തിരുവനന്തപുരം: തിരുവനന്തപുരം സ്പെഷ്യൽ ആർമ്ഡ് പൊലീസ് ബറ്റാലിയനിൽ ക്വാറന്റൈൻ ലംഘിച്ചതിന്റെ പേരിൽ ഒരു പൊലീസുകാരന് സസ്പെൻഷൻ. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനെയാണ് സസ്പെൻഡ് ചെയ്തത്.

ക്വാറന്റൈനിലായിരുന്ന പൊലീസുകാരൻ കുളിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് സസ്പെൻഡ് ചെയ്തത്. കുളിമുറിയുടെ ശോചനീയാവസ്ഥ മൂലം കുളിക്കാനായി ബിൽഡിങിന്റെ രണ്ടാം നിലയിലേക്ക് പോയതാണ് പൊലീസുകാരൻ. അസിസ്റ്റന്റ് കമാൻഡന്റാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്.

അതേ സമയം, എസ്.എ.പി ക്യാമ്പിലെ ക്വാറന്റൈൻ കേന്ദ്രമാക്കിയ ബാരക്കിൽ അടിസ്ഥാന സൗകര്യമില്ലെന്ന് പൊലീസുകാർ ആരോപിക്കുന്നു. നിലവിൽ കെട്ടിടം പൂർണമായും കോവിഡ് ക്വാറന്റൈൻ കേന്ദ്രമാണ്. കുളിക്കാനായി പോകുന്ന നേരം മാസ്‌ക് ധരിച്ചിരുന്നില്ല എന്ന കാരണം പറഞ്ഞാണ് സസ്പെൻഡ് ചെയ്തതെന്നും പൊലീസുകാർ പറഞ്ഞു.