തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട്. മുസ്ലിം സംഘടനകളുടെ കൂട്ടായ എതിർപ്പ് കണ്ടെില്ലെന്ന നടിക്കേണ്ടെന്ന തീരുമാനത്തിലാണ് സർക്കാർ അനുരജ്ഞന പാതയിലേക്ക് എത്തിയത്. നടപടി തൽക്കാലം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി സമസ്ത നേതാക്കൾ ചർച്ചക്ക് ശേഷം അറിയിച്ചു. പുതിയ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ല. പ്രയാസപ്പെടേണ്ടതായ ഒരു കാര്യവും ഉണ്ടാകില്ല. ഇക്കാര്യത്തിൽ വിശാലമായ ചർച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്ന് സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസലിയാർ വ്യക്തമാക്കി.

വഖഫിന്റെ കൈകാര്യം മതഭക്തരായ മുസ്ലിം സഹോദരന്മാരെയോ നേതാക്കളെയോ ഏൽപ്പിക്കണം. അത് ഒരു സമിതിക്ക് വിടുന്നത് ഗുണം ചെയ്യില്ല. ഇപ്പോഴുള്ള നിയമത്തിന് മാറ്റം വരണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഒന്നുകൂടി ഇരുന്ന് സംസാരിച്ചശേഷം വ്യക്തമായ മറുപടി നൽകാം. പ്രയാസപ്പെടേണ്ട ഒരു കാര്യവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞുവെന്ന് ആലിക്കുട്ടി മുസലിയാർ പറഞ്ഞു.

വഖഫ് നിയമനം തൽക്കാലം മരവിപ്പിക്കുന്നതായാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നിന്നും മനസ്സിലാക്കിയത്. മരവിപ്പിച്ചു എന്ന് വ്യക്തമായി പറഞ്ഞില്ല. പകരം പെട്ടെന്ന് നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ആലിക്കുട്ടി മുസലിയാർ പറഞ്ഞു. വഖഫ് നിയമനം പിഎസ് സിക്ക് വീട്ട തീരുമാനം പിൻവലിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്. ഇക്കാര്യം നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയതെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി. ആശങ്ക തീരണമെങ്കിൽ നിയമം റദ്ദു ചെയ്യപ്പെടേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഭാവി പരിപാടികൾ സമസ്തയുടെ ഉന്നത നേതാക്കൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ചർച്ചയ്ക്ക് ശേഷം സമസ്ത നേതാക്കൾ പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.

ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.