ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിൽ എന്ന് റിപ്പോർട്ട്. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ചു പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണു ഡൽഹി പൊലീസ് കേജരിവാളിനെ അനധികൃത തടവിലാക്കുന്നത്. ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിലായ കാര്യമറിയിച്ചത്.

വീട്ടിനകത്തുള്ള ആരെയും പുറത്തേക്കോ പുറത്തുനിന്നുള്ളവരെ വീട്ടിനകത്തേക്കോ കയറാൻ അനുവദിക്കുന്നില്ലെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല. എന്നാൽ ഡൽഹി പൊലീസ് ആരോപണം നിഷേധിച്ചു. എന്നാൽ സുരക്ഷ കൂട്ടിയിട്ടുണ്ടെന്നും അറിയിച്ചു. കെജ്രിവാളിനെ പുറത്തിറക്കുന്നില്ലെന്നാണ് ആരോപണം.

സിംഘു അതിർത്തിയിൽ സമരം തുടരുന്ന കർഷകരെ സന്ദർശിച്ച കെജ്രിവാളിനെ ഡൽഹി പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്നാണ് ആരോപണം. 'സിംഘു അതിർത്തിയിൽ കർഷകരെ സന്ദർശിച്ചതു മുതൽ ബിജെപിയുടെ ഡൽഹി പൊലീസ് മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ല.' - എ.എ.പി. ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി കെജ്രിവാൾ ഇന്നലെ സിംഘു അതിർത്തിയിൽ കർഷകരെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്ന് എ.എ.പി. എംഎ‍ൽഎ. സൗരഭ് ഭരദ്വാജ് പറഞ്ഞു. അദ്ദേഹം തിരിച്ചെത്തിയ ശേഷം ഡൽഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള പ്രവേശനം എല്ലാ ഭാഗത്തുനിന്നും ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. അദ്ദേഹം വീട്ടുതടങ്കലിന് തുല്യമായ അവസ്ഥയിലാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

സാഹചര്യങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ഓഫീസ് ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി ആം ആദ്മി പാർട്ടി നേതൃത്വം പറഞ്ഞു. നേരത്തെ തിങ്കളാഴ്ച പ്രതിഷേധിക്കുന്ന കർഷകരെ കാണാനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാനുമായി കെജ്രിവാൾ ഡൽഹി- ഹരിയാന അതിർത്തിയിലെ സിംഘു സന്ദർശിച്ചിരുന്നു.