തിരുവനന്തപുരം:അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കുമെന്നതിന് വിധി എഴുതാൻ ഇനി മണിക്കൂറുകൾ മാത്രം. പരസ്യപ്രചാരണത്തിന് ഇന്നലെ വൈകീട്ടോടെ കൊടിയിറങ്ങിയെ
ങ്കിലും അവസാന മണിക്കൂറുകളിലും ഓരോ വോട്ടും ഉറപ്പിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥികളും മുന്നണികളും. ആരോപണ പ്രത്യാരോപണങ്ങളുമായി പ്രചരണത്തിന്റെ ഇഅവസാന മണിക്കൂറിലും മുന്നണികൾ രംഗത്തെത്തിയിരുന്നു.നാടും നഗരവും ഇളക്കി മൂന്നാഴ്ച നീണ്ട പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ്ങ് ബൂത്തിലേക്കെത്തുന്നത്.

140 നിയമസഭാ മണ്ഡലങ്ങളിലായി 2,74,46309 വോട്ടർമാരാണ് കേരളത്തിൽ വിധിയെഴുതുക. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കുന്നത്. 40771 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 15000 ത്തോളം പോളിങ് ബൂത്തുകളാണ് അധികമായി ഒരുക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡവും ഹരിത ചട്ടവും പാലിച്ചായിരിക്കും വോട്ടെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. കോവിഡ് ബാധിതർക്കും, ക്വാറന്റീനിൽ കഴിയുന്നവർക്കും 6 മുതൽ 7 വരെ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിൽ വൈകിട്ട് ആറുവരെ മാത്രമായിരിക്കും വോട്ടെടുപ്പ്.

പോളിങ്ങ് ബൂത്തിലേക്കുള്ള സാധനസാമഗ്രികളുടെ വിതരണവും വൈകീട്ടോടെ പൂർത്തിയായി.ഓേേരാ നിയമസഭാ മണ്ഡലത്തിലും പോളിങ് സാമാഗ്രികൾ വിതരണം ചെയ്യുന്നതിന് പ്രത്യേകം കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. വോട്ടിങ് മെഷിനും വിവിപാറ്റും അടങ്ങുന്ന കിറ്റ് പ്രിസൈഡിങ് ഓഫീസർമാർ ഏറ്റുവാങ്ങി. സാനിറ്റൈസറിനും, മാസ്‌കിനും പുറമേ ഓരോ ബൂത്തിലും ഒരു പിപിഇ കിറ്റും നൽകിയിട്ടുണ്ട്. രാവിലെ 6 മണിക്ക് സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മോക് പോളിങ് നടത്തി വോട്ടിങ് മെഷിന്റെ പ്രവർത്തനം ഉറപ്പാക്കും.

പഴുതടച്ച സുരക്ഷയ്ക്ക് കേന്ദ്രസേന വരെ

പ്രശ്ന ബാധിത ബൂത്തുകളിൽ കർശന സുരക്ഷായാണ് ഏർപ്പാടാക്കുക.കേരളപൊലീസിന്റെ 59,292 ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്രസേനയും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാചുമതലയ്ക്കുണ്ട്. സംസ്ഥാനത്തെ 481 പൊലീസ് സ്റ്റേഷനുകളെ 142 തിരഞ്ഞെടുപ്പ് സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാർ നേതൃത്വം വഹിക്കും. പൊലീസിന്റെ വിവിധ പട്രോൾ സംഘങ്ങൾക്കുപുറമേ, നക്സൽബാധിത പ്രദേശങ്ങളിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, തണ്ടർബോൾട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോൺ സംവിധാനവും സുരക്ഷയ്ക്കായി ഒരുക്കുന്നുണ്ട്.

59000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇരട്ട വോട്ട് തടയാൻ ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കേന്ദ്രസേനയെ ജില്ലാ ഭരണകൂടം വിന്യസിച്ചു.
ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ വരുന്നവരെ മടക്കി അയക്കാനാണ് ജില്ലാ ഭരണകൂടം സേനയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കേന്ദ്രസേനക്കൊപ്പം പൊലീസും റവന്യു ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി ചെക്ക്പോസ്റ്റുകളിൽ ഉണ്ടാകും. സമാന്തര, വനപാതകളിലും നിരീക്ഷണം ഉണ്ടാകും. കഴിഞ്ഞ തവണ ആളുകളെ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ കമ്പംമേട്ട് ചെക്ക് പോസ്റ്റിലാണ് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.


കോവിഡ് കാലമാണ് ഇതൊക്കെ ശ്രദ്ധിക്കണം

കോവിഡുകാലത്തെ രണ്ടാം തിരഞ്ഞെടുപ്പിന് കേരളം ചൊവ്വാഴ്ച ബൂത്തിലെത്തുകയാണ്. കോവിഡാണ്, സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെ. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലിച്ച ചട്ടങ്ങളൊക്കെ ഇത്തവണയും ബൂത്തിനു പുറത്തും അകത്തുമുണ്ട്. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ബൂത്തിന്റെ കവാടത്തിൽ ഒരു ജീവനക്കാരൻ അധികമായുണ്ടാകും, ഫെസിലിറ്റേറ്റർ എന്ന പേരിൽ.തെർമൽ സ്‌കാനർ ഉപയോഗിച്ച് വോട്ടറുടെ ശരീരോഷ്മാവ് നോക്കുക, സാനിറ്റൈസർ നൽകുക തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ജോലി.കൂടാതെ, കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നോ എന്നുറപ്പാക്കാൻ ഓരോ കേന്ദ്രത്തിലും ഒരാളും ഇത്തവണയുണ്ട്.

ഇതിനുപുറമെ സമ്മതിദായകർക്കുള്ള വ്യക്തമായ നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടിടാനായി വീട്ടിൽ നിന്നിറങ്ങുന്നതു മുതൽ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം, കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടുപോകരുത്, രജിസ്റ്ററിൽ ഒപ്പിടുന്നതിനുള്ള പേന കയ്യിൽ കരുതുക, പരിചയക്കാരെ കാണുമ്പോൾ മാസ്‌ക് താഴ്‌ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്‌ത്തി സംസാരിച്ചാൽ അവരോട് മാസ്‌ക് വച്ച് സംസാരിക്കാൻ പറയുക.

പോളിങ് ബൂത്തിൽ ക്യൂവിൽ നിൽക്കുമ്പോഴും മുന്നിലും പിന്നിലും 6 അടി അകലം പാലിക്കണം, കൂട്ടംകൂടി നിൽക്കരുത്,ഒരാൾക്കും ഷേക്ക് ഹാൻഡ് നൽകാനോ ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങൾ നടത്താനോ പാടില്ല, തെർമൽ സ്‌കാനറിൽ ഉയർന്ന താപനില രേഖപ്പെടുത്തുന്നവരെ വീണ്ടും പരിശോധിക്കും. അപ്പോഴും ഉയർന്ന താപനില കണ്ടാൽ അവർക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം, കോവിഡ് രോഗികളും കോവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളൂ.

പനി, തുമ്മൽ, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ മാത്രം വോട്ട് ചെയ്യാൻ പോകുക.അവർ ആൾക്കൂട്ടത്തിൽ പോകരുത്, മറ്റ് ഗുരുതര രോഗമുള്ളവർ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്, വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം, .

പോളിങ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്, അടച്ചിട്ട മുറികളിൽ വ്യാപന സാധ്യത കൂടുതലായതിനാൽ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും വോട്ടർമാരും അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റുക, വോട്ട് ചെയ്തശേഷം ഉടൻ തന്നെ തിരിച്ച് പോകുക, വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.