കോട്ടയം: വളരും തോറും പിളരുന്ന പാർട്ടി എന്നാണ് കേരളാ കോൺഗ്രസിനെ കുറിച്ച് കെ എം മാണി പറയാറ്. അദ്ദേഹത്തിന്റെ തിയറി ശരിവെക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ ഇപ്പോഴത്തെയും പോക്ക്. ജോസഫ്-ജോസ് വിഭാഗങ്ങൾ ഇരു മുന്നണികളിലുമായി നിലകൊണ്ട് മത്സരിച്ചപ്പോൾ പരിശോധിച്ചാൽ ഇരുകൂട്ടർക്കും നേട്ടമായി എന്നു പറയുന്നതാകും ഒരു പരിധി വരെ ശരി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരുമിച്ചു നിന്ന് കിട്ടിയതിലും കൂടുതൽ സീറ്റുകളാണ് ഇക്കുറി അവർക്ക് മത്സരിച്ചപ്പോൾ ലഭിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടിയതോടെ തങ്ങളുടെ രാഷ്ട്രീയ തീരുമാനം ശരിയെന്നു തെളിഞ്ഞുവെന്നാണ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറയുന്നത്. വർഷങ്ങൾക്കു ശേഷം കോട്ടയത്ത് എൽഡിഎഫ് മികച്ച വിജയം നേടിയതു തങ്ങളുടെ പിന്തുണ കൊണ്ടാണ്. അര നൂറ്റാണ്ടിനു ശേഷം പാലാ നഗരസഭയിൽ എൽഡിഎഫിനു ഭരണവും കിട്ടി ജോസ് വിഭാഗം പറയുന്നു. അതേസമയം യുഡിഎഫ് വിട്ടതു കേരള കോൺഗ്രസിന് (എം) നഷ്ടമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ മറുവാദം. പാലാ മേഖലയിൽ ഗ്രാമപ്പഞ്ചായത്തുകളിലെ കേരള കോൺഗ്രസ് അംഗങ്ങളുടെ എണ്ണം കുറഞ്ഞുവെന്നും കോൺഗ്രസ് പറയുന്നു.

2015 ൽ മാണി, ജോസഫ് വിഭാഗങ്ങൾ ഒരുമിച്ചു നിന്നപ്പോൾ കേരള കോൺഗ്രസിന് (എം) കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 217 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ഇക്കുറി ജോസ് വിഭാഗത്തിന് 219 പേരെ വിജയിപ്പിക്കാനായി. അതേസമയം കേരള കോൺഗ്രസ് (ജോസഫ് ) വിഭാഗത്തിന് ജില്ലയിൽ 99 സീറ്റുകളാണു കിട്ടിയത്. ചുരുക്കി പറഞ്ഞാൽ കോട്ടയത്ത് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ കേരളാ കോൺഗ്രസിന് സാധിച്ചു.

അതേസമയം 2015 ൽ പാലായിൽ കേരള കോൺഗ്രസി (എം)ന്റെ 75 അംഗങ്ങൾ ജയിച്ചു. 2020 ൽ ജോസ് കെ മാണി വിഭാഗത്തിലെ 44 പേരും ജോസഫ് വിഭാഗത്തിലെ 17 പേരും ജയിച്ചു. പാലാ നഗരസഭയിൽ 2015 ൽ 17 പേർ ജയിച്ചപ്പോൾ ഇക്കുറി ജോസ് വിഭാഗത്തിലെ 10 പേർ മാത്രമായത് ജോസിന് ക്ഷീണമായി. 2015 ൽ കേരള കോൺഗ്രസ് ഒപ്പം നിന്നപ്പോൾ പാലാ നഗരസഭയിലും 9 പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം നേടിയെന്നതും തിരിച്ചടിയായി.

അതേസമയം മൂന്നിടത്തു മാത്രം എൽഡിഎഫ്. ഇത്തവണ കേരള കോൺഗ്രസ്(എം) ചേർന്നപ്പോൾ എൽഡിഎഫിന് ലഭിച്ചത് പാലാ നഗരസഭയിലും 5 പഞ്ചായത്തുകളിലും ഭരണം. യുഡിഎഫ് നാലു പഞ്ചായത്തിൽ ഭരണത്തിലെത്തി. മൂന്നു പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല.

മോൻസിന്റെ കോട്ട തകർത്ത് ജോസ്

അതേസമയം മോൻസ് ജോസഫിന്റെ കോട്ട തകർക്കുകയാണ് ജോസ് വിഭാഗം ചെയ്തത്. കടുത്തുരുത്തി മണ്ഡലത്തിലെ പഞ്ചായത്തുകളിൽ 2015 ൽ കേരള കോൺഗ്രസിന് ലഭിച്ചത് 58 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളാണ്. ഇത്തവണ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് 52 വാർഡുകളിലും ജോസഫ് വിഭാഗത്തിന് 14 വാർഡുകളിലും വിജയിക്കാനായി. 2015 ൽ 8 പഞ്ചായത്തുകൾ യുഡിഎഫ് ഭരിച്ചു. 3 പഞ്ചായത്തുകൾ എൽഡിഎഫും. ഇത്തവണ കേരള കോൺഗ്രസ് (എം) കൂടെ എത്തിയപ്പോൾ എൽഡിഎഫ് 6 പഞ്ചായത്തുകളിൽ ഭരണം ഉറപ്പിച്ചു. നാലിടത്ത് യുഡിഎഫിന് മേൽക്കൈ. കിടങ്ങൂരിൽ യുഡിഎഫിനും എൽഡിഎഫിനും ബിജെപിക്കും ഭൂരിപക്ഷമില്ല.

ഏറ്റുമാനൂരിൽ കേരള കോൺഗ്രസിന് (എം) നഷ്ടമാണ്. ജോസഫ് വിഭാഗം നേട്ടമുണ്ടാക്കി. 2015 ൽ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ 21 സീറ്റുകളാണ് കേരള കോൺഗ്രസി(എം)ന് ലഭിച്ചത്. 2020 ൽ ജോസ് വിഭാഗത്തിന് 8 സീറ്റുകളും ജോസഫ് വിഭാഗത്തിന് 9 സീറ്റുകളും ലഭിച്ചു. 2015 ൽ ഏറ്റുമാനൂർ നഗരസഭയും 3 പഞ്ചായത്തുകളും യുഡിഎഫ് ഭരിച്ചു. 3 പഞ്ചായത്തുകൾ എൽഡിഎഫും. ഇക്കുറി ഏറ്റുമാനൂർ നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. 4 പഞ്ചായത്തുകൾ എൽഡിഎഫിനു ലഭിച്ചു. യുഡിഎഫിന് ലഭിച്ചത് രണ്ടു പഞ്ചായത്തുകൾ.

ഇടുക്കി തങ്ങൾക്ക് നേട്ടമെന്ന് ജോസഫ് വിഭാഗം

അതേസമയം ഇടുക്കി ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഗണ്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി ജോസഫ് വെളിപ്പെടുത്തുന്നു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോസ് വിഭാഗത്തേക്കാൾ ഇരട്ടിയോളം സീറ്റുകൾ പാർട്ടി നേടി. തൊടുപുഴ, ഇടുക്കി അസംബ്ലി നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ പാർട്ടി നിർണായക വിജയം നേടിയിട്ടുണ്ട്. പഞ്ചായത്തുകളിൽ ജോസഫ് വിഭാഗത്തിന് 84 സീറ്റുകളും ബ്ലോക്ക് പഞ്ചായത്തിൽ 12 സീറ്റുകളിലും വിജയിച്ചപ്പോൾ ജോസ് വിഭാഗത്തിന് പഞ്ചായത്തിൽ 47 സീറ്റുകളും ബ്ലോക്ക് പഞ്ചായത്തിൽ ആറു സീറ്റുകളും മാത്രമാണ് ലഭിച്ചത്.

ജില്ലാ പഞ്ചായത്തിൽ അഞ്ചിൽ നാലു സീറ്റുകൾ ലഭിച്ചപ്പോൾ ജോസ് വിഭാഗങ്ങൾക്ക് ഒരു സീറ്റും മാത്രമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ തൊടുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. ഇടുക്കി അസംബ്ലി മണ്ഡലത്തിൽ കുടയത്തൂർ, വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും യുഡിഎഫ്‌നാണ് ഭൂരിപക്ഷം. പോസ്റ്റൽ വോട്ടുകളും കോവിഡ് വോട്ടുകളും സർക്കാർ ദുർവിനിയോഗം ചെയ്തതായി ജേക്കബ് ആരോപിച്ചു.

അതേസമയം തങ്ങൾ എൽഡിഎഫ് മുന്നണിയിൽ എത്തിയതോടെ ഇടുക്കി ജില്ലയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയെഴുതിയെന്ന് കേരള കോൺഗ്രസ്(എം) വിഭാഗം പറയുന്നത്. പരമ്പരാഗത യുഡിഎഫ് കോട്ടകൾ പലതും എൽഡിഎഫ് ഭരണത്തിലെത്തി. ചില കുത്തക പഞ്ചായത്തുകളിൽ പോലും യുഡിഎഫ് ഭരണം ത്രിശങ്കുവിലായി. ഇടുക്കി ജില്ലാ പഞ്ചായത്ത് 20 വർഷങ്ങൾക്ക് ശേഷം എൽഡിഎഫ് ഭരണത്തിലെത്തുന്നത് വലിയ രാഷ്ട്രീയ മുന്നേറ്റമാണ്. കേരള കോൺഗ്രസ് (എം) മുന്നണി വിട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വലിയ നഷ്ടമാണ് യുഡിഎഫിനുണ്ടായതെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.