കൊച്ചി: ബിജെപിയിൽ ഉടൻ അഴിച്ചു പണിയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയും കുഴൽപ്പണ വിവാദവുമാണ് ഇതിന് കാരണം. കടുത്ത നടപടികളിലേക്കു ബിജെപി ദേശീയ നേതൃത്വം നീങ്ങുന്നതായി സൂചന.

നിയമസഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ തോൽവി കേന്ദ്ര നേതൃത്വത്തെ പോലും ഞെട്ടിച്ചിരുന്നു. വോട്ടുചോർച്ചാ വിവാദവുമുണ്ടാക്കിയ നാണക്കേടിനു പിന്നാലെ കുഴൽപണ ഇടപാടും കൈക്കൂലിയുമടക്കമുള്ള ആരോപണങ്ങളും ബിജെപിക്ക് നാണക്കേടായി. ഇതിനെ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമടക്കമുള്ള നേതാക്കൾ കാണുന്നത്. സംസ്ഥാനത്തെ സംഘടനാച്ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണൻ ഈ വിഷയത്തിൽ ഉടൻ റിപ്പോർട്ട് നൽകും. ഇവ പരിശോധിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പുനഃസംഘടനയുണ്ടാകുമെന്നാണ് സൂചന.

പ്രഭാരിക്കു പൂർണ സംഘടനാച്ചുമതല നൽകുന്നതടക്കം പരിഗണനയിലുണ്ട്. സംസ്ഥാനത്തെ സംഘടനാ സെക്രട്ടറിയടക്കം കുഴൽപണ ഇടപാടിൽ ചോദ്യം ചെയ്യപ്പെട്ടതോടെ ഗ്രൂപ്പ് പോരും സജീവമായി. കെ സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇത് പരിഗണിച്ചാകും തീരുമാനങ്ങൾ. പ്രതിഛായയ്ക്കുണ്ടാക്കിയ മങ്ങൽ മറികടക്കാൻ അടിയന്തര നടപടികളെടുക്കാൻ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടൻ തന്നെ സംസ്ഥാന ഭാരവാഹി യോഗം വിളിച്ചു ചേർക്കാനും കാര്യങ്ങൾ വിശദീകരിക്കാനും നിർദ്ദേശമുണ്ടെന്നറിയുന്നു. പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.

കേരളത്തിൽ പാർട്ടിയുടെ സാധ്യതകളെ ദോഷകരമായി ബാധിക്കുന്നതാണ് വിവാദമെന്നു ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതു പരിഹരിക്കാനുള്ള നടപടികളുണ്ടാകുമെന്നാണ് അവർ നൽകുന്ന സൂചന. കാര്യങ്ങൾ ദേശീയ നേതൃത്വം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ദേശീയ നേതൃത്വം ഇടപെടേണ്ട സമയത്ത് വേണ്ട നടപടികളുണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം നൽകുന്ന സൂചന. കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴി എടുക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്.

ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ മൊഴി എടുക്കുക. എന്നാകും സുരേന്ദ്രനെ അന്വേഷണ സംഘം വിളിച്ച് വരുത്തുകയെന്ന് തീരുമാനിച്ചിട്ടില്ല. സുരേന്ദ്രന്റെ മൊഴി എടുക്കും മുമ്പ് ബിജെപിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കും. ചില മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെയും ചോദ്യം ചെയ്‌തേക്കും.

മൂന്നരക്കോടി വരുന്ന വിവരം പല ബിജെപി നേതാക്കൾക്കും അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് പല ബിജെപി നേതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ പല നേതാക്കളുടെയും മൊഴി പൊരുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തൽ. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.