തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി കേരളാ പൊലീസ് ആവിഷ്‌ക്കരിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി ഇനി സോഷ്യൽ മീഡയയിലൂടെ പഠിക്കാം. സ്ത്രീകൾക്ക് ഒറ്റപ്പെട്ട അവസ്ഥയിൽ അതിക്രമം നേരിടേണ്ടി വന്നാൽ എങ്ങനെ പ്രതികരിക്കാം എന്നതാണ് പരിശീലിപ്പിക്കുന്നത്.

കേരളാ പൊലീസ് സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയ 'അടിതട' എന്ന സ്വയംപ്രതിരോധ പാഠങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ട്യൂട്ടോറിയൽ വിഡിയോ വ്യാഴാഴ്ച കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും.

പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏറെ പ്രയോജനപ്പെടുന്ന ഈ പദ്ധതി കേരളാ പൊലീസ് സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫിസർ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തയാറാക്കിയിരിക്കുന്നത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അത്തരം അതിക്രമങ്ങൾ തടയുന്നതിനായി കേരളാ പൊലീസ് നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സ്വയം പ്രതിരോധം തീർക്കുന്നതിനായി കേരളാ പൊലീസ് വനിതാ സ്വയംപ്രതിരോധ സംഘത്തിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം എല്ലാ ജില്ലകളിലും കഴിഞ്ഞ നിരവധി വർഷങ്ങളായി സൗജന്യമായി നൽകി വരുന്നു.

സോഷ്യൽമീഡിയ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥൻ അരുൺ ബി.ടിയുടേതാണ് ട്യൂട്ടോറിയൽ വിഡിയോയുടെ ആശയം. തിരുവനന്തപുരം സിറ്റിയിലെ വനിതാ സ്വയംപ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുൽഫത്ത്, അനീസ്ബാൻ, അതുല്യ എന്നിവരാണ് വിഡിയോയിലൂടെ പരിശീലനം നൽകുന്നത്. സന്തോഷ് സരസ്വതി ക്യാമറയും നിധീഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.