കോഴിക്കോട്: തിരുവമ്പാടി സീറ്റ് സി പി ജോണിനായി വിട്ടുകൊടുക്കണമെന്ന കോൺ​ഗ്രസ് നിർദ്ദേശം നിലനിൽക്കെ, താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറുമാണ് താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ചത്.

തിരുവമ്പാടിയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് പിന്തുണ തേടിയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കഴിഞ്ഞ തവണ തിരുവമ്പാടിയിൽ ലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. കത്തോലിക്കാ സഭയുടെ അതൃപ്തിയാണ് പരാജയത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തൽ. ഈ അതൃപ്തി നീക്കുകയാണ് ലീഗിന്റെ ലക്ഷ്യം. ഇത്തവണ തിരുവമ്പാടി സീറ്റ് സി പി ജോണിനായി വിട്ടുനൽകണമെന്ന് കോൺഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. സാമുദായിക സമവാക്യങ്ങൾ മുൻനിർത്തിയായിരുന്നു കോൺഗ്രസിന്റെ ആവശ്യം.കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന നിലപാട് സഭ ആവർത്തിച്ചാൽ ലീഗിന് പിന്മാറേണ്ടി വരും.

മുസ്ലിം ലീഗ് തുടർച്ചയായി മൽസരിച്ചുവരുന്ന തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം താമരശേരി രൂപത കോൺഗ്രസ് നേതാക്കൾക്കു മുന്നിൽ ഉന്നയിക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി. 2016ൽ സഭ ഈ ആവശ്യം കൂടുതൽ ശക്തമായി ഉന്നയിച്ചെങ്കിലും അവസാനം ലീഗിലെ ഉമ്മർ മാസ്റ്റർ സ്ഥാനാർത്ഥിയായെത്തി. ഫലം യുഡിഎഫിന് 3008 വോട്ടുകളുടെ തോൽവിയായിരുന്നു.

തിരുവമ്പാടി വിട്ടുനൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ്. തിരുവമ്പാടി ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് മിന്നുന്ന വിജയം സമ്മാനിച്ചതിന് പിന്നിലെ ലീഗ് പ്രവർത്തകരുടെ അധ്വാനം നന്നായറിയുന്ന കോൺഗ്രസ് നേതൃത്വം ലീഗിനെ സമ്മർദ്ദത്തിലാക്കാനുമില്ല. സാധ്യത പട്ടികയിലുള്ള ലീഗ് നേതാക്കൾ സജീവമായി രംഗത്തുണ്ട്.

മണ്ഡല രൂപീകരണം മുതൽ പതിറ്റാണ്ടുകളോളം യു.ഡി.എഫ് മാത്രം വിജയിച്ചിരുന്ന തിരുവമ്പാടിയിൽ 2006ലെ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ മായിൻ ഹാജിയെ തോൽപ്പിച്ചുകൊണ്ട് മത്തായി ചാക്കോ വിജയിച്ചതിലൂടെയാണ് മണ്ഡലം ആദ്യമായി എൽ.ഡി.എഫ് നേടുന്നത്. എന്നാൽ സത്യപ്രതിജ്ഞ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ മത്തായി ചാക്കോ മരണപ്പെട്ടു. തുടർന്നുവന്ന ഉപതെരഞ്ഞെടുപ്പ് കേരളം മുഴുവൻ ഉറ്റുനോക്കിയതായിരുന്നു.

ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച വി എം ഉമ്മറിനെ പരാജയപ്പെടുത്തി എൽ.ഡി.എഫിന്റെ ജോർജ് എം. തോമസ് വിജയിക്കുകയായിരുന്നു. തുടർന്ന് 2011ൽ വീണ്ടും ജോർജ് എം. തോമസ് മത്സരിച്ചെങ്കിലും യു.ഡി.എഫിന്റെ സി. മോയിൻകുട്ടിയോട് പരാജയപ്പെട്ടു. 2016ൽ വീണ്ടും വി എം ഉമ്മറും ജോർജ് എം. തോമസും തമ്മിൽ തന്നെയായി മത്സരം. വിജയം ജോർജ് എം. തോമസിനും.

ഒരു ഉപതെരഞ്ഞെടുപ്പിലടക്കം മൂന്ന് തവണ മാത്രമാണ് മണ്ഡലത്തിൽ ഇതുവരെ എൽ.ഡി.എഫ് വിജയിച്ചിട്ടുള്ളത്. മണ്ഡലത്തിന്റെ പൊതുസ്വഭാവവും ചരിത്രവും പരിശോധിച്ചാൽ യു.ഡി.എഫ് അനുകൂല മണ്ഡലം ആണെന്ന് തന്നെ പറയാം.

തുടക്കകാലത്ത് കോൺഗ്രസ് മത്സരിച്ചിരുന്ന മണ്ഡലത്തിൽ 1991 മുതലാണ് മുസ്‌ലിം ലീഗ് മത്സരിക്കുന്നത്. 1977ൽ നടന്ന മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സിറിയക് ജോൺ മത്സരിച്ച് വിജയിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നത് അന്ന് അഖിലേന്ത്യാ ലീഗ് നേതാവും മുസ്ലിം ലീഗ് വിമതനുമായിരുന്ന ഇപ്പോഴത്തെ മുസ്‌ലിം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീർ ആയിരുന്നു.

1987 തെരഞ്ഞെടുപ്പിൽ മത്തായി ചാക്കോയെ പരാജയപ്പെടുത്തി കോൺഗ്രസ് നേതാവ് പി.പി ജോർജ് വിജയിച്ചു. 1991 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ലീഗ് നേതാവ് എ.വി അബ്ദുറഹ്മാൻ ഹാജി മത്സരിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയത് അതിനകം എൻ.സി.പിയിലൂടെ ഇടതുപാളയത്തിലെത്തിയ മണ്ഡലത്തിലെ മുൻ എംഎ‍ൽഎ സിറിയക് ജോൺ തന്നെയായിരുന്നു. 1991ലും 1996ലും തുടർച്ചയായി സിറിയക് ജോണിനെ പരാജയപ്പെടുത്തി എ.വി അബ്ദുറഹ്മാൻ ഹാജി എംഎ‍ൽഎ ആയി. 2001ൽ സി.മോയിൻ കുട്ടി വിജയിച്ചപ്പോഴും പരാജയപ്പെട്ടത് സിറിയക് ജോൺ തന്നെയായിരുന്നു.