് സംബന്ധിച്ച പരാതി പ്രദേശവാസികൾ പൊലീസിനെ അറിയിക്കുന്നുവെന്ന് ആരോപിച്ചാണ് ഹാഷിമിന്റെ സംഘം ആക്രമണം അഴിച്ചുവിട്ടത്. നിരവധി കേസുകളിൽ പ്രതിയായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ഇന്നലെ ആക്രമണം നടത്തിയ കാര്യം പറഞ്ഞിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.