കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിലെ ഘടകകക്ഷിയായ എൽജെഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ എം വിശ്രേയാംസ് കുമാർ കൽപ്പറ്റയിൽ മത്സരിക്കും. കൂത്തൂപറമ്പിൽ മുൻ മന്ത്രി കെ.പി.മോഹനനും വടകരയിൽ മനയത്ത് ചന്ദ്രനും സ്ഥാനാർത്ഥികളാകും.

എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായതിനാൽ വിജയസാധ്യത മുൻനിർത്തിയാണ് സ്ഥാനാർത്ഥികളെ നിർണയിച്ചതെന്ന് എൽജെഡി നേതാക്കൾ പറഞ്ഞു. എൽഡിഎഫിൽ മൂന്ന് സീറ്റുകളിലാണ് എൽജെഡി മത്സരിക്കുന്നത്.

കൽപറ്റയിൽ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ പേരു മാത്രമേ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നുള്ളു. ജില്ലാകമ്മറ്റിയും മണ്ഡലം കമ്മറ്റിയും ശ്രേയാംസ്‌കുമാർ മൽസരിക്കണമെന്ന് ആവശ്യമുന്നയിച്ച് രംഗത്തെത്തിയതോടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്നു.

കൂത്തുപറമ്പിലും തർക്കങ്ങളുണ്ടായിരുന്നില്ല. കെ.പി. മോഹനന്റെ പേര് മാത്രമേ മണ്ഡലം കമ്മറ്റി നിർദ്ദേശിച്ചിട്ടുള്ളൂ. യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീണിനെ ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നു. എന്നാൽ വടകരയുടെ സ്ഥിതി അതായിരുന്നില്ല. ഒന്നിലധികം പേരുകൾ ഉയരുന്നു കേട്ടിരുന്നു. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് പുറമെ സംസ്ഥാന സെക്രട്ടറി എം.കെ. ഭാസ്‌ക്കരൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് എന്നിവരെയും പരിഗണിച്ചിരുന്നു.