ന്യൂഡൽഹി: കേരളത്തിൽ പ്രതിദിന കോവിഡ് നിരക്ക് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ മെച്ചപ്പെട്ട ലോക്ക്ഡൗൺ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്ന് കേന്ദ്രസർക്കാർ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്യുന്ന കേരളം കേന്ദ്രത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ വിലയിരുത്തി. ഇതിന്റെ ആഘാതം തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് അയൽസംസ്ഥാനങ്ങളെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് കേരളത്തിൽ കോവിഡ് കേസുകൾ കുറയാത്തതിന് പ്രധാന കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ കോവിഡ് രോഗികളിൽ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. പ്രതിദിന കോവിഡ് കുതിപ്പ് തടയാൻ സംസ്ഥാനം നടപടികൾ ഊർജ്ജിതമാക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടുചെയ്തു.

ജില്ലാതലത്തിൽ മാത്രമല്ല രോഗബാധയുള്ള പ്രേദശങ്ങളിലും ശ്രദ്ധകാണിക്കുകയും നടപടികൾ കൈക്കൊള്ളുകയും വേണം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കേരളത്തിൽ കോവിഡ് രോഗികൾ വീടുകളിൽ തങ്ങുന്നത്. ഇതുകൊണ്ടാണ് കേരളത്തിന് വൈറസ് വ്യാപനം തടയാൻ സാധിക്കാത്തതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

കണ്ടെയിന്മെന്റ് സോണുകളിൽ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കുകയും വിനോദ സഞ്ചാരമടക്കം നിയന്ത്രിക്കുകയും വേണം. കേരളത്തിൽ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 14നും 19 ശതമാനത്തിനും ഇടയിൽ തുടരുകയാണ്. ഇത് അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ നിന്ന് വരുന്നവർക്ക് കർണാടക ഇതിനോടകം ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്തിടെ, കേരളത്തിൽ പ്രതിദിനം 30,000ലധികം രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. 85 ശതമാനം രോഗികളും വീടുകളിലാണ് ക്വാറന്റൈനിൽ കഴിയുന്നത്. പ്രതിദിന കോവിഡ് കേസുകൾ കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് മെച്ചപ്പെട്ട ലോക്ക്ഡൗൺ തന്ത്രങ്ങൾ ആവിഷ്‌കരിക്കണം. നിലവിൽ കേന്ദ്രത്തിന്റെ നിർദേശങ്ങൾ സംസ്ഥാനം കൃത്യമായി പാലിക്കുന്നില്ലെന്നും അവർ പറയുന്നു.

മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളുടെ പ്രാധാന്യം വ്യക്തമാക്കിയ ഉദ്യോഗസ്ഥർ, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നു നിർദേശിച്ചു. ജില്ലാ തലത്തിൽ നടപടികൾ സ്വീകരിച്ചതുകൊണ്ട് കാര്യമില്ല. രോഗബാധയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടെ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കണമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

വീടുകളിൽ കോവിഡ് മുക്തമാകുന്നവർ സുരക്ഷാനിർദേശങ്ങൾ കൃതമായി പാലിക്കുന്നില്ല. അതുകൊണ്ടാണ് വൈറസ് വ്യാപനത്തെ തടയാൻ സാധിക്കാത്തതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കണ്ടെയ്ന്മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കണം. ആളുകളുടെ സഞ്ചാരം നിയന്ത്രിക്കണമെന്നും അവർ നിർദേശിച്ചു.