ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ നൽകിയ സൂട്ട് ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് എട്ട് ആഴ്ചത്തെ സമയം സുപ്രീംകോടതി നൽകി. കേരളം നൽകിയ ഹർജിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ എതിർകക്ഷിയാക്കി.

ആദ്യം നിയമമന്ത്രാലയത്തെ എതിർ കക്ഷിയാക്കിയായിരുന്നു കേരളം ഹർജി നൽകിയിരുന്നത്. നിയമന്ത്രാലയത്തിന് പകരം ആഭ്യന്തര മന്ത്രാലയത്തെ എതിർ കക്ഷിയാക്കി ഹർജിയിൽ തിരുത്തൽ വരുത്തുകയായിരുന്നു. ഇതും കോടതി അംഗീകരിച്ചു.

കേന്ദ്ര സർക്കാർ മറുപടി നൽകുന്നതോടെ കേരളത്തിന്റെ സൂട്ട് ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് കേരളത്തിന്റെ വാദം.