ഛണ്ഡിഗഡ്: ഡൽഹിയെ ആം ആദ്മി പാർട്ടിയുടെ ഉരുക്കുകോട്ടയാക്കി മാറ്റിയ കെജ്രിവാൾ പഞ്ചാബിനെ ഉന്നമിട്ടു നീങ്ങുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനത്തിനു വമ്പൻ വാഗ്ദാനങ്ങൾ നൽകി എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ രംഗത്തുവന്നത് ഒരുങ്ങിത്തന്നെയാണ്. 24 മണിക്കൂർ വൈദ്യുതി, ഓരോ കുടുംബത്തിനും 300 യൂണിറ്റ് സൗജന്യ വൈദ്യുതി, മുൻപുള്ള വൈദ്യുതി ബില്ലുകൾ എഴുതിത്ത്തള്ളും തുടങ്ങിയ പ്രഖ്യാപനങ്ങളാണു കേജ്രിവാൾ നടത്തിയത്. ഇത് കോൺഗ്രസ് പാളയത്തിൽ കയറിക്കളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിലയിരുത്തുന്നു.

'ഇതു കേജ്രിവാളിന്റെ വാഗ്ദാനമാണ്, ക്യാപ്റ്റന്റെ (പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്) ആണയിടൽ അല്ല. ഡൽഹിയിലേക്കു നോക്കൂ, ഞങ്ങൾ വാഗ്ദാനങ്ങൾ പാലിക്കുന്നു. ക്യാപ്റ്റന്റെ വാഗ്ദാനങ്ങൾ 5 വർഷത്തിനുശേഷവും പാലിക്കപ്പെട്ടിട്ടില്ല' ഛണ്ഡിഗഡിലെ പഞ്ചാബ് ഭവനിൽ കേജ്രിവാൾ വ്യക്തമാക്കി. എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി കിട്ടുന്നതോടെ പഞ്ചാബിലെ 77 80 ശതമാനം പേർക്കും വൈദ്യുതി ബിൽ അടയ്‌ക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിൽ എത്തിയാലുടൻ വൈദ്യുതി ബിൽ കുടിശ്ശിക എഴുതിത്ത്തള്ളാൻ നടപടിയെടുക്കും. മുഴുവൻ സമയവും വൈദ്യുതിയെന്ന വാഗ്ദാനം മൂന്നു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 2015 ൽ ഡൽഹിയിൽ വൻ വിജയം നേടിയശേഷം പഞ്ചാബിലും നേട്ടമുണ്ടാക്കാമെന്ന് ആം ആദ്മി പാർട്ടി പ്രതീക്ഷിച്ചിരുന്നു. 25 ലക്ഷം തൊഴിലവസരം, 5 രൂപയ്ക്ക് ഭക്ഷണം, സൗജന്യ വൈഫൈ, സംരംഭകത്വ പദ്ധതികൾ, വയോധികർക്കു പെൻഷൻ തുടങ്ങിയ അന്നത്തെ വാഗ്ദാനങ്ങളൊന്നും പക്ഷേ പാർട്ടിക്കു വോട്ടായില്ല. ഇക്കുറി ചിത്രം മാറുമെന്നാണ് ഇവരുടെ പക്ഷം.

അകാലിദൾ-ബിജെപി സർക്കാരിന്റെ 10 വർഷത്തെ ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77 സീറ്റോടെ കോൺഗ്രസാണ് അധികാരത്തിലേറിയത്. ആം ആദ്മിക്ക് 20 സീറ്റാണു ലഭിച്ചത്. ഇത്തവണ പാർട്ടി കൂടുതൽ ഗൃഹപാഠം ചെയ്തുവെന്നു സൂചിപ്പിച്ച കേജ്രിവാൾ, പഞ്ചാബിലുടനീളം സഞ്ചരിച്ചപ്പോൾ, വൈദ്യുതി ചെലവിൽ ജനം അതൃപ്തരാണെന്നു മനസ്സിലായെന്നു ചൂണ്ടിക്കാട്ടി. ചിലയിടത്ത് വീട്ടുചെലവിന്റെ 50 ശതമാനം വരെ വൈദ്യുതി ബിൽ അടയ്‌ക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പഞ്ചാബിൽ ഇടഞ്ഞു നിൽക്കുന്ന സിദ്ധു ആം ആദ്മിയിലേക്ക് ചേക്കേറുമോ എന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ ദിവസം സിദ്ധുവുമായുള്ള കൂടിക്കാഴ്‌ച്ചക്ക് രാഹുൽ വിസമ്മതിച്ചിരുന്നു. പഞ്ചാബ് കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധുവുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ഗാന്ധി കുടുംബവുമായി ഡൽഹിയിലെ പ്രിയങ്ക ഗാന്ധിയുടെ വസതിയിൽ ഇന്നലെ കൂടിക്കാഴ്ച നടത്തുമെന്ന നവജ്യോത് സിങ് സിദ്ധുവിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗുമായി തർക്കം തുടരുന്നതിനിടെയാണ് സിദ്ധു, രാഹുലിനെ കാണാനൊരുങ്ങിയത്.പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ മൂന്ന് ദിവസത്തെ ഡൽഹി സന്ദർശന വേളയിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചിരുന്നില്ല. പാർട്ടിയുടെ പഞ്ചാബ് യൂണിറ്റിലെ വിഭാഗീയത അവസാനിപ്പിക്കാൻ കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.കഴിഞ്ഞ ദിവസം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി യോഗം ചേർന്നിരുന്നു. യോഗത്തിൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ഷംഷർ സിങ് ധില്ലൻ എംപി പറഞ്ഞു.