കൊച്ചി: കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന് കെസിബിസി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് കെസിബിസി കോവിഡ് ചികിത്സയ്ക്കായി സഭാ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമായി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

സഭാംഗങ്ങളായ ഡോക്ടർമാരും നഴ്സുമാരുടെയും സേവനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉറപ്പാക്കണം. രോഗവ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കുക, മാസ്‌ക്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. എല്ലാവരും വാക്സിനെടുക്കണം. അതിനായി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്നും കെസിബിസി സർക്കുലറിൽ വ്യക്തമാക്കി.

ഇതിനിടെ കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ അമിത തുക ഈടാക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് ഏകീകൃതമാക്കി സർക്കാർ ഉത്തരവിറക്കി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനറൽ വാർഡുകൾക്ക് എല്ലാ ചെലവുകളും ഉൾപ്പെടെ 2,645 രൂപ മാത്രമേ ഈടാക്കാവൂയെന്നാണ് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്. എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ പരമാവധി 2910 രൂപ വരെ ഈടാക്കാം.

എച്ച്ഡിയു നിരക്ക് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 4175, മറ്റു ആശുപത്രികളിൽ 3795 രൂപ. ഐസിയുവിന് എൻഎബിഎച്ച് ആശുപത്രികളിൽ 7,800 രൂപയും മറ്റ് ആശുപത്രികളിൽ 8580 രൂപയുമാക്കി. വെന്റിലേറ്റർ ഐസിയുവിന് എൻഎബിഎച്ച് ആശുപത്രികളിൽ 13,800, മറ്റു ആശുപത്രികളിൽ 15,180 രൂപയുമാക്കി. ജനറൽ വാർഡിൽ ഒരു ദിവസം രണ്ട് പിപിഇ കിറ്റുകളും ഐസിയുവിൽ അഞ്ചെണ്ണവും ഉപയോഗിക്കാം.