കോഴിക്കോട്: ത​ദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും ആവേശം ചോരാതെ കേരളം. തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ഒട്ടും കുറയാതെ നടന്ന വോട്ടെടുപ്പിൽ വടക്കൻ കേരളത്തിൽ കനത്ത പോളിം​ഗാണ് രേഖപ്പെടുത്തിയത്. അവസാന അരമണിക്കൂറിൽ മിക്ക ബൂത്തുകളിലും കോവിഡ് രോഗികളെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. അവസാനമിനിറ്റുകളിലും നിരവധിപ്പേർ വോട്ട് രേഖപ്പെടുത്താൻ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. അവസാനമെത്തിയവർക്കെല്ലാം ടോക്കൺ കൊടുത്താണ് വോട്ട് ചെയ്യിച്ചത്.

സ്ത്രീകൾ ഏറ്റവും കൂടുതൽ വോട്ട് ചെയ്ത ഘട്ടമാണിത്. പുരുഷന്മാർ ആകെ 75.37% ആണ് വോട്ട് ചെയ്തത്. 78.78 ശതമാനം സ്ത്രീകൾ മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി.

ഏറ്റവുമൊടുവിൽ ലഭ്യമായ പോളിങ് ശതമാനം ഇങ്ങനെയാണ്:

മൂന്നാം ഘട്ടത്തിൽ ആകെ - 78.02%

ജില്ല തിരിച്ച്

മലപ്പുറം - 78.43
കോഴിക്കോട്- 78.26
കണ്ണൂർ - 77.82
കാസർകോഡ്- 76.52

കോർപ്പറേഷൻ:

കോഴിക്കോട് - 69.45

കണ്ണൂർ- 70.31

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി പഞ്ചായത്ത് രണ്ടാം വാർഡിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ കമല, മക്കളായ വിവേക്, വീണ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി വോട്ട ചെയ്യാനെത്തിയത്. എൽ.ഡി.എഫിന് ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തിൽ മുൻപൊരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഏകോപിച്ചാണ് ഞങ്ങളെ നേരിടുന്നത്. അതിനാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജൻസികൾ ചെയ്തുകൊടുക്കുന്നു. അവർക്കുണ്ടായ പ്രതീക്ഷ ഇതൊക്കെ കൊണ്ട് ഞങ്ങളെ ചെറിയ തോതിൽ ക്ഷീണിപ്പിക്കാമെന്നും ഉലയ്്്ക്കാമെന്നുമായിരുന്നു. 16ാം തീയതി വോട്ട് എണ്ണുമ്പോൾ അറിയാം ആരാണ് ഉലഞ്ഞത്. ആരാണ് ക്ഷണിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.

ഇത്തവണ എൽ.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് അദ്ദേഹം ആവർത്തിച്ചു. അതോടെ കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കണമെങ്കിൽ കടക്കാം. ഇതുവരെ വോട്ട് ചെയ്തവർ എൽ.ഡി.എഫിന് വലിയ പിന്തുണയാണ് നൽകുന്നത്. ഞങ്ങൾ ജയിക്കാൻ സാധ്യതയില്ലെന്ന് കണക്കാക്കിയ പ്രദേശങ്ങളിൽ പോലും വിജയിക്കും. ഈ ജില്ലകളുടെ കാര്യം എന്താണെന്ന് എല്ലാക്കാലത്തും എല്ലാവർക്കുമറിയാം. കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണെന്ന് പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണ്. കൊവിഡിന്റെ തുടക്കം മുതൽ സൗജന്യമായി ചികിത്സ നൽകുന്ന സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പിന്റെ ചെറിയ പൈസ പോരട്ടെയെന്ന് സംസ്ഥാനം പറയുമോ? വാർത്താസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചതിന് മറുപടി പറയുകയാണ് ചെയ്തത്. അത് വിശദീകരിക്കാൻ തനിക്ക് സമയവുമുണ്ടായിരുന്നില്ല. അതിൽ ഒരു പെരുമാറ്റച്ചട്ടലംഘനവുമില്ല. ഒരു ചട്ടവും താൻ ലംഘിച്ചിട്ടില്ല-മുഖ്യമന്ത്രി പിറഞ്ഞു.

സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം രാഷ്ട്രീയ പ്രേരിതമാണ്. കള്ളവോട്ട് എന്ന ആരോപണം എല്ലാഘട്ടത്തിലും പറയുന്നതാണ്. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം യു.ഡി.എഫിന് തിരിച്ചടി ഉണ്ടാകുമെന്ന് മാത്രമല്ല, ലീഗിന്റെ അടിത്തറ തകരും. എല്ലാക്കാലത്തും ബഹുഭൂരിപക്ഷം മുസ്ലിം സമുദായവും തള്ളിക്കളയുന്നതാണ് ജമാത്തെ ഇസ്ലാമി. അതിലുള്ള മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ ഫലം എൽ.ഡി.എഫ് സർക്കാരിന്റെ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വിലയിരുത്തലാകുമെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. എൽ.ഡി.എഫ് അനുകൂല വിധിയെഴുത്ത് ഉണ്ടാകും. 13 ജില്ലകളിൽ മേൽക്കൈ ലഭിക്കും. കഴിഞ്ഞ തവണ ഏഴ് ജില്ലകളിലായിരുന്നുവെന്നും കോടിയേരി പറഞ്ഞു. എൽ.ഡി.എഫ് വിജയിക്കാത്ത ഒരു ജില്ല മലപ്പുറം ആണോ എന്ന ചോദ്യത്തിന് അത് വോട്ടെണ്ണിക്കഴിയുമ്പോൾ അറിയാമെന്നായിരുന്നു കോടിയേരിയുടെ മറുപടി.

കോവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ രക്ഷിച്ച സർക്കാരിനല്ലാതെ ആർക്കാണ് വോട്ട് ചെയ്യുക. സർക്കാരിനെതിരായ ആരോപണങ്ങൾ ഒരു വിഷയമേ അല്ല. അത് അസന്തിചർച്ചകൾക്കുള്ള വിഷയം മാത്രമാണ്. ജനങ്ങൾക്ക് വേണ്ടത് ഭക്ഷണവും വീടും ആരോഗ്യപരിപാലനവുമാണ്. അത് നൽകാൻ സർക്കാരിന് കഴിയുന്നുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാകും. ജമാഅത്തെയുമായുള്ള ബന്ധം അഖിലേന്ത്യാ നേതൃത്വത്തിനു പോലും അംഗീകരിക്കാൻ കഴിയുന്നില്ല. യു.ഡി.എഫ് വലിയ തകർച്ചയേ നേരിടും. ബിജെ.പിക്ക് 2015നെ അപേക്ഷിച്ച് ഒരു മുന്നേറ്റമുണ്ടാക്കാൻ കഴിയില്ല. ഇവിടെ എംഎ‍ൽഎമാരെയും നേതാക്കളെയും വിലയ്ക്കെടുക്കാൻ ബിജെപിക്ക് കഴിയുന്നില്ല. അതിനാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു. കോൺഗ്രസ് വർഗീയ കക്ഷികളുമായി കൂട്ടുകൂടുന്നു. ബിജെപി വർഗീയത പറയുന്നു. എൽ.ഡി.എഫ് വർഗീയ ശക്തികൾക്കെതിരെ പോരാടുകയാണ് ചെയ്യുന്നത്. ബിജെ.പിയുടെ വളർച്ച സംസ്ഥാനത്ത് പടവലങ്ങയുടെ വളർച്ചപോലെ കീഴോട്ടാണ് . തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം-കോടിയേരി പറഞ്ഞു.

കോവിഡ് വാക്സിൻ വാഗ്ദാനം പുതിയ കാര്യമല്ല. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതാണ് വാക്സിൻ. അത് നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിൽ ചട്ടലംഘനമില്ല. ഇപ്പോൾ ചികിത്സയുടെ ഭാഗാമായാണ് താൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നത്. ചികിത്സ കഴിയട്ടെ. തിരിച്ചുവരുന്ന കാര്യം അപ്പോൾ തീരുമാനിക്കാം. കള്ളവോട്ട് എന്ന ആരോപണം എല്ലാക്കലാത്തുമുള്ളതാണ്. കള്ളവോട്ട് ചെയ്ത് ജയിലിൽ കിടന്ന യു.ഡി.എഫുകാരനാണ് ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളെന്നും കോടിയേരി പറഞ്ഞു.

ഇടത് ദുർഭരണത്തിനെതിരേ ജനം വിധിയെഴുതും - മുല്ലപ്പള്ളി

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് റെക്കോർഡ് വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 14 ജില്ലകളിലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലര വർഷമായി കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിന് എതിരായ ജനവിധിയായിരിക്കും ഇത്തവണത്തേത്. ഇടത് ഭരണത്തിൽ സമസ്ത മേഖലയിലുമുള്ള ആളുകളും അതീവ നിരാശരും ദുഃഖിതരുമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കും- കെ. സുരേന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നല്ല രീതിയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി ഭരണത്തിൽ വരും. നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ട്. ശക്തമായ പോരാട്ടമുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

'എല്ലാ വാർഡുകളിലും സുസംഘടിതമായി ശാസ്ത്രീയമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എൻഡിഎ ഒരുക്കിയിട്ടുണ്ട്. വലിയ മുന്നേറ്റമുണ്ടാക്കും. കഴിഞ്ഞ തവണത്തേക്കാൾ നാലിരട്ടി സീറ്റുകൾ ലഭിക്കും', കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു..

ചരിത്ര വിജയം നേടുമെന്ന് ഇ.പി ജയരാജൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കണ്ണൂരിലെ ബൂത്തിൽ രാവിലെ ഏഴ് മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പിൽ ജയിച്ചുവരും. നാടാകെ സർക്കാരിന്റെ നയങ്ങളെ പ്രശംസിക്കുകയാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളെയാണ് ഇടത് മുന്നണി സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്.