മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറത്തെ കേരള പര്യടന പരിപാടിയുടെ രാഷ്ട്രീയലക്ഷ്യം ചീറ്റി. വിവിധ വിഷയങ്ങളിൽ ലീഗിനോടും യുഡിഎഫിനോടും ഇടഞ്ഞുനിൽക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ അടുപ്പിക്കുന്ന എന്ന ദൗത്യമാണ് പൊളിഞ്ഞത്. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാർ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം എത്തിയില്ല. പിന്നീട് ഇകെ വിഭാഗം സുന്നികളുടെ പ്രതിനിധികൾ പങ്കെടുത്തെങ്കിലും മലപ്പുറത്ത് സിപിഎം ഉദ്ദേശിച്ച രാഷ്ട്രീയനീക്കം പൂർണമായും ഫലം കണ്ടില്ല.

സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുപ്പിക്കാനായാൽ അത് ഭാവിയിൽ രാഷ്ട്രീയ നേട്ടമാക്കാമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ടായിരുന്നു. സമസ്തയിലെ തല മുതിർന്ന നേതാവായ ആലിക്കുട്ടി മുസ്ലിയാർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം വേദിയിൽ എത്തിയപ്പോഴും മുഖ്യമന്ത്രി പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആലിക്കുട്ടി മുസലിയാർക്ക് പകരമായി സമസ്ത ജനറൽ മാനേജരും പിആർഒയുമാണ് പങ്കെടുത്തത്.

ആലിക്കുട്ടി മുസ്‌ലിയാരെപ്പോലെയുള്ള ഒരു മുതിർന്ന നേതാവ്, മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ വിളിച്ച് ചേർക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത് നല്ല സൂചനയല്ല നൽകൂക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. ലീഗിന്റെ സമ്മർദ്ദവും പിന്മാറ്റത്തിന് കാരണമായെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്ക് ക്ഷണമുണ്ടായിരുന്നില്ല. മലപ്പുറത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളും പദ്ധതികളും യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു.

ഇന്നലെ മുക്കത്ത് മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്ത സമസ്ത മുശാവറ അംഗം മുക്കം ഉമ്മർ ഫൈസി യുഡിഎഫിനെ പ്രതിരോധത്തിലാക്കിയും സംസ്ഥാന സർക്കാരിന്റെ അനുകൂലിച്ചും നിലപാട് സ്വീകരിച്ചതിനെ സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ തള്ളി. സമസ്ത രാഷ്ട്രീയ സംഘടനയല്ലെന്നും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടില്ലെന്നും പറഞ്ഞു. സമസ്തയുടെ നിലപാട് താനോ ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാരോ പറയുന്നത് മാത്രമാണന്നും ജിഫ്രി തങ്ങൾ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ കേരളപര്യടനപരിപാടിയിൽ വച്ച് ചോദിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്ന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ മലബാർ ഭദ്രാസനം സെക്രട്ടറി പറഞ്ഞിരുന്നു. സംവരണവിഷയത്തിലും സഭാതർക്കത്തിലും മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി കിട്ടിയില്ല. മുഖ്യമന്ത്രി അപമാനിച്ചുവെന്ന് താൻ പറയില്ല. പക്ഷേ ആ മറുപടിയിൽ വ്യസനമുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വേദനയുണ്ടെന്നും ഭദ്രാസനം സെക്രട്ടറി ഫാ. തോമസ് കുര്യൻ താഴയിൽ പറഞ്ഞു. ഇതും വല്ലാത്ത കല്ലുകടിയാണ് മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഉണ്ടാക്കിയത്.