തിരുവനന്തപുരം: നിയമസഭയിലെ അതിക്രമ കേസിൽ ആകെ വിരണ്ട് സർക്കാർ. നാണക്കേടിന്റെ പടുകുഴിയിൽ ആയ കേസിൽ രാഷ്ട്രീയ തിരിച്ചടി അടക്കം ഉണ്ടാകുമെന്ന ആശങ്കയിലാണ് സർക്കാർ. വെളുക്കാൻ തേച്ചത് പാണ്ടായി എന്നതാണ് സർക്കാറിന്റെ ഇപ്പോഴത്തെ അവസ്ഥ. ഈ നിലയിൽ ഇനിയും കേസുമായി തുടർന്നു പോയാൽ അത് വലിയ തിരിച്ചടിയാകും സർക്കാറിന് ഉണ്ടാക്കുക. അതുകൊണ്ട് ഏതു വിധേനയും കേസ് പിൻവലിക്കാനുള്ള ശ്രമത്തിലേക്കാണ് സർക്കാർ കടക്കുന്നത്. വ്യാഴാഴ്ച കേസ് സുപ്രീംകോടതിയിൽ വീണ്ടുമെത്തുമ്പോൾ അപ്പീൽ പിൻവലിക്കാനാണ് ആലോചന.

ബജറ്റവതരണത്തിനെതിരേ അന്നത്തെ പ്രതിപക്ഷാംഗങ്ങൾ നടത്തിയ അതിക്രമം ക്ഷമിക്കാവുന്നതല്ലെന്നും എംഎ‍ൽഎ.മാർ വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു. പ്രഥമദൃഷ്ട്യാതന്നെ സംഭവത്തിൽ കർശനനടപടി എടുക്കേണ്ടതാണെന്നും സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതോടെ കേസ് തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പായി. വേഗത്തിൽ കേസ് തീർക്കണം എന്നെങ്ങാൻ നിർദ്ദേശിച്ചാൽ അത് തിരിച്ചടികാകുകയും ചെയ്യും.

ഈസാഹചര്യത്തിൽ കേസ് പിൻവലിക്കാനെടുത്ത തീരുമാനം സുപ്രീംകോടതി അംഗീകരിക്കാനിടയില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. നിയമസഭയിലെ അതിക്രമത്തെയും കേസ് പിൻവലിക്കുന്നതിനെയും കുറിച്ച് സുപ്രീംകോടതി കടുത്ത പരാമർശം നടത്തിയാൽ സർക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. പ്രത്യേകിച്ചും കേസിലെ പ്രതിയായ വി. ശിവൻകുട്ടി നിലവിൽ മന്ത്രികൂടിയായതിനാൽ. സുപ്രീംകോടതി പരാമർശം വല്ലതും നടത്തിയാൽ ശിവൻകുട്ടിക്ക് മന്ത്രിസ്ഥാനവും ഒഴിയേണ്ട അവസ്ഥ ഉണ്ടായേക്കാം. ഇതെല്ലാം സർക്കാറിന്റെ ഭയം കൂട്ടുന്നു.

കഴിഞ്ഞദിവസം അപ്പീൽ പരിഗണിച്ചപ്പോൾ അന്നത്തെ ധനമന്ത്രി അഴിമതിക്കാരനായിരുന്നെന്നും അതിനെതിരേയാണ് നിയമസഭയിൽ പ്രതിഷേധിക്കേണ്ടിവന്നതെന്നും സർക്കാരിനായി ഹാജരായ അഭിഭാഷകൻ രഞ്ജിത് കുമാർ വ്യക്തമാക്കിയിരുന്നു. ധനമന്ത്രിയുടെ വ്യക്തിത്വത്തിനല്ല, ബിൽ പാസാക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

മാണിയുടെ പേര് അഭിഭാഷകൻ കോടതിയിൽ പറഞ്ഞിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിന് സിപിഎം. മറുപടിനൽകിയത്. വിധിയിൽ മാണിയെ മന്ത്രിസ്ഥാനം പറഞ്ഞ് പരാമർശിച്ചാലും കേരള കോൺഗ്രസിന് മൗനമായിരിക്കാൻ കഴിയാത്ത സ്ഥിതിവരും. അതിനാലാണ് അപ്പീൽ പിൻവലിക്കുന്നതാണ് ഉചിതമെന്ന ചിന്ത ശക്തമായത്. അപ്പീൽ പിൻവലിക്കാൻ അപേക്ഷ നൽകിയാൽ സുപ്രീംകോടതിക്ക് അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം. അപ്പീൽ പിൻവലിച്ചാൽ പ്രതികൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നേരിടേണ്ടിവരും.

കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചില്ല. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല. ഈ കേസിൽ ഒരു കോടതിയിലും സർക്കാർ വാദങ്ങൾ അംഗീകരിക്കപ്പെടാത്തതു തന്നെയാണ് സർക്കാറിന് തിരിച്ചടിയാകുന്ന ഘടകം.