കൊച്ചി: സമൂഹമാധ്യമങ്ങളിലൂടേയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടേയുമുള്ള അഭിപ്രായ പ്രകടനത്തിൽ നിന്ന് രഹ്ന ഫാത്തിമയെ വിലക്കി ഹൈക്കോടതി. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കഴിയും വരെ അഭിപ്രായ പ്രകടനം പാടില്ലെന്നാണ് ഹൈക്കോടതി നിർദ്ദേശം. ദൃശ്യ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തരുതെനന്ാണ് കോടതി രഹ്ന ഫാത്തിമയോട് നിർദ്ദേശിച്ചിരിക്കുന്നത്.

2018-ൽ അയ്യപ്പഭക്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധം ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിലെ വിചാരണ തീരുംവരെയാണ് വിലക്ക്. 2018-ലെ കേസിൽ രഹ്നയ്ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഈ വർഷം കുക്കറി ഷോയിലൂടെ മതവിശ്വാസികളുടെ വികാരത്തെ അവഹേളിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്.

ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും അവസാന അവസരമെന്നനിലയിലാണ് മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം പാടില്ലെന്നതടക്കമുള്ള ഉപാധിയോടെ കോടതി കേസ് തീർപ്പാക്കിയിരിക്കുന്നത്. ജോലി നഷ്ടമായതും, രണ്ട് വട്ടം അറസ്റ്റിലായതും രഹ്നയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കിയില്ല. മറ്റുള്ളവരുടെ അവകാശങ്ങളെ ഇനിയെങ്കിലും മാനിക്കും എന്ന് കരുതുന്നു. മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടാകരുത് അഭിപ്രായ സ്വാതന്ത്ര്യം എന്ന് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ നിശ്ചിത ദിവസങ്ങളിൽ ഹാജരാവണം എന്നിവ ഉൾപ്പെടെ കർശന വ്യവസ്ഥകളുണ്ട്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും. മൂന്നുമാസംവരെ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും രാവിലെ ഒമ്പതിനും പത്തിനുമിടയിൽ പത്തനംതിട്ടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം. എറണാകുളത്തുള്ളപ്പോൾ ഇവിടെയും ഒപ്പുവെക്കാം. ഉപാധികൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായാൽ ജാമ്യം റദ്ദാകുമെന്നും കോടതി ഉത്തരവിൽ പറയുന്നു. ബി.എസ്.എൻ.എലിലെ ജോലിയിൽനിന്ന് രഹ്നയെ പിരിച്ചുവിട്ടിരുന്നു.