കൊച്ചി: കണ്ണൂർ സർവ്വകലാശാലയിൽ എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ.ഷഹലയുടെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്ആർഡി സെന്ററിലെ അസി. പ്രൊഫസർ തസ്‌കിയിൽ മെയ് 7 വരെ സ്ഥിരം നിയമം പാടില്ലെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഏപ്രിൽ 16 ാം തിയ്യതി 30 ഉദ്യോഗാർത്ഥികളുടെ അഭിമുഖം നടത്തിയിരുന്നു. ഇതിൽ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹലയും ഉൾപ്പെട്ടിരുന്നു. ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് കാട്ടി ഉദ്യോഗാർത്ഥി ബിന്ദുവായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പോലും ലംഘിച്ച് അഭിമുഖം നടത്തിയതിന് പിന്നിൽ സ്ഥാപിത താൽപര്യം ഉണ്ടെന്ന് ആരോപിച്ചാണ് ഹരജി നൽകിയത്.

ഷഹലയെ പിൻവാതിലിലൂടെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ഉയർത്തി സേവ് യൂണിവേഴിസിറ്റി ഫോറം ഗവർണർക്ക് കത്ത് നൽകിയിരുന്നു.
പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂർ സർവ്വകലാശാലയിൽ സഹലയെ യുജിസി എച്ച് ആർഡി സെന്ററിൽ അസിസ്റ്റന്റ് ഡയറക്ടർ സ്ഥിരം നിയമനം നടക്കാൻ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ സർവ്വകലാശാല വിസിയെ കഴിഞ്ഞ ദിവസം കെഎസ്‌യു വീട്ടിൽ ഉപരോധിച്ചിരുന്നു.

2020 ജൂൺ മുപ്പതിനാണ് കണ്ണൂർ സർവ്വകലാശാല എച്ച്ആർഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആർഡി സെന്ററിലെ തസ്തികകൾ താൽക്കാലികമാണെങ്കിലും അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്കു സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു. ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേർക്ക് ഇമെയിൽ ആയാണ് അയച്ചിരിക്കുന്നതെന്നുമാണ് ആരോപണം.

അതേസമയം യോഗ്യതയുണ്ടെങ്കിൽ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നായിരുന്നു വിഷയത്തിൽ ഷഹലയുടെ പ്രതികരണം. ഷംസീറിന്റെ ഭാര്യയായതിനാൽ ഹോം മേക്കറായി കഴിയണോയെന്നും സഹല ചോദിക്കുന്നു. എംഎൽഎയുടെ ഭാര്യയായതിനാൽ തന്നെ വേട്ടയാടുകയാണെന്നും ഷഹല പറഞ്ഞിരുന്നു. അതിനിടെ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ.പി.എം.സഹ്ലയെ കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമിക്കാനുള്ള നീക്കത്തിൽ ഗവർണരും ഇടപെട്ടിരുന്നു.

വിഷയത്തിൽ ഗവർണർ വി സിയോട് വിശദീകരണം തേടുകയാണ് ഉണ്ടായത്. സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനിൽക്കേ ഓൺലൈൻ ഇന്റർവ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗവർണർ പരിശോധിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ സർവകലാശാലയുടെ നിലപാട് അറിയുന്നതിനായി വിസിയുടെ മറുപടി ഗവർണർ തേടിയിരിക്കുന്നത്.