കൊച്ചി: വിദഗ്ധ ചികിത്സയ്ക്കായി പോകുന്ന രോഗികളെ സംസ്ഥാന അതിർത്തിയിൽ തടയരുതെന്ന് കർണാടകയോട് കേരള ഹൈക്കോടതി. മതിയായ രേഖകൾ ഉണ്ടെങ്കിൽ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാർത്ഥികളെയും തടയരുതെന്നും കോടതി നിർദേശിച്ചു.

രണ്ട് പൊതുതാൽപര്യ ഹർജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തിൽനിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുന്നതിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

കോവിഡ് എസ്.ഒ.പി. പ്രകാരം രോഗികളുടെ വാഹനം തടയാൻ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വാഹനങ്ങളിൽ എത്തിയാൽ മതിയായ രേഖകൾ ഉണ്ടെങ്കിൽ രോഗികളെ കടത്തിവിടണം. സ്ഥിരം യാത്രക്കാരെയും വിദ്യാർത്ഥികളെയും തടയരുതെന്നും കോടതി നിർദേശിച്ചു.

ജോലിക്കും വിദ്യാഭ്യാസത്തിനുമായി കർണാടകയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവരെ തടയരുത്. അവരുടെ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി നിർദേശിച്ചു. കർണാടക അതിർത്തിയിൽ രോഗികൾ ഉൾപ്പെടെയുള്ളവരെ തടയുന്നു എന്ന ആരോപണവുമായി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.