പത്തനംതിട്ട: കേരള സർവകലാശാലയിലേക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചയാൾക്ക് ആറു വർഷം കഴിഞ്ഞിട്ടും മറുപടിയില്ല. ഒടുവിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഇടപെട്ട് സർവകലാശാലയ്ക്ക് നോട്ടീസ് അയച്ചു.പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ച വർഷം അറിയില്ലെന്ന കേരള സർവകലാശാലയിലെ സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറുടെ മറുപടി നിയമപരമല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.വി. സുധാകരൻ കണ്ടെത്തി.

മഹത്തായ പാരമ്പര്യമുള്ള സർവകലാശാലയിൽ ഒരു കോഴ്സ് ആരംഭിച്ച വർഷം പോലും അറിയാൻ കഴിയുന്നില്ലെന്നത് ഖേദകരമാണെന്നും വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി രജിസ്ട്രാർ, ഒന്നാം അപ്പീൽ അധികാരിയായ രജിസ്ട്രാർ എന്നിവർക്ക് വിവരാവകാശ നിയമത്തിനെ കുറിച്ച് പരിശീലനം നൽകണമെന്നും വൈസ് ചാൻസലറോട് കമ്മിഷൻ ആവശ്യപ്പെട്ടു. അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങളും രേഖകളും 15 ദിവസത്തിനുള്ളിൽ സൗജന്യമായി നൽകണമെന്നും കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.

വിവരാവകാശ അപേക്ഷയിന്മേൽ അവധാനതയോടെ പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാനും കമ്മിഷണർ ഉത്തരവിട്ടു. കേരളാ സർവ്വകലാശാലയിൽ പ്രീഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ എന്ന് ആരംഭിച്ചെന്നും കോഴ്സുകൾ ആരംഭിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തുന്ന ഫയലുകൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് 2015 മാർച്ച് 27 ന് പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. അശോക് കുമാർ വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറിൽ നിന്നോ ഒന്നാം അപ്പീൽ അധികാരി രജിസ്ട്രാറിൽ നിന്നോ വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ അപേക്ഷകൻ സംസ്ഥാന വിവരാവകാശ കമ്മിഷന് അപ്പീൽ അപേക്ഷ കൊടുത്തു.

ഇത് അംഗീകരിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷണർ 2015 ജൂൺ 18 ന് അപേക്ഷകന് തൃപ്തികരമായ മറുപടി നൽകാൻ യൂണിവേഴ്സിറ്റിയുടെ ബന്ധപ്പെട്ട അധികാരിക്ക് നോട്ടീസ് കൊടുത്തു. ഫലമുണ്ടാകാഞ്ഞതിനാൽ അശോക കുമാർ വീണ്ടും 2015 ജൂലൈ 27 ന് സംസ്ഥാന കമ്മിഷന് അപ്പീൽ നൽകി. അതിനെ തുടർന്നാണ് ഇപ്പോൾ ഈ ഉത്തരവ് ഉണ്ടായത്. ഏതെങ്കിലും സെക്ഷനിൽ നിന്ന് മറുപടി കിട്ടിയില്ലെന്ന് ലാഘവത്തോടെ പറയുകയല്ല സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ചെയ്യേണ്ടതെന്നും അതുപോലെ എസ് പി ഐ ഓ പറയുന്ന കാര്യങ്ങൾ അപ്പാടെ അംഗീകരിച്ച് നടപടി അവസാനിപ്പിക്കുന്നതല്ല ഒന്നാം അപ്പീൽ അധികാരിയുടെ ഉത്തരവാദിത്ത്വം എന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു.

സർവ്വകലാശാലയിൽ ലഭിക്കുന്ന പല വിവരാവകാശ അപേക്ഷകൾക്കും നിയമപരമല്ലാത്ത മറുപടികൾ നൽകുന്നത് നിരീക്ഷിക്കുന്നതായും കമ്മിഷൻ ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.