കഴക്കൂട്ടം: ആന്തൂരിലെ സാജന്റെ അവസ്ഥയിൽ തിരുവനന്തപുരത്തെ പ്രവാസിയും. ഐടി നഗരത്തിൽ ഷോപ്പിങ് മാൾ നിർമ്മിക്കാനെത്തിയ പ്രവാസിയെ വിരട്ടിയോടിക്കാൻ കയറ്റിറക്ക് തൊഴിലാളികൾ ശ്രമിക്കുന്നതായി പരാതി. 29 വർഷം ഗൾഫിൽ ജോലി ചെയ്ത നസീർ നാട്ടിലുള്ള ഏതാനും പേർക്ക് ജോലി ലഭിക്കട്ടെ എന്ന ഉദ്ദേശത്തിലാണ് കഴക്കൂട്ടത്ത് എട്ട് കോടി ചെലവിൽ ഷോപ്പിങ് മാൾ നിർമ്മിക്കാൻ തുടങ്ങിയത്. ഇതാണ് പ്രതിസന്ധിയിലാകുന്നത്.

കിറ്റക്‌സ് കേരളം വിടുമ്പോഴാണ് പുതിയ വിവാദവും. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കരുതലോടെ ഇടപെടാനാണ് സർക്കാർ തീരുമാനം. പ്രശ്‌നത്തിൽ തൊഴിൽ വകുപ്പ് ഇടപെടുകയും ചെയ്തു. തൊഴിലാളികൾ നസീറിനോട് അപമര്യാദയായി പെരുമാറി എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു തൊഴിലാളിയുടെ പേരിൽ അച്ചടക്ക നടപടി എടുത്തു എന്നും മറ്റു തൊഴിലാളികളെ വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടെന്നും കഴക്കൂട്ടം ലേബർ ഓഫിസർ കെ.വി. ഹരികുമാർ അറിയിച്ചു. അങ്ങനെ പ്രവാസിയെ അനുനയിപ്പിക്കാനാണ് നീക്കം.

പൊലീസിനു ലഭിച്ച പരാതി അന്വേഷിക്കുന്നതായി കഴക്കൂട്ടം പൊലീസും അറിയിച്ചു. പ്രവാസിയുടെ സംരംഭത്തെ തടസ്സപ്പെടുത്താൻ തൊഴിലാളികൾ ശ്രമിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ 13-തിയതി ലേബർ കമ്മിഷണറുടെയും ജില്ലാ ലേബർ ഓഫിസറുടെയും സാന്നിധ്യത്തിൽ നസീറിനെയും തൊഴിലാളികളെയും ചർച്ചക്കു വിളിച്ചിട്ടുണ്ട്. ഇതിൽ പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമിടുന്നത്. ഇതിലും യൂണിയനുകൾ കടുംപിടിത്തം തുടങ്ങിയാൽ നസീർ പ്രതിസന്ധിയിലാകും. കണ്ണൂരിൽ ആന്തൂരിൽ കൺവെൻഷൻ സെന്റർ തുടങ്ങാൻ ശ്രമിച്ചതിനെ തുടർന്നുള്ള തർക്കമാണ് സാജൻ എന്ന പ്രവാസിയുടെ ആത്മഹത്യയ്ക്ക് കാരണമായത്.

കഴക്കൂട്ടത്ത് ഷോപ്പിങ് മാൾ നിർമ്മിക്കുന്ന കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം താമസിക്കുന്ന നസീറിനാണ് സിഐടിയു യൂണിയൻ തൊഴിലാളികളുടെ ഭീഷണിയും തെറി അഭിഷേകവും ബുദ്ധിമുട്ടിലാക്കുന്നത്. തന്റെ ദുരവസ്ഥ ഫെയ്‌സ് ബുക്കിലൂടെ നസീർ വിശദീകരിച്ചിരുന്നു. ഇത് വൈറലായി. ഇതോടെയാണ് സർക്കാർ ഇടപെടുന്നതും. കെട്ടിട നിർമ്മാണത്തിനുള്ള സാധനങ്ങൾ ലോറിയിൽ നിന്നും ഇറക്കുവാൻ അമിത കൂലി ആവശ്യപ്പെടുന്ന യൂണിയൻ തൊഴിലാളികൾ നസീറിനെതിരെ വധഭീഷണിയും മുഴക്കിയിട്ടുണ്ട്. തൊഴിലാളികളിൽ ചിലർ നസീറിനെ തൂക്കി ചുവരിലടിക്കും എന്ന ഭീഷണിയും മുഴക്കിയെത്രേ.

കെട്ടിട നിർമ്മാണത്തിനായി കഴിഞ്ഞ ദിവസം മിനി ലോറിയിൽ 600 ഷീറ്റുകൾ കൊണ്ടുവന്ന് ഷോപ്പിങ് മാളിനുള്ളിൽ ഇറക്കുവാൻ ശ്രമിക്കുമ്പോൾ തൊഴിലാളികൾ എത്തി ഷീറ്റ് ഒന്നിന് 21 രൂപ വച്ച് വേണുമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ലോറി തടഞ്ഞിടുകയും ചെയ്തതായി കഴക്കൂട്ടം ലേബർ ഓഫിസർക്കും ക്ഷേമ നിധി ബോർഡിനും നൽകിയ പരാതിയിൽ പറയുന്നു. ഷോപ്പിങ് മാളിന് മൂന്നര കോടിയോളം രൂപ മുതൽ മുടക്കുകയും ചെയ്തു. മുതൽ മുടക്കിയ പണത്തിന്റെ നല്ലൊരു ഭാഗവും ലോൺ എടുത്തതാണെന്നും നസീർ പറയുന്നു.

തനിക്കു നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടി കഴക്കൂട്ടം പൊലീസിനും തൊഴിലാളി ക്ഷേമനിധി ബോർഡിനും ലേബർ ഓഫിസർക്കും പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും നസീർ പറയുന്നു. താൻ മുതൽ മുടക്കിയ പണവും ഭൂമിയുടെ പണവും തരാൻ സർക്കാർ മുന്നോട്ട് വന്നാൽ പദ്ധതി ഉപേക്ഷിക്കാൻ പോലും തയാറാണെന്ന് നസീർ പറയുന്നു.

വിശദീകരണം ചോദിച്ചെന്ന് തൊഴിൽ വകുപ്പ്

കഴക്കൂട്ടം ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണ തർക്കം തൊഴിൽ വകുപ്പ് പരിഹരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. കഴക്കൂട്ടം മാർക്കറ്റ് ജംഗ്ഷനിൽ ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണ സ്ഥലത്ത് നിലനിന്ന തർക്കത്തിന് തൊഴിൽവകുപ്പിന്റെ ഇടപെടലിൽ പരിഹാരമായെന്ന് അവർ പറയുന്നു. പരാതിക്കാരനായ നസീറിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണ സ്ഥലത്ത് ലോഡിറക്കുന്നതുമായാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ചുമട്ടുതൊഴിലാളികൾ അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്തു എന്ന് നസീർ തൊഴിൽവകുപ്പിന് പരാതി നൽകി.

പ്രശ്നം ശ്രദ്ധയിൽപെട്ട ലേബർ കമ്മീഷണർ വിഷയത്തിൽ അടിയന്തരമായി ഇടപെടുന്നതിന് കേരള ചുമടു തൊഴിലാളി ക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ ലേബർ ഓഫീസർ (ജനറൽ) ബി.എസ്.രാജീവിന് നിർദ്ദേശം നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ (8/7/2021 ) ജില്ലാ ലേബർ ഓഫീസറിന്റെ അദ്ധ്യക്ഷതയിൽ തൊഴിലുടമ, ബന്ധപ്പെട്ട യൂണിയൻ , ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ കമ്മിറ്റി , തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി ചുമട്ടുതൊലാളി ക്ഷേമ ബോർഡിന്റെ കഴക്കൂട്ടം ഉപകാര്യാലയത്തിൽ വച്ചു ചർച്ച നടത്തി പരിഹാരമുറപ്പാക്കുകയായിരുന്നു. തൊഴിലുടമയായ നസീറിനോട് അപമര്യാദയായി പെരുമാറിയ തൊഴിലാളിയെ ബന്ധപ്പെട്ട സൈറ്റിലെ ജോലിയിൽ നിന്നും മാറ്റി നിറുത്താൻ യോഗത്തിൽ തീരുമാനമായി. എറണാകുളത്തു നിന്നും എത്തിയ ലോഡ് ഇറക്കാൻ വിസമ്മതിച്ചു എന്ന തൊഴിലുടമയുടെ പരാതിയിൽ തൊഴിലാളി യൂണിയൻ കൺവീനറോട് വിശദീകരണം ചോദിക്കും.

മറുപടി തൃപ്തികരമല്ലെങ്കിൽ ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ ബി.എസ്.രാജീവ് പറഞ്ഞു. സൈറ്റിൽ തുടർ പ്രശ്നങ്ങളുണ്ടാകില്ലെന്നും ഇനിമുതൽ വരുന്ന ലോഡുകൾ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് നിശ്ചയിച്ച കൂലിനിരക്കുകൾ പ്രകാരം കൃത്യസമയത്തു തന്നെ ഇറക്കി കൊടുക്കുമെന്നും യൂണിയൻ കൺവീനർ വ്യക്തമാക്കി. യോഗതീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പരാതി പരിഹരിച്ചതായും മറ്റ് പ്രശനങ്ങൾ ഇല്ലായെന്നും തൊഴിലുടമയായ നസീർ യോഗത്തിൽ അറിയിച്ചു