കൊച്ചി: സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ കാര്യത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. പൊട്ടിപ്പൊളിഞ്ഞ റോഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബർ 14ന് മുൻപ് വിവരങ്ങൾ അറിയിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് റിപ്പോർട്ടിന്മേലാണ് നിർദ്ദേശം.

കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളെ ശോച്യാവസ്ഥ സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പരിഗണിക്കുന്നതിനിടെ കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ഒരു മഴക്കാലത്തെ അതിജീവിക്കാൻ കഴിയുംവിധം റോഡ് ടാർചെയ്യാൻ കഴിയാത്ത എൻജിനിയർമാർ രാജിവെച്ച് പോകണമെന്ന് ഹൈക്കോടതി പറഞ്ഞു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ കോടതി വിശദീകരണം തേടി. ഹർജി ഡിസംബർ 14ന് പരിഗണിക്കാനായി മാറ്റിവെച്ചു. ഈ തീയതിക്കുള്ളിൽ പൊതുജനങ്ങൾക്കും അഭിഭാഷകർക്കും അമിക്കസ് ക്യൂറിക്കും റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് അറിയിക്കാം.

ആറുമാസം നന്നായിക്കിടക്കും ആറുമാസം തകർന്ന് കിടക്കും എന്നതാണ് റോഡുകളുടെ സ്ഥിതി എന്നായിരുന്നു കഴിഞ്ഞദിവസം കോടതി പരാമർശിച്ചത്. ഓരോ റോഡിനും എൻജിനിയർമാരുടെ മേൽനോട്ടം വേണമെന്ന് നിർദേശിച്ചിരുന്നതാണ്. ഫലമില്ലെന്നതാണ് അവസ്ഥ. കോടതി പരിധിവിട്ട് ഇടപെടുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. അഞ്ചുവർഷം നിലനിൽക്കുന്ന രീതിയിൽ റോഡ് നിർമ്മിക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചിരുന്നു.

അതേസമയം റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിൽ ജലവിഭവ വകുപ്പിനെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തുവന്നിരുന്നു. റോഡ് കുളമാക്കുന്നതിന് പ്രധാന ഉത്തരവാദി ജല അഥോറിറ്റിയാണെന്ന് മന്ത്രി തുറന്നടിച്ചു. പൊട്ടിപൊളിഞ്ഞ റോഡുകൾ നന്നാക്കത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ രൂക്ഷ വിമർശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

'കുത്തിപ്പൊളിച്ച റോഡുകൾ പഴയ പടിയിലാക്കാൻ കുത്തിപ്പൊളിച്ചവർക്ക് ഉത്തരവാദിത്തമുണ്ട്. ജല അഥോറിറ്റി അത്തരത്തിൽ റോഡുകൾ കുത്തിപ്പൊളിക്കുകയാണെങ്കിൽ അത് പഴയ നിലയിലാക്കണമെന്ന് 2017-ലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടുന്നുണ്ട്. കുടിവെള്ളത്തിന്റെ ആവശ്യത്തിന് റോഡുകൾ കുത്തിപൊളിക്കുകയാണെങ്കിൽ ജല അഥോറിറ്റി അത് പഴയ സ്ഥിതിയിലാക്കണം. കർക്കശമായ സമീപനം ഇക്കാര്യത്തിൽ കൈക്കൊള്ളാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എഞ്ചിനീയർമാർക്ക് ഇക്കാര്യത്തിൽ സന്ദർശനം നൽകിയിട്ടുണ്ട്. കഴിയില്ലെങ്കിൽ രാജിവെച്ച് പോകണമെന്ന് എഞ്ചിനീയർമാരോട് കോടതി പറഞ്ഞിട്ടുണ്ട്. നിശ്ചിത കാലയളവിൽ റോഡുകൾ അറ്റകുറ്റപ്പണി നടത്താനുള്ള ഉത്തരവാദിത്വം കരാറുകാർക്കുണ്ട്. അത് എത്രത്തോളം നടക്കുന്നുണ്ടെന്ന് പരിശോധിക്കാനും നടത്താത്തത് നടത്തിക്കാനുമുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമുണ്ട്. പലർക്കും ഈ കാലാവധി എത്രയെന്ന് അറിയില്ല' - മന്ത്രി പറഞ്ഞു.

റിയാസിന്റെ വിമർശനത്തോട് പ്രതികരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തി. കുടിവെള്ള വിതരണത്തിനായി പൊളിച്ച റോഡുകൾ പെട്ടെന്ന് മൂടാൻ സാങ്കേതിക പ്രശ്നമുണ്ടെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രവൃത്തി നടത്തി പൈപ്പുകളിട്ട് ടെസ്റ്റ് നടത്താതെ മൂടാനാവില്ല. പൈപ്പിട്ട ഉടനെ മൂടിയാൽ പിന്നീട് പരിശോധന നടത്തുമ്പോൾ പ്രശ്നങ്ങൾ കണ്ടെത്തിയാൽ വീണ്ടും പൊളിക്കേണ്ടി വരും. ജല അഥോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഇത്തരത്തിൽ ചില പ്രശ്നങ്ങളുണ്ട്. മന്ത്രി റിയാസുമായി അടുത്ത ആഴ്ചയിൽ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.