തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയേയും മുന്നണിയേയും സജ്ജമാക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള യാത്ര. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈസി വാക്കോവർ പ്രതീക്ഷിച്ചിരുന്ന ഐക്യജനാധിപത്യ മുന്നണിക്ക് തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വലിയ തിരിച്ചടിയായിരുന്നു. ഇത് കണക്കിലെടുത്താണ് മുന്നണി പ്രവർത്തകരിൽ ആത്മവിശ്വാസം വളർത്താൻ യുഡിഎഫ് കേരള യാത്രക്ക് ഒരുങ്ങുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും. വിഡി സതീശനാണ് കേരള യാത്രയുടെ കോർഡിനേറ്റർ. കാസർകോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള വിവിധ കക്ഷി നേതാക്കളും ജാഥയിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോ​ഗത്തിന് ശേഷം ന‌ടന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ചെന്നിത്തല ഉയർത്തിയത്.

കോവിഡാനന്തരം കേരളത്തിലെ ജനങ്ങൾ പട്ടിണിയും പ്രയാസവും നേരിടുകയാണ്. ആരുടെ കയ്യിലും പണമില്ലാത്ത അവസ്ഥയാണ്. കോവിഡ് രോഗികളെ പരിശോധിക്കാൻ പോലും സർക്കാർ സൗകര്യമൊരുക്കി നൽകുന്നില്ല. എല്ലാ രംഗത്തും പരാജയപ്പെട്ട ഒരു സർക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താൻ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കേരള യാത്രയെന്നും ചെന്നിത്തല പറഞ്ഞു.

'കഴിഞ്ഞ നാലര വർഷക്കാലമായി ജനജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുന്ന, കേരളത്തിന്റെ വികസനം മുരടിപ്പിച്ച ഒരു സർക്കാർ അധികാരത്തിലിരിക്കുകയാണ്. എല്ലാ ജനവിഭാഗങ്ങളും സർക്കാരിനെതിരായ തങ്ങളുടെ നിലപാടുകൾ പലരീതിയിൽ പ്രകടിപ്പിക്കുന്നുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഡിഎഫ് നേതാക്കൾ മത നേതാക്കളുമായും മറ്റും ചർച്ചകൾ നടത്തിയെന്നും അവർ ആശങ്കകൾ പങ്കുവച്ചെന്നും ചെന്നിത്തല പറഞ്ഞു.

'യുഡിഎഫ് സർക്കാരിന്റെ കാലത്ത് 245 പാലങ്ങളാണ് പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇപ്പോൾ രണ്ട് പാലങ്ങൾ ഉദ്ഘാടനം ചെയ്തപ്പോൾ തന്നെ എന്തൊരുപ്രചരണ കോലാഹലങ്ങളാണ് നടത്തിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചു ലക്ഷം പേർക്ക് വീടുകൾ വച്ചുകൊടുത്തു. ഇപ്പോൾ ഒന്നര ലക്ഷം പേർക്ക് വീടുകൾ നൽകിയെന്ന് പറഞ്ഞ് മേനി നടിക്കുകയാണ്. ഭരണരംഗത്ത് കേരളത്തിന് കൂടുതലായി ഒന്നും സംഭാവന ചെയ്യാത്ത സർക്കാരാണിത്' - പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രകടന പത്രിക തയ്യാറാക്കാൻ ബെന്നി ബെഹനാൻ അധ്യക്ഷനായ സമിതിയെ യുഡിഎഫ് യോഗം നിയോഗിച്ചു.

പാർട്ടിയിലും മുന്നണിയിലും താഴെതട്ടിലെ ഐക്യം സാധ്യമാക്കുകയാണ് യുഡിഎഫ് പ്രഥമ പരി​ഗണന നൽകുന്നത്. ഇതിന് മുന്നണിയിലെ പ്രധാന നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്ര ​ഗുണം ചെയ്യും എന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. തുടർഭരണം സ്വപ്നം കാണുന്ന ഇടത് മുന്നണിയെ പരാജയപ്പെടുത്തണമെങ്കിൽ ഭരണപരാജയം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന പൊതുവികാരമാണ് യുഡിഎഫിനുള്ളത്. അതിന് കേരള യാത്രയോളം നല്ലൊരു മാർ​ഗമില്ലെന്ന തിരിച്ചറിവിലാണ് യുഡിഎഫ്.