തിരുവനന്തപുരം: പി എസ് സിയെ നോക്കുകുത്തിയാക്കി കേരളാ ബാങ്കിലും പിൻവാതിൽ നിയമനത്തിന് കളമൊരുക്കി ഇടത് സർക്കാർ. സർക്കാർ സ്ഥാപനങ്ങളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമായിരിക്കെയാണ് കേരളാ ബാങ്കിൽ 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി പിണറായി സർക്കാർ മുന്നോട്ട് പോകുന്നത്. സഹകരണ ബാങ്കുകളുടെ ബ്രാഞ്ചുകളിലും ഓഫീസുകളിലും താത്കാലികക്കാരായി വർഷങ്ങളായി ജോലിചെയ്യുന്നവരുടെ തസ്തികതിരിച്ചുള്ള പട്ടികയാണു തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ഭരണസമിതി യോഗത്തിൽ പട്ടിക അവതരിപ്പിച്ചു. നിയമനാംഗീകാരത്തിനായി ഇത് സഹകരണവകുപ്പിന് കൈമാറും. സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തസ്തികനിർണയം പൂർത്തിയാക്കി ഇവർക്ക് സ്ഥിരനിയമനം നൽകാനാണ് നീക്കം.

മുമ്പ് സഹകരണ ബാങ്ക് ആയിരുന്നപ്പോൾ പി.എസ്.സി. വഴി നിയമനം നടത്തിയ തസ്തികകളാണ് സ്ഥിരപ്പെടുത്തലിന്റെ കൂട്ടത്തിലുള്ളത്. കേരളാ ബാങ്കിന്റെ പേര് പറഞ്ഞ് പി എസ് സി നിയമനങ്ങൾക്ക് അപ്രഖ്യാപിത നിരോധനം ഏർപ്പെടുത്തിയ ഇടത് സർക്കാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സ്വന്തക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുന്നത്. സ്ഥിരപ്പെടുത്തൽ സംബന്ധിച്ച തീരുമാനത്തിന് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണ സമിതി നേരത്തെ അംഗീകാരം നൽകിയിരുന്നു. 1850 പേരുടെ പട്ടികയും ഇതിൽ ഉൾപ്പടുന്ന പത്ത് വർഷം പൂർത്തിയാക്കിയ 852 പേരുടെ പട്ടികയും പ്രത്യേകം തയ്യാറാക്കിയിരുന്നു. ഈ പട്ടിക ഉൾപ്പെട്ട ഫയൽ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്.

പാർട്ട് ടൈം സ്വീപ്പർ മുതൽ ജനറൽ മാനേജർ വരെയുള്ള തസ്തികകളിലേക്കാണ് സ്ഥിരനിയമനം നൽകുന്നത്. ഇതിൽ കളക്ഷൻ ഏജന്റുമാർ, പാർട്ട് ടൈം സ്വീപ്പർമാർ ഒഴികയുള്ള തസ്തികകളിലെല്ലാം നേരത്തെ പി എസ് സി വഴി നിയമനം നടത്തിയിരുന്നതാണ്. കേരളാ ബാങ്കിൽ നിലവിലുള്ള ഒഴിവുകൾ പോലും പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാതിരുന്ന ഇടതുപക്ഷ സർക്കാരിനെതിരെ ജി്ല്ലാ ബ്ാങ്ക് ക്ലർക്ക് - ക്യാഷ്യർ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് പിൻവാതിൽ നിയമനത്തിന് കളമൊരുക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന ഇടക്കാല വിധി നേടിയെങ്കിലും ജില്ലാ ബാങ്കുകൾ കാലഹരണപ്പെട്ടെന്നും നിയമനം നടത്താൻ നിർവാഹമില്ലെന്നുമാണ് സഹകരണ വകുപ്പ് പറയുന്നത്.

ജില്ലാ ബാങ്കുകളെയാണ് കേരള ബാങ്കുകളായി പേര് മാറ്റം വരുത്തിയിരിക്കുന്നത്. സ്വാഭാവികമായും ജില്ലാ ബാങ്കുകൾ കേരള ബാങ്കുകളായി മാറുമ്പോൾ ജില്ലാ ബാങ്കുകളിലെ സ്ഥിരം ജീവനക്കാർ കേരള ബാങ്കിന്റെ സ്ഥിരം ജീവനക്കാരും ജില്ലാ ബാങ്കുകളിലെ താത്ക്കാലിക ജീവനക്കാർ കേരള ബാങ്കിന്റെ താത്ക്കാലിക ജീവനക്കാരുമായി രൂപമാറ്റം സംഭവിച്ചു. അതേസമയം, ജില്ലാ ബാങ്കുകളുടെ റാങ്കു ലിസ്റ്റുകളെ അത്തരത്തിൽ അം​ഗീകരിക്കാൻ അടതു സർക്കാർ തയ്യാറാകുന്നുമില്ല. കേരള ബാങ്ക് രൂപവത്കരിക്കുന്നതിന്റെ പേരിൽ 7000 പേരുടെ റാങ്ക് പട്ടികയാണ് മരവിപ്പിച്ചത്. ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല. അവിടെയാണ് നിയമനച്ചട്ടംപോലും അംഗീകരിക്കുന്നതിന് മുമ്പ് 1850 പേരെ പി.എസ്.സി. വഴിയല്ലാതെ നിയമിക്കുന്നത്.

അതേസമയം, കേരള ബാങ്കിലെ, അതായത് പഴയ ജില്ലാ സഹകരണ ബാങ്കുകളിലെ പ്യൂണും കളക്ഷൻ ഏജന്റും വരെയുള്ള 1850 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള കേരള ബാങ്കിന്റെ ശുപാർശ സർക്കാരിന്റെ പരി​ഗണനയിലാണ്. നാളെ നടക്കുന്ന മന്ത്രിസഭയിൽ ഇതിന് അം​ഗീകാരം നൽകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ലാസ്റ്റ് ​ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന സമയത്താണ് ലാസ്റ്റ് ​ഗ്രേഡ് ജീവനക്കാരെ ഉൾപ്പെടെയുള്ള സിപിഎമ്മുകാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം. മാനുഷിക പരി​ഗണന എന്ന പേരിലാണ് സംസ്ഥാനത്തെ ഇടത് സർക്കാർ സ്വന്തം പാർട്ടിക്കാരെ സർക്കാർ ജീവനക്കാരാക്കി പരിവർത്തനം ചെയ്യുന്നത്,

ഔദാര്യം പോലെ അവകാശ വാദം

തൊഴിലവസരം സൃഷ്ടിക്കുകയും പി.എസ്.സി. നിയമനം കാര്യക്ഷമമാക്കുകയും ചെയ്ത സർക്കാരാണിതെന്നാണ് എസംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. 2020 ഡിസംബർ 31 വരെ 1,51,513 പേർക്ക് പി.എസ്.സി. അഡ്വൈസ് മെമോ നൽകി. സ്റ്റാർട്ടപ്പുകളിലൂടെ 30,000 പേർക്ക് തൊഴിലവസരമുണ്ടാക്കി. ചെറുകിട ഇടത്തരം സംരംഭങ്ങളിലൂടെ 82,000 പേർക്ക് തൊഴിൽലഭിച്ചു. 100 ദിന കർമപരിപാടി പ്രഖ്യാപിച്ച് 1,16,440 തൊഴിലവസരം തീർത്തു. ഇതാണ് അവകാശവാദം. തങ്ങളുടെ കാലത്ത് 1,54,355 പേർക്ക് അഡ്വൈസ് മെമോ നൽകിയെന്നാണ് യു.ഡി.എഫ്. അവകാശപ്പെടുന്നത്. സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളും തുടങ്ങാൻ ഭൗതികസാഹചര്യം ഒരുക്കുന്നത് സർക്കാരിന്റെ കടമയാണ്. അതിലൂടെ ജീവിക്കുന്നവരുടെ കണക്കെടുത്ത് സർക്കാർ ജോലികൊടുത്തുവെന്ന് അവകാശപ്പെടുന്നത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്നാണ് വിമർശനം.

മാനുഷിക പരി​ഗണന എന്ന ഓമനപ്പേരും

പിൻവാതിൽ നിയമനങ്ങളെ ജീവകാരുണ്യ പ്രവർത്തനമെന്ന ഓമനപ്പേരിലാണ് സിപിഎം നേതാക്കൾ വിളിക്കുന്നത്. 10 വർഷം ജോലി ചെയ്തവരെ പിരിച്ചുവിടാനാകില്ല. അവരെ സ്ഥിരപ്പെടുത്തുകയാണ് വേണ്ടതെന്ന് മന്ത്രി ഇ.പി.ജയരാജൻ വ്യക്തമാക്കി. അത്ജീ വകാര്യണ്യ പ്രവർത്തനമാണെന്നും മന്ത്രി പറഞ്ഞു. പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിരിക്കുകയാണ്. എല്ലാവർക്കും ജോലി നൽകുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'10 ഉം 20 ഉം വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്തവരെ പിരിച്ചുവിടാൻ പറ്റുമോ....ഒരു ജീവകാരുണ്യ പ്രവർത്തനമാണത്. ആ പോസ്റ്റുകളൊന്നും പി.എസ്.സി തസ്തികകളല്ല. ഇവരെ സ്ഥിരപ്പെടുത്തുക എന്നുള്ളതല്ലാതെ മറ്റൊരു നടപടിയും ആർക്കും സ്വീകരിക്കാനാവില്ല. അതുകൊണ്ട് അവരുടെ കുടുംബം സുരക്ഷിതമാക്കി ആ കുടുംബങ്ങളെങ്കിലും മര്യാദക്ക് കഴിയട്ടെ. അതിനെ നശിപ്പിക്കാൻ പുറപ്പെടരുത്. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു പാർട്ടിക്കും അതിനെ എതിർക്കാൻ സാധിക്കില്ല' ഇ.പി.ജയരാജൻ പറഞ്ഞു.