കൊൽക്കത്ത: പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉപദേശിച്ച് കോൺ​ഗ്രസ്. അരുണാചൽ പ്രദേശിലെ ജെഡിയു എംഎൽഎമാർ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ജെഡിയു നേതാവിന് മുന്നറിയിപ്പ് നൽകിയത്. 'അരുണചൽ സിൻഡ്രമിൽ' നിന്ന് രക്ഷപ്പെടാനുള്ള മറുമരുന്നായി പ്രതിപക്ഷപാർട്ടികളുമായി സഖ്യമുണ്ടാക്കുക മാത്രമാണ് നിതീഷിന് മുന്നിലുള്ള വഴിയെന്ന് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് ബിജെപിയുടെ അസമാന്യ വേട്ടയാടൽ കഴിവിനെ പരാമർശിച്ച് അധീർ രംഗത്തെത്തിയത്. 'പ്രിയപ്പെട്ട നിതീഷ് കുമാർ വടക്കു കിഴക്കൻ മേഖലയിലെ കാടുകളിലെ കുപ്രസിദ്ധി നേടിയ വേട്ടക്കാരെപ്പോലെയാണ് ബിജെപി. ഏതു സാഹചര്യങ്ങളോടും ചേർന്നു നിൽക്കുന്ന അതീവ ചാതുര്യമുള്ള വേട്ടക്കാർ' അധീർ കുറിച്ചു. അവിടെ സംഭവിച്ചതുപോലെ ബിഹാറിലും ജെഡിയു നേരി ടേണ്ടി വരും. ഇതിന് ഒരു മറുമരുന്നേയുള്ളൂ സംസ്ഥാനത്തെ പ്രതിപക്ഷവുമായി സഖ്യം സ്ഥാപിക്കുക. അല്ലെങ്കിൽ അരുണാചൽ സിൻഡ്രത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാനാവില്ലെന്നും ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ പറഞ്ഞു.

അരുണാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം ജെഡിയുവിൽ നിന്ന് ആറ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. ഇതിനെയാണ് അരുണാചൽ സിൻഡ്രം എന്ന് ചൗധരി വിശേഷിപ്പിച്ചത്. 2019ൽ 41 സീറ്റുമായി ബിജെപി അരുണാചലിൽ അധികാരത്തിൽ എത്തിയപ്പോൾ ഏഴ് എംഎൽഎമാരുള്ള ജെഡിയു ആയിരുന്നു മുഖ്യപ്രതിപക്ഷം. എന്നാൽ ഏഴിൽ ആറ് എംഎൽഎമാർ ബിജെപിയിൽ എത്തിയതോടെ ജെഡിയു ഒരു സീറ്റിലേക്ക് ഒതുങ്ങി.

രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുന്നതിന് വേണ്ടി വിളിച്ചു ചേർത്ത ജെ.ഡി.യു. ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും വിഷയം ചർച്ചയായിരുന്നു. 'അരുണാചൽപ്രദേശിൽ നിന്നുള്ള ആറ് എംഎൽഎമാർ ജെ.ഡി.യു. വിട്ട് ബിജെപി.യിൽ ചേർന്നത് ദുഃഖകരമാണ്. ഇത് സഖ്യരാഷ്ട്രീയത്തിന് നല്ല മാതൃകയല്ല.' ജെ.ഡി.യു.നേതാവ് കെ.സി.ത്യാഗി പറഞ്ഞു.