തിരുവനന്തപുരം : ഉമ്മൻ ചാണ്ടി സർക്കാരിൽ കെ.ബി. ഗണേശ്‌കുമാറിന്റെ മന്ത്രിസ്ഥാനം 2013-ൽ തെറിപ്പിച്ചത് അന്നു ഭാര്യയായിരുന്ന ഡോ: യാമിനി തങ്കച്ചിയായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിപദത്തിനു തടസമായി സഹോദരി ഉഷാ മോഹൻദാസ്. ഉഷയും ഭർത്താവ് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. മോഹൻദാസും മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ഗണേശ്‌കുമാറിന് ആദ്യടേമിൽ മന്ത്രിസ്ഥാനം നിരസിച്ചതെന്നാണു സൂചന. എന്നാൽ രണ്ടാം ടേമിൽ ഈ വിവാദം നിലനിൽക്കില്ല.

ഒന്നാം പിണറായി സർക്കാരിന്റെ ശമ്പള പരിഷ്‌കരണ കമ്മിഷൻ ചെയർമാൻ കൂടിയാണു മോഹൻദാസ്. വിഴിഞ്ഞം തുറമുഖം സംബന്ധിച്ച സി.എ.ജി. റിപ്പോർട്ട് പരിശോധിച്ച ജുഡീഷ്യൽ സമിതിയംഗവുമായിരുന്നു അദ്ദേഹം. മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ നടക്കവേയായിരുന്നു നാടകീയനീക്കങ്ങൾ. എന്നാൽ ഈ വിവാദത്തിൽ കുടുംബത്തിന്റെ ഭൂരിപക്ഷ പിന്തുണ ഗണേശ് കുമാറിനാണ്. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്റെ ഭാര്യയും പിള്ളയുടെ രണ്ടാമത്തെ മകളുമായി ബിന്ദു അനുജനെ പിന്തുണയ്ക്കുകയാണ് ഈ വിവാദത്തിൽ.

അച്ഛന്റെ വിൽപത്രം ഗണേശ് തിരുത്തിയെന്നത് തെറ്റാണെന്ന് ബിന്ദു പറയുന്നു. അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം വിൽപത്രം തിരുത്തി എഴുതിയതാണ്. അതുകൊണ്ട് തന്നെ ആ വിവാദത്തിൽ അനുജനൊപ്പമാണ് ബിന്ദു. വിൽപത്രത്തിൽ ക്രമക്കേടുണ്ടാക്കിയെന്ന ആരോപണം ശരിയല്ലെന്നും ബിന്ദു പറയുന്നു. ഇതോടെ പിള്ളയുടെ രണ്ട് മക്കൾ വിൽപത്രത്തെ അംഗീകരിക്കുന്നു. പിള്ളയുടെ പുതിയ വിൽപത്രത്തിൽ ഏറ്റവും കുറവ് ആസ്തി നൽകിയ മകളാണ് ബിന്ദു. എന്നിട്ടും അവർക്ക് ഗണേശിനെതിരെ പരാതിയില്ല..

ബാലകൃഷ്ണപിള്ള വിൽപത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്നും ഗണേശ് വിൽപത്രത്തിൽ ക്രമക്കേട് നടത്തിയെന്ന ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നും ബിന്ദു പറയുന്നു. മരണ ശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ ദുഃഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കാൻ താത്പര്യമില്ലെന്നുമായിരുന്നു ഉഷ മോഹൻദാസിന്റെ പ്രതികരണം. പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്ന് ഗണേശ് കുമാറും അറിയിച്ചു. 

കഴിഞ്ഞ 15-നാണു മുഖ്യമന്ത്രിയേയും സിപിഎം. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും കണ്ട് ഉഷയും മോഹൻദാസും പരാതിപ്പെട്ടത്. പിതാവ് ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രം ഗണേശ് തിരുത്തിയെന്നായിരുന്നു പരാതി. വിൽപത്രത്തിൽ ഉഷയുടെ പേര് ഒഴിവാക്കപ്പെട്ടിരുന്നു. പരാതി ലഭിച്ചതിനേത്തുടർന്ന് ഗണേശുമായി സംസാരിച്ച മുഖ്യമന്ത്രി, കുടുംബപ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചശേഷം വരാൻ പറഞ്ഞതായാണു സൂചന. മന്ത്രിപദം പങ്കുവയ്ക്കുമ്പോൾ ആദ്യത്തെ രണ്ടരവർഷമാണു ഗണേശ് ഇടതുമുന്നണി യോഗത്തിൽ ആവശ്യപ്പെട്ടത്.

എന്നാൽ, സഹോദരിയുടെ പരാതി നിലനിൽക്കുന്നതിനാൽ അതു നിരസിക്കപ്പെട്ടു. ഗണേശിന് അഞ്ചുവർഷവും മന്ത്രിസ്ഥാനം നൽകാനായിരുന്നു ആദ്യഘട്ടത്തിലെ ആലോചനയെന്നും പുതിയ സംഭവവികാസങ്ങളേത്തുടർന്നാണ് അതു മാറ്റിയതെന്നും കേരളാ കോൺഗ്രസ് (ബി) വൃത്തങ്ങൾ ആരോപിക്കുന്നു. എന്നാൽ ഉഷയുടെ ആരോപണം ശരിയല്ലെന്ന് ആർ.ബാലകൃഷണപിള്ളയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും കേരളാ കോൺഗ്രസ് (ബി) കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ പ്രഭാകരൻ പിള്ളയുടെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് രണ്ടാം സഹോദരിയും ശരിവയ്ക്കുന്നത്.

ആദ്യം തനിക്ക് നല്കിയ സ്വത്തുക്കൾ പിന്നീട് ഗണേശന്റെ പേരിലാക്കിയാണ് ഉഷയെ ചൊടിപ്പിച്ചത്. ആദ്യ വിൽപത്രത്തിൽ ഉഷയ്ക്ക് വാളകത്തെ സ്‌കൂളും ഉൾപ്പെട്ടിരുന്നു. അവസാന കാലം ആർ.ബാലകൃഷണപിള്ളയെ ശുശ്രുഷിച്ചതിലുള്ള സന്തോഷമാണ് ഇത്രയും സ്വത്തുക്കൾ എഴുതി കൊടുത്തതെന്നാണ് പ്രധാന സാക്ഷിയായ പ്രഭാകരൻ പിള്ള പറയുന്നത്. എന്നാൽ ഇതിനെ ക്രൂരമായ ചതിയെന്നാണ് ഉഷാ മോഹൻദാസ് പ്രതികരിച്ചത്. എന്നാൽ വരും ദിവസങ്ങളിൽ സ്വത്ത് തർക്കം കോടതിയിലേക്ക് എത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ബിന്ദുവിന്റെ നിലപാടും നിർണ്ണായകമാകും.

3 മക്കൾക്കും 2 ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഇതു ചെയ്തതെന്നും ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും പ്രഭാകരൻ നായർ അറിയിച്ചു. എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്.

കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേശ്കുമാറിനും അവകാശപ്പെട്ടതാണ്. ഈ സ്‌കൂളും വീടും ഗണേശിന് നൽകിയതാണ് പ്രശ്നത്തിന് കാരണം.