കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായുള്ള വാട്ടർ മെട്രോ 2019 ഡിസംബറിൽ സർവീസ് ആരംഭിക്കുമെന്ന് കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസ്. ശനിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമായെന്നും ഫെബ്രുവരിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 19 ബോട്ട് ജെട്ടികൾ ഉൾപ്പെടുന്ന ആദ്യഘട്ടമാകും അടുത്ത ഡിസംബറിൽ ആരംഭിക്കുക. 38 ജെട്ടികൾ ഉൾപ്പെടെ 76 കിലോമീറ്ററിൽ പരന്നുകിടക്കുന്ന പദ്ധതിയായാണ് 2020 അവസാനത്തോടെ പൂർത്തിയാക്കാനുദ്ദേശിക്കുന്ന ജലമെട്രോ വിഭാവനം ചെയ്തിരിക്കുന്നത്.

കേരള സർക്കാരിന്റെയും ജർമൻ ബാങ്കായ കെ.എഫ്.ഡബ്ല്യുവിന്റെയും സംയുക്ത സംരംഭമാണ് വാട്ടർ മെട്രോ. കെ.എഫ്.ഡബ്ല്യു. 576 കോടി രൂപ വായ്പയായി നൽകും. 102 കോടിയാണ് സർക്കാർ വിഹിതം. ഭൂമി ഏറ്റെടുക്കലിന് പ്രതീക്ഷിക്കുന്ന 72 കോടി ഉൾപ്പെടെ 750 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിനു പുറമേ വാട്ടർ മെട്രോ സ്മാർട്ട് സിറ്റിയിലേക്ക് എത്തിക്കുന്നതിനായി ബ്രഹ്മപുരം പാലം ഉയരം കൂട്ടി പുനഃർനിർമ്മിക്കുന്നതിന് 30 കോടി രൂപയും കണക്കാക്കിയിട്ടുണ്ട്. വാട്ടർ മെട്രോ ചെലവ് 750 കോടി ബോട്ടുകൾ 78 ദൈർഘ്യം 76 കിമീ ജെട്ടികൾ 38 റൂട്ടുകൾ 16 വൈദ്യുതിയിൽ തുടങ്ങും, സോളാറിലേക്ക് മാറും വാട്ടർ മെട്രോയുടെ പ്രവർത്തനം പൂർണമായും വൈദ്യുതിയിലായിരിക്കും.

ബോട്ടുകളും ടെർമിനലുകളുമൊക്കെ വൈദ്യുതി ഉപയോഗിച്ചാകും പ്രവർത്തിക്കുക. വൈദ്യുതിയിലാണ് ബോട്ടുകൾ പ്രവർത്തിക്കുകയെങ്കിലും, ഘട്ടംഘട്ടമായി അവയുടെ പ്രവർത്തനം സോളാറിലേക്ക് മാറ്റും. പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷം കൊണ്ട് പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗതാഗത സംവിധാനമാക്കി വാട്ടർ മെട്രോയെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ബോട്ടുകളിൽ എസിയും വൈഫൈയും 100 പേർക്കിരിക്കാവുന്ന 23 ബോട്ടുകളുമായാകും ജലമെട്രോ ആരംഭിക്കുക. 50 സീറ്റുകളുള്ള 55 ബോട്ടുകളും പിന്നീട് എത്തിക്കും. എയർ കണ്ടീഷൻഡ് ആയിരിക്കും ബോട്ടുകളെല്ലാം. വൈഫൈ സൗകര്യവുമുണ്ടാകും.

മണിക്കൂറിൽ 10 നോട്ടിക്കൽ മൈലാണ് വേഗത. 100 സീറ്റുള്ള ബോട്ടിന് 4.5 കോടി രൂപയും 50 സീറ്റുള്ളതിന് 2.6 കോടി രൂപയുമാണ് നിർമ്മാണച്ചെലവ് കണക്കാക്കുന്നത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കായി തേവരയിലും കാക്കനാട് കിൻഫ്ര പാർക്കിലും യാർഡുകളും നിർമ്മിക്കും. വാട്ടർ മെട്രോയ്ക്ക് പ്രത്യേക കമ്പനി കെഎംആർഎല്ലിന് കീഴിൽ രൂപീകരിക്കുന്ന സബ്‌സിഡിയറി കമ്പനിക്കാകും വാട്ടർ മെട്രോയുടെ നടത്തിപ്പ് ചുമതല. വാട്ടർ മെട്രോ നടത്തിപ്പിന് പ്രത്യേകമായി ഉദ്യോഗസ്ഥരുടെ ആവശ്യമുള്ളതിനാലാണ് അനുബന്ധ കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് കെഎംആർഎൽ എംഡി അറിയിച്ചു.

ബോട്ടുകളുടെയും ജെട്ടികളുടെയും അറ്റകുറ്റപ്പണികളും നടത്തിപ്പും ഉൾപ്പെടെയുള്ള വാട്ടർ മെട്രോയുടെ എല്ലാ ഉത്തരവാദിത്തവും ഈ കമ്പനിക്കായിരിക്കും. കൊച്ചിയെ ബന്ധിപ്പിച്ച് 16 റൂട്ടുകൾ ആകെ 16 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. വേമ്പനാട് കായൽ, കൈതപ്പുഴ കായൽ, കടമ്പ്രയാർ തുടങ്ങിയവയിലൂടെ കടന്നുപോകുന്ന വാട്ടർമെട്രോ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളെയും പ്രധാന നഗരഭാഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. മറ്റു ഗതാഗത മാർഗങ്ങൾ വഴി ആവശ്യമായതിലും കുറഞ്ഞ സമയം മാത്രമേ യാത്രയ്ക്കാവശ്യമായി വരൂ എന്നതാണ് മറ്റൊരു പ്രത്യേകത.

വാട്ടർ മെട്രോ ജെട്ടികളിലേയ്ക്ക് ഓട്ടോ, ടാക്‌സി, ബസ് ഫീഡർ സർവീസുകളുമുണ്ടാകും. ഒരുലക്ഷം ദ്വീപുനിവാസികൾക്ക് അത്താണിയാകും -കെഎംആർഎൽ എംഡി കൊച്ചി വാട്ടർ മെട്രോ വെറുമൊരു ജലഗതാഗത മാർഗം മാത്രമല്ലെന്നും ഒരു ലക്ഷത്തോളം വരുന്ന ദ്വീപുനിവാസികൾക്ക് അത്താണിയാകുന്ന പദ്ധതി കൂടിയാണെന്നും കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ്. വാട്ടർ മെട്രോയ്ക്കായി ദൂര പ്രദേശങ്ങളിലും മറ്റും നിർമ്മിക്കുന്ന ടെർമിനലുകളിൽ നാട്ടുകാർക്ക് കച്ചവടം നടത്താനായി കിയോസ്‌കുകളും ഷോപ്പുകളുമുണ്ടാകും. അത്തരത്തിൽ അവരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം കൂടി പദ്ധതിക്ക് പിന്നിലുണ്ട്.

ദ്വീപുകളിലെ ഇടുങ്ങിയ വഴികൾ മാറ്റി ജെട്ടികളിലേക്കും ടെർമിനലുകളിലേക്കുമൊക്കെയുള്ള റോഡുകളും വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ട്‌സിറ്റി ഉൾപ്പെടെയുള്ള ഇടങ്ങളിലൂടെ കടന്നുപോകുന്ന വാട്ടർ മെട്രോ കൊച്ചിക്ക് വാണിജ്യപരമായും ഉണർവ്വ് നൽകും. മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഉൾപ്പെടുന്നതിനാൽ ടൂറസത്തിനും ഗുണകരമാകും. മെട്രോ സ്മാർട്ട് കാർഡ് വഴി സീ കൊച്ചി ഇൻ എ ഡേ തുടങ്ങിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട് -മുഹമ്മദ് ഹനീഷ് കൂട്ടിച്ചേർത്തു.