എറണാകുളം: സുപ്രീംകോടതിക്ക് പിന്നാലെ ചരിത്രം തിരുത്താൻ ഒരുങ്ങി ഹൈക്കോടതി. ഹൈക്കോടതി ബാറിൽനിന്നുള്ള രണ്ട് വനിതകളടക്കം നാല് വനിതകളാണ് ഹൈക്കോടതി ജഡ്ജിമാർക്കുള്ള ശുപാർശയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആകെ എട്ടുപേരെയാണ് ശുപാർശ ചെയ്തത്.സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ അത് ചരിത്രമായി മാറും.കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ കേരള ഹൈക്കോടതി ചരിത്രത്തിൽ ഇതുവരെ മൂന്ന് വനിതകളേ ഹൈക്കോടതി ബാറിൽനിന്ന് നേരിട്ട് ജഡ്ജിമാരായിട്ടുള്ളൂ.

ഈ സാഹചര്യത്തിലാണ് ബാറിൽനിന്നുള്ള ശോഭ അന്നമ്മ ഈപ്പൻ, സഞ്ജീത കല്ലൂർ അറയ്ക്കൽ എന്നിവരുടെ പേരുകൾ ഉൾപ്പെട്ട ശുപാർശ. ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ്, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി.എസ്. സുധ എന്നിവരാണ് ശുപാർശയിൽ ഉൾപ്പെട്ട മറ്റ് വനിതകൾ.

ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാർ ജനറലാണ് സോഫി തോമസ്. തൃശ്ശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരിക്കെ 2020-ൽ ഹൈക്കോടതി രജിസ്ട്രാർ ജനറലായി. സി.എസ്. സുധ 1995-ൽ ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. 2012-ൽ ജില്ലാ ജഡ്ജിയായി. കോമ്പറ്റീഷൻ അപ്പലേറ്റ് ട്രിബ്യൂണൽ രജിസ്ട്രാർ, നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ രജിസ്ട്രാർ, കേരള ജുഡീഷ്യൽ അക്കാദമി അഡി. ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മെയ്‌ 24-ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി.

തിരുവനന്തപുരം സ്വദേശിയാണ് പി.ജി. അജിത് കുമാർ. ജില്ലാ ജഡ്ജിയായിരിക്കെ കേരള ജുഡീഷ്യൽ അക്കാദമി അഡി. ഡയറക്ടറായി. 2018 നവംബറിൽ കേരള ഹൈക്കോടതി രജിസ്ട്രാറായി (ജില്ലാ ജുഡീഷ്യറി). സി. ജയചന്ദ്രൻ കേരള ലീഗൽ സർവീസസ് അഥോറിറ്റി മെമ്പർ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായി.

അന്തരിച്ച മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി. ശ്രീദേവിയുടെ മകനാണ് അഡ്വ. ബസന്ത് ബാലാജി. വി എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് സീനിയർ ഗവ. പ്‌ളീഡറായിരുന്നു. അഡ്വ. ശോഭ അന്നമ്മ ഈപ്പനും അഡ്വ. സഞ്ജീത കല്ലൂർ അറയ്ക്കലും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സീനിയർ ഗവ. പ്‌ളീഡർമാരായിരുന്നു. അഡ്വ. അരവിന്ദ് കുമാർ ബാബു വി എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും സീനിയർ ഗവ. പ്‌ളീഡറായിരുന്നു.

മുൻ ചീഫ് ജസ്റ്റിസായിരുന്ന പരേതയായ കെ.കെ. ഉഷ, കഴിഞ്ഞ മേയിൽ വിരമിച്ച ജസ്റ്റിസ് പി.വി. ആശ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരാണ് ഇതുവരെ ഹൈക്കോടതി ബാറിൽനിന്ന് നേരിട്ട് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടിട്ടുള്ളത്.രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി) പി.ജി. അജിത് കുമാർ, കോട്ടയം ജില്ലാ സെഷൻസ് ജഡ്ജി സി. ജയചന്ദ്രൻ, ഹൈക്കോടതി അഭിഭാഷകരായ ബസന്ത് ബാലാജി, അരവിന്ദ കുമാർ ബാബു തവരക്കാട്ടിൽ എന്നിവരാണ് ശുപാർശയിൽ ഉൾപ്പെട്ട മറ്റുള്ളവർ.