തിരുവനന്തപുരം: കേരളാ കോൺഗ്രസിലെ ജോസ് കെ മാണി നയിക്കുന്ന വിഭാഗം ഇപ്പോൾ ഏതു മുന്നണിയിലാണെന്ന് ആർക്കും പിടിയില്ലാത്ത അവസ്ഥയിലാണ്. ജോസ വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയെന്ന് പറഞ്ഞത് മുന്നണി കൺവീനർ ബെന്നി ബഹനാൻ ആണ്. ഇതേ ബെന്നി തന്നെയാണ് ഇപ്പോൾ അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫിനെതിരെ വോട്ടു ചെയ്തില്ലെങ്കിൽ വീണ്ടും യുഡിഎഫിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഈ ഭീഷണിയെ പരിഹസിച്ചു തള്ളുകയാണ് ജോസ് കെ മാണി വിഭാഗം.

അതേസമയം പരസ്പ്പരം വിപ്പുകൾ നൽകി കൊണ്ട് രാഷ്ട്രീയ നാടകങ്ങൾ ഇന്നലെ വൈകുന്നേരം വരെയും തുടരുകയായിരുന്നു തലസ്ഥാനത്ത്. ഈ നാടകങ്ങളുടെ ബാക്കിപത്രത്തിൽ ആർക്കാകും നേട്ടമെന്നാണ് ഇനി അറിയേണ്ടത്. എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പു നടക്കുകയാണ്. നിയമസഭ മന്ദിരത്തിലെ പാർലമെന്ററി സ്റ്റഡീസ് മുറിയിൽ രാവിലെ പത്തു മണി മുതലാവും വോട്ടെടുപ്പ്. ഇടതുമുന്നണിക്ക് വേണ്ടി എൽജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ലാൽ വർഗീസ് കൽപകവാടിയും മത്സരിക്കും.

ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെങ്കിലും കേരള കോൺഗ്രസ് എമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളാണ് ഇന്നത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ജോസ് പക്ഷവും , യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് വിഭാഗവും വിപ്പ് നൽകിയിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പീക്കറുടെ തീരുമാനം നിർണായകമാകും. യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കിൽ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കൺവീനർ ബെന്നി ബെഹന്നാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇന്നലെ തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ പി.ജെ.ജോസഫിന്റെ മുറിയുടെ വാതിലിൽ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം വിപ്പിന്റെ പകർപ്പ് പതിച്ചിരുന്നു. സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിൽ വിട്ടുനിൽക്കാനുള്ള നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം. ജോസഫ് വിഭാഗം എംഎൽഎമാരുടെ മുറിയുടെ വാതിലിൽ വിപ്പിന്റെ പകർപ്പ് ജോസ് വിഭാഗം പതിപ്പിച്ചു. അവിശ്വാസ ചർച്ചയിലും വോട്ടെടുപ്പിലും വിട്ടുനിൽക്കണമെന്ന നിർദ്ദേശം അടങ്ങിയ വിപ്പിന്റെ പകർപ്പ് എംഎൽഎ ഹോസ്റ്റലിലെ മുറികളുടെ വാതിലിലാണു പതിച്ചത്. നേരത്തേ ഇ മെയിൽ വഴിയും സ്പീഡ് പോസ്റ്റ് വഴിയും വിപ് നൽകിയിരുന്നു

അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയ വോട്ടെടുപ്പിലും ധനാഭ്യർഥന ചർച്ചയിലും സ്വതന്ത്ര രാഷ്ട്രീയ നിലപാട് എന്ന പാർട്ടി തീരുമാനത്തിന്റെ ഭാഗമായി എംഎൽഎമാർ വിട്ടുനിൽക്കുമെന്നു കേരള കോൺഗ്രസ് എം (ജോസ് വിഭാഗം) ചെയർമാൻ ജോസ് കെ.മാണി എംപി ആവർത്തിച്ചു. ഒരിക്കൽ പുറത്താക്കിയ പാർട്ടിയെ ഇനിയും യുഡിഎഫിൽ നിന്നു പുറത്താക്കും എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജോസ് കെ.മാണി ചോദിച്ചു.

കേവലം ഒരു തദ്ദേശ സ്ഥാപന പദവിയുടെ പേരിൽ കെ.എം.മാണിയുടെ പ്രസ്ഥാനത്തെ പുറത്താക്കിയത് കടുത്ത അനീതിയാണെന്ന വികാരം യുഡിഎഫ് കേന്ദ്രങ്ങളിൽനിന്നു പോലും ഉയർന്നിരുന്നു. ഇതിൽനിന്നു രക്ഷപ്പെടാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുമായി, അവിശ്വാസപ്രമേയവും രാജ്യസഭാ തിരഞ്ഞെടുപ്പും കാരണമാണ് പുറത്താക്കുന്നത് എന്നു വരുത്തിത്തീർക്കാനുള്ള നാടകമാണ് ഇപ്പോൾ നടക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.വിപ്പ് നൽകാനുള്ള അധികാരം തനിക്കു മാത്രമാണെന്നു റോഷി അഗസ്റ്റിൻ എംഎൽഎയും ആവർത്തിച്ചു.

കെ.എം.മാണിയുടെ നിര്യാണത്തിനു ശേഷം ജോസഫ് വിഭാഗം ഏകപക്ഷീയമായി യോഗം ചേർന്നു റോഷി അഗസ്റ്റിന്റെ വിപ്പ് സ്ഥാനം എടുത്തുകളഞ്ഞ നടപടി നിലനിൽക്കില്ലെന്ന് എൻ.ജയരാജ് എംഎൽഎ പറഞ്ഞു. മുന്നണിയിൽനിന്നു പുറത്താക്കിയ കാര്യം യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ മാധ്യമങ്ങളിലൂടെ പറഞ്ഞതാണ്. ഈ സാഹചര്യത്തിൽ യുഡിഎഫിനെ പിന്തുണയ്‌ക്കേണ്ട ബാധ്യതയില്ലെന്നും ജയരാജ് വ്യക്തമാക്കി.

എന്നാൽ കേരള കോൺഗ്രസ് എം (ജോസ് വിഭാഗം) എംഎൽഎമാർ ഇന്നു നടക്കുന്ന നിയമസഭാ അവിശ്വാസത്തിൽ പങ്കെടുക്കാൻ ബാധ്യസ്ഥരാണെന്ന് പി.ജെ.ജോസഫ് എംഎൽഎയും വ്യക്തമാക്കിയിട്ടുണ്ട്. വിപ്പ് ലംഘിച്ചാൽ നിയമസഭാ അംഗത്വം റദ്ദാക്കപ്പെടും. ഒപ്പം സ്പീക്കറുടെ ശ്രദ്ധയിൽപെടുത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെനന്നും ജോസഫ് ഓർമ്മപ്പെടുത്തുന്നു.

ജോസ് വിഭാഗം ഒരു കാലത്തും നിയമാനുസൃതമായി പ്രവർത്തിക്കുന്നവരല്ലെന്ന് അദ്ദേഹം ആരോപിച്ചു.ചീഫ് വിപ്പായി മോൻസ് ജോസഫിനെ തിരഞ്ഞെടുത്തത് സ്പീക്കറെ അറിയിച്ചതാണ്. ഇത് അനുസരിച്ച് സ്പീക്കർ അന്നു തന്നെ സീറ്റിൽ മാറ്റം വരുത്തിയിരുന്നു. ഇതൊന്നും ജോസ് വിഭാഗത്തിന് അറിയാത്ത കാര്യമല്ല. വലിയ പ്രത്യാഘാതം അവർ നേരിടേണ്ടിവരുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു.

പാർട്ടിയുടെ ഇലക്ഷൻ ഏജന്റായി വർക്കിങ് ചെയർമാൻ പി. ജെ.ജോസഫ് തന്നെ നിയമിച്ചതാണെന്നും ബാലറ്റ് പേപ്പർ പെട്ടിയിൽ നിക്ഷേപിക്കുന്നതിനു മുൻപ് തന്നെ കാണിച്ചു ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിന് അനുകൂലമായി നിൽക്കണമെന്നാണു പാർട്ടി നിലപാടെന്നു സി.എഫ്.തോമസ് എംഎൽഎ വ്യക്തമാക്കി.