തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പോരാട്ടത്തെ കുറിച്ചുള്ള വാർത്തകൾ ലോകത്തെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ അതെല്ലാം സൈബർ ലോകത്ത് വലിയ ആഘോഷമായിരുന്നു. ഏറ്റവും ഒടുവിൽ വോഗിന്റെ പുരസ്‌ക്കാരം കെ കെ ശൈലജ ടീച്ചർക്കു ലഭിച്ചതെന്നതും വലിയ തോതിൽ കേരളത്തിൽ ആഘോഷമായിരുന്നു. ഇങ്ങനെ ഒരോ അന്താരാഷ്ട്ര മാധ്യമങ്ങളും കേരളത്തെ പുകഴ്‌ത്തുമ്പോൾ അതെല്ലാം ആഘോഷിച്ചു സൈബർ സഖാക്കൾ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു അന്താരാഷ്ട്ര മാധ്യമത്തിലെ വാർത്ത കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിലെ കോവിഡ് മരണ നിരക്ക് സർക്കാർ പുറത്തുവിടുന്നതിലും ഉയർന്നതാണെന്നാണ് ബിബിസി പുറത്തുവിട്ട റിപ്പോർട്ടായിരുന്നു ഇത്.

കേരളത്തിൽ കൊറോണ വൈറസ് മരണങ്ങൾ സംസ്ഥാന സർക്കാർ ഒളിപ്പിക്കുന്നു എന്നാണ് ബിബിസി റിപ്പോർട്ടു ചെയ്തത്. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ പ്രാദേശിക മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഡോ. അരുൺ മാധവൻ ഉൾപ്പടെയുള്ള സംഘം നടത്തിയ പഠനത്തിലാണ് കോവിഡ് മരണങ്ങൾ സംസ്ഥാന സർക്കാർ ഒളിപ്പിക്കുന്നതായി ബിബിസി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്തയിൽ പറയുന്നത് കേരളത്തിലെ കോവിഡ് മരണ നിരക്ക് സർക്കാർ ഒളിപ്പിക്കുന്നു എന്നുതന്നെയാണ്.

ഇതുപ്രകാരം സംസ്ഥാനത്തുകൊറോണ വ്യാപകമായത് ജൂലൈയിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 1969പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്. എന്നാൽ അനൗദ്യോഗിക കണക്കുകളിൽ 3356 പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്.

കൊറോണ ബാധിച്ച് മരിച്ച ഗുരുതര രോഗമുള്ളവരെ ഈ പട്ടികയിൽ നിന്നും ഒഴിവാക്കി കണക്കുകൾ കുറച്ചു കാണിക്കുന്ന പ്രവണതയാണ് സംസ്ഥാന സർക്കാരിന് ഉള്ളതെന്നും ബിബിസി വിമർശിച്ചു. മറ്റു രോഗങ്ങളുള്ള വ്യക്തിക്ക് കോവിഡ് പിടിപെട്ട് മരണപ്പെട്ടാൽ അത് കോവിഡ് മരണത്തിൽ കേരളം പെടുത്തുന്നില്ലെന്നാണ് റിപ്പോർട്ട്.

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും 30 മുതൽ 50 ശതമാനം വരെയാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഓരോ തദ്ദേശ സ്ഥാപനങ്ങളും ആഴ്ചതോറും ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ കണക്കുകൾ നിർബന്ധമായും പുറത്തുവിടണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണ പ്രതിരോധത്തിൽ കേരളം മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നതെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാർഗനിർദ്ദേശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സംസ്ഥാനം ഇത്തരത്തിൽ കൊറോണ മരണങ്ങൾ കുറച്ചുകാണിക്കുന്നത്. ജൂലൈയിൽ മാത്രം 22 മരണം പട്ടികയ്ക്ക് പുറത്തായിരുന്നു. അതേസമയം ചില മരണം ചേർക്കുന്നതിൽ പിഴവ് പറ്റിയിട്ടുണ്ടെന്ന് അധികൃതരും സമ്മതിച്ചിട്ടുണ്ട്.

'വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുൻപ് കൊറോണ നെഗറ്റീവ് ആയവരെ പോലും രോഗം ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. ഒക്ടോബറിൽ കൊറോണ ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേർ മരിച്ചു. എന്നാൽ അവരുടെ മരണം സർക്കാരിന്റെ പട്ടികയിൽ കണ്ടില്ലെന്നും ഡോ. അരുൺ മാധവൻ അറിയിച്ചു.

ഈ വർഷം ജനുവരിയിലാണ് കേരളത്തിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരെ ചികിത്സച്ച് ഭേദമാക്കാൻ ആയെങ്കിലും പിന്നീട് മാർച്ചോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. എന്നാൽ മറ്റ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗ വ്യാപനം കുറഞ്ഞ തോതിൽ ആയിരുന്നെന്നും ബിബിസി പറയുന്നുണ്ട്. ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് 110 ദിവസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 1000ൽ എത്തിയത്.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ നിന്നും താഴ്ന്നു തുടങ്ങിയത് അടുത്ത ദിവസങ്ങളിലാണ്. ഏതാനും ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരത്ത് പത്തിൽ താഴെയായാണ് തുടരുന്നത്. നേരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ ആയിരുന്നപ്പോഴും കേരളം മേനി നടക്കാൻ പറഞ്ഞിരുന്നത് കോവിഡ് കണക്കിലെ കുറവായിരുന്നു. എന്നാൽ, ബിബിസി റിപ്പോർട്ടോടെ ആ മേനി നടിക്കലും പൊളിയുകയാണ്.