തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ കയറ്റാൻ വെല്ലുവിളിച്ചവർ യുവതികളെ കയറ്റിയ ശേഷം ചതിയാണെന്ന് പറയുന്നത് അപഹാസ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കോടതി വിധി നടപ്പിലാക്കുന്നത് ചതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറയുന്നത് അദ്ദേഹത്തിന്റെ നിയമജ്ഞനത്തിലെ അൽപ്പത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ഇതിൽ ആചാരലംഘനമോ പരിഹാര ക്രിയകളോ ചെയ്യേണ്ടതില്ല.ശബരിമലയിലെ നട അടച്ചവർ ഉത്തരം പറയേണ്ടി വരും. കഴിഞ്ഞ ദിവസം നടന്ന വനിതാ മതിലും യുവതികളുടെ ദർശനവും തമ്മിൽ യാതൊരു ബന്ധവുമില്ല. ശബരിമലയിൽ ദർശനം നടത്താൻ ഇപ്പോൾ സമയം തിരഞ്ഞെടുത്തത് യുവതികളാണ്. ഈ ചോദ്യം അവരോട് തന്നെ ചോദിക്കണം.

ശബരിമലയിൽ യുവതികൾക്ക് കയറാൻ സുരക്ഷ നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. യുവതികളെ നേരത്തെ കയറ്റാൻ ശ്രമിച്ചപ്പോൾ ഏറെ പ്രതിഷേധമുണ്ടായി. അപ്പോൾ യുവതികളെ കയറ്റിക്കാണിക്കാനാണ് ചിലർ വെല്ലുവിളിച്ചത്. എന്നാൽ ഇപ്പോൾ യുവതീ പ്രവേശനം സാധ്യമായപ്പോൾ ചതിയാണെന്ന് പറയുന്നത് അപഹാസ്യമാണെന്നും കാനം പറഞ്ഞു.