ന്യൂഡൽഹി: സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചുവെന്ന് കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

ജിഎസ്ടി വിഹിതം 4500 കോടി കിട്ടാനുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചുവെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.

ജിഎസ്ടി നഷ്ടപരിഹാര കാലാവധി അഞ്ച് വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ജിഎസ്ടി കൗൺസലിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി ഉയർത്തണമെന്നും ആവശ്യപ്പെട്ടെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

നഷ്ട പരിഹാരം സംസ്ഥാനങ്ങൾക്ക് നൽകുന്നതിനുള്ള നേരത്തെ ഏർപ്പെടുത്തിയിരുന്ന കാലവധി അവസാനിക്കാൻ പോവുകയാണ്. 5% കടമെടുക്കാൻ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്. പരമ്പരാഗത വ്യവസായ മേഖലയിൽ പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെട്ടു. പ്ലാന്റേഷൻ മേഖലയിൽ പ്രത്യേക പരിഗണനയും ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം, ആകെ വിഹിതത്തിന്റെ 2.50 % ആയിരുന്നു കിട്ടിയിരുന്നത്. ഇപ്പോഴത് കുറച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇടപെടണമെന്ന് കേന്ദ്രധന മന്ത്രിയോട് കേരളം ആവശ്യപ്പെട്ടു.

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നിലനിർത്തണം. ചെറുകിടവ്യവസായികളെ വായ്പ തിരിച്ചടവിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നത് നിയമപരമായി നേരിടും. പരമ്പരാഗത വ്യവസായങ്ങളിൽ തൊഴിൽ വർധിപ്പിക്കാൻ പദ്ധതി പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പരിശോധിക്കാമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചതായി കെ എൻ ബാലഗോപാൽ പറഞ്ഞു.