തിരുവനന്തപുരം: മഴക്കെടുതിയിൽ വിറങ്ങലിച്ച് സംസ്ഥാനം. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും കനത്ത മഴ തുടരന്നതോടെ ദുരിതം ഇരട്ടിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിൽ ഉരുൾപൊട്ടൽ വൻനാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുപതിലേറെ പേരെ കാണാതായെന്നാണ് സൂചന. ഇടുക്കിയിലെ കൊക്കയാറിൽ മാത്രം എട്ട് പേരെ കണ്ടെത്താനുണ്ട്.

മഴക്കെടുതിയിൽ വൻദുരന്തമുണ്ടായത് കോട്ടയത്താണ്. കിഴക്കന്മേഖല വെള്ളത്തിലായി. കൂട്ടിക്കൽ പ്ലാപ്പിള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ പതിനഞ്ചുപേരെ കാണാതായി. ഏഴുപേരുടെ മൃതേദേഹം കണ്ടെത്തി. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ പ്ലാപ്പള്ളി ഒട്ടാലങ്കൽ ക്ലാരമ്മ ജോസഫ് (65), മരുമകൾ സിനി (35), സിനിയുടെ മകൾ സോന (10) എന്നിവരാണ് മരിച്ച മൂന്നുപേർ. നാല് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.

ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലുണ്ടായത്. പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പ്ലാപ്പള്ളിയിൽ കാണാതായവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പിൽ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലിൽ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. പ്രദേശം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുൾപൊട്ടലുകളും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.



മൂന്നു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ ചിലർ വെള്ളം കെട്ടിനിൽക്കുന്നത് ഒഴുക്കിവിടാൻ മറ്റൊരു ഭാഗത്തേക്കു പോയ സമയത്താണ് ഉരുൾപൊട്ടി വീടുകൾ ഒലിച്ചു പോയതെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു.

ഇതിനു പിന്നാലെ കൂട്ടിക്കലിനു സമീപം ഇടുക്കി ജില്ലയിൽ വീണ്ടും ഉരുൾ പൊട്ടി. കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് ഉരുൾ പൊട്ടിയത്. അഞ്ച് വീടുകൾ ഒഴുകിപോയി. എട്ടു പേർ മണ്ണിനടിയിലാണ്. അഞ്ച് പേരെ പൂഞ്ചിയിലും ബാക്കിയുള്ളവരെ മുക്കുളത്തും നാരകംപുഴയിലുമാണ് കാണാതായത്. കാണാതായവരിൽ അഞ്ചു പേർ കുട്ടികളാണ്. 17 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. 

 ഉറുമ്പിക്കര ഈസ്റ്റ് കോളനി, പൂവഞ്ചി വാർഡ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. എത്ര പേർ ദുരന്തത്തിലകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. റോഡുകൾ പൂർണമായും തകർന്നതിനാൽ ഈ മേഖല പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങൾ തകർന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം.

വ്യോമസേനയുടെ ഉൾപ്പെടെയുള്ള സഹായം കൂട്ടിക്കൽ മേഖലയിലേക്ക് ലഭിക്കുമെന്നാണ് വിവരം. തിരുവനന്തപുരം പാങ്ങോട് നിന്ന് രക്ഷാപ്രവർത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടു. രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കാൻ സഹകരണവകുപ്പു മന്ത്രി വി.എൻ. വാസവൻ സ്ഥലത്തെത്തി. പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. 

മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട്‌വാഗമൺ റോഡിൽ ഉരുൾപൊട്ടി. ജനവാസ മേഖലയല്ലാത്തതിനാൽ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തിൽ ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവർ പല സ്ഥലങ്ങളിലും കുടുങ്ങി.



തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. സ്വകാര്യസ്ഥാപനത്തിലെ സഹപ്രവർത്തകരായ യുവതിയും യുവാവുമാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയായ നിഖിൽ, ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതിയുമാണ് മരിച്ചത്.

ജില്ലയിൽ ആശങ്ക ഉയർത്തുന്ന മറ്റൊരു കാര്യം ഇടുക്കി അണക്കെട്ട് ആണ്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2392.88 അടിയാണ്. മൂന്ന് അടി കൂടി ജലനിരപ്പ് ഉയർന്നാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചേക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ തെക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറിലും ജലനിരപ്പ് ഉയരുകയാണ്. അമ്പൂരി ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 370 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. കരമനയാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. വെള്ളായണിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് 27 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കണ്ണമ്മൂലയിൽ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശി നെഹർദീപ് കുമാറിനെയാണ് കാണാതായത്.

വെള്ളപ്പൊക്കം മണ്ണിടിച്ചിൽ സാധ്യതകളെ തുടർന്ന് ശബരിമലയിലേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് തീർത്ഥാടകർക്ക് ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഗൗരവതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു.

കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. തീരദേശ മേഖലയിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകണം. ദുരന്തസാധ്യത ഉള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ജാഗ്രത പുലർത്തണം. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കനത്ത മഴയിൽ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം വെള്ളത്തിനടിയിലായി. മുണ്ടക്കയംഎരുമേലി റോഡിലെ കോസ് വേയും സമീപത്തെ വീടുകളും മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാർ വീടിനു മുകളിൽ കയറിയിരിക്കുന്നു. മുണ്ടക്കയംഎരുമേലി റോഡിൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.

പൊന്തൻപുഴ രാമനായി ഭാഗത്ത് തോട്ടിൽനിന്നു വെള്ളം കയറിയതിനെ തുടർന്ന് ആറു കുടുംബങ്ങളെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഇടക്കുന്നം വില്ലേജ് മുറികല്ലുംപുറം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പ്രദേശം ഒറ്റപ്പെട്ട സാഹചര്യത്തിൽ ആളുകളെ മാറ്റാൻ സാധിച്ചിട്ടില്ല. സിഎസ്‌ഐ പള്ളിയുടെ അടുത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

കുറവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. എങ്ങലി വടക്ക് പുത്തൻചന്ത ഭാഗത്ത് മുപ്പതോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ വരിക്കാനി എസ്എൻ സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കാഞ്ഞിരപ്പള്ളി പ്രസ് സെന്ററിൽ വെള്ളം കയറി. താഴത്തെ നില പൂർണമായും വെള്ളത്തിലായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ചോലത്തടം ഭാഗത്ത് ഉരുൾ പൊട്ടിയതായി റിപ്പോർട്ടുണ്ട്. മന്നം ഭാഗത്ത് ആൾ താമസം ഇല്ലാത്ത വീട് ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. പാതാമ്പുഴ കുഴുമ്പള്ളിയിൽ ഉരുൾ പൊട്ടി പന്നി ഫാം ഒലിച്ചു പോയതായി സൂചനയുണ്ട്.

അതേസമയം ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരാനാണ് സാധ്യത. അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറയുന്നെങ്കിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി. അണക്കെട്ടിലേക്ക് സെക്കന്റിൽ 8048 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടു പോകുന്നത് 1331 ഘനയടി വെള്ളം മാത്രമാണ്.

കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായത് എട്ട് പേരെയാണെന്ന് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ആൻസി (45), ചിറയിൽ ഷാജി (50), പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുൽ (മൂന്ന്), കല്ലുപുരയ്ക്കൽ ഫൈസൽ നസീറിന്റെ മക്കളായ അപ്പു, മാളു എന്നിവരും ഫൈസലിന്റെ സഹോദരി ഫൗസിയയും മക്കൾ അഹിയാൻ, അഫ്‌സാന എന്നിവരെയുമാണ് കാണാതായത്.

കാസർകോട് വെള്ളരിക്കുണ്ടിൽ ശക്തമായ മഴ പെയ്യുന്നതായാണ് വിവരം. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ കൊന്നക്കാട് കൂളിമടയിൽ നിന്ന് രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ചെറുപുഴ- ചിറ്റാരിക്കാൽ റോഡിൽ അരിയിരുത്തി ഭാഗത്ത് വെള്ളക്കെട്ടുണ്ട്. വാഹന ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂർ ഡിഎസ്സി സെന്ററിൽ നിന്ന് 25 പേരടങ്ങുന്ന കേന്ദ്രസേന നാളെ രാവിലെ വയനാട്ടിൽ എത്തും.

കനത്ത മഴയിൽ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് വ്യാപക കൃഷി നാശമുണ്ടായി. 1476 ഹെക്ടർ കൃഷി നശിച്ചു. 8779 കൃഷിക്കാരെ ബാധിച്ചു. 29 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്.

പത്തനംത്തിട്ടയിൽ മണിമലയിലും വെള്ളാവൂരിലും വീടുകളിൽ വെള്ളം കയറി. വെള്ളാവൂരിൽ 70 ഓളം വീടുകൾ വെള്ളത്തിലായി. മണിമല പൊലീസ് സ്റ്റേഷനിലും വെള്ളംകയറി. പത്തനംതിട്ട ജില്ലയിൽ മൂന്നു താലൂക്കുകളിലായി ഏഴ് ക്യാമ്പുകൾ തുറന്നു. അടൂർ, മല്ലപ്പള്ളി, കോന്നി താലൂക്കുകളിലാണ് ക്യാമ്പുകൾ തുറന്നത്. അടൂർ താലൂക്കിൽ രണ്ടും മല്ലപ്പള്ളിയിൽ നാലും കോന്നിയിൽ ഒരു ക്യാമ്പുമാണ് തുറന്നത്.

പത്തനംതിട്ട കോട്ടാങ്ങലിൽ വീടുകളിൽ വെള്ളം കയറി. എൻഡിആർഎഫ് സംഘം കോട്ടാങ്ങലിലേക്ക് തിരിച്ചു. കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ മേഖലയിൽ മഴ തുടരുകയാണ്. തിരുവമ്പാടി ടൗണിൽ വെള്ളം കയറിയെങ്കിലും പിന്നീട് ഇറങ്ങി. കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ 15 ഉം മീനച്ചിൽ താലൂക്കിൽ അഞ്ചും കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 138 കുടുംബങ്ങളിലായി 408 അംഗങ്ങൾ ക്യാമ്പുകളിലുണ്ട്.

പാലാ കൊട്ടാരമറ്റത്ത് റോഡിൽ വെള്ളം കയറി. ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു. ബൈപാസ് വഴി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഈരാറ്റുപേട്ട മേഖലയിൽ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. തീക്കോയി മേലടുക്കം ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ മഴ ഇപ്പോഴും ശക്തമാണ്.

മരം വീണതിനെ തുടർന്ന് വയനാട് ചുരത്തിലുണ്ടായ ഗതാഗതം പുനഃസ്ഥാപിച്ചു. മുക്കം, കൽപ്പറ്റ സ്റ്റേഷനുകളിലെ അഗ്‌നിശമനസേനയും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തിൽ രണ്ടു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മഴ മുന്നറിയിപ്പുള്ളതിനാൽ വയനാട്ടിലെ ചെമ്പ്ര വിനോദ സഞ്ചാര കേന്ദ്രം അടച്ചതായി വനം വകുപ്പ് അറിയിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴയിൽ ദേശീയ പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വലിയ വാഹനങ്ങൾ മാത്രമാണ് കടന്നു പോവുന്നത്.

തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ട്. ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ചാലിയാറിന്റെ തീരത്തുള്ള വില്ലേജുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. കൊല്ലം ജില്ലയിലെ എല്ലാ ഖനനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. തെന്മല പരപ്പാർ അണകെട്ടിന്റെ ഷട്ടറുകൾ നാള രാവിലെ പത്ത് സെന്റിമീറ്റർ കൂടി ഉയർത്തും. ഇതോടെ ഉയരം 90 സെന്റിമീറ്ററാകും. കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കുട്ടനാട് മേഖലയിൽ ജലനിരിപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിൽ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ എ അലക്സാണ്ടർ അറിയിച്ചു. കുട്ടനാട് താലൂക്കിന്റെ കിഴക്കൻ മേഖലയിലുള്ളവരെ താമസിപ്പിക്കുന്നതിന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.