കണ്ണൂർ: മഞ്ഞുമല ഇടിച്ചു നിരത്താൻ യു.ഡി.എഫിന് കൂട്ട് എൽ.ഡി. എഫ്. ജനകീയ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷക്കാലം അടച്ചു പൂട്ടിയ മഞ്ഞു മലയിലെ കരിങ്കൽ ക്വാറി വീണ്ടും തുറന്ന് പ്രവർത്തിക്കാൻ നടുവിൽ പഞ്ചായത്ത് അനുമതി നൽകി.

ഭരണ-പ്രതിപക്ഷ ഭേദമെന്യേ ക്വാറിക്ക് അനുമതി നൽകാൻ തീരുമാനിച്ചപ്പോൾ ചെറുത്തു നിന്നതും കോൺഗ്രസ്സിലെ മൂന്ന് പേർ. പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ്സും മുസ്ലിം ലീഗും ക്വാറിക്ക് അനുമതി നൽകാൻ തീരുമാനിച്ചപ്പോൾ എൽ.ഡി.എഫും നിരുപാധിക പിൻതുണ നൽകുകയായിരുന്നു. മഞ്ഞുമലയിൽ ഇബ്രാഹിം ഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. പരിസ്ഥിതി ദുർബല മേഖലയായ പൈതൽ മലയുടേയും പാലക്കയം തട്ടിന്റേയും താഴ് വരയിലാണ് മഞ്ഞുമല ക്വാറി ഇനി പ്രവർത്തിക്കുക.

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് പൈതൽ മലയും പാലക്കയം തട്ടും. 2016 ൽ പഞ്ചായത്ത് സബ് കമ്മിറ്റി റിപ്പോർട്ട് പ്രകാരം ക്വാറിയുടെ പ്രവർത്തനം തടഞ്ഞിരുന്നു. 2014 ൽ പഞ്ചായത്ത് നൽകിയ എൻ. ഒ. സി. റദ്ദ് ചെയ്യാനാണ് സബ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നത്. അതോടെ രണ്ട് വർഷത്തിലധികമായി ക്വാറി അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനിടെ ക്വാറിയുടമ വീണ്ടും അനുമതിക്ക് പഞ്ചായത്തിനെ സമീപിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട് അഴിമതിയുൾപ്പെടെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗമാണ് ക്വാറി വിഷയം പരിഗണിച്ചത്. കോൺഗ്രസ്സിലെ പ്രബല വിഭാഗവും മുസ്ലിം ലീഗും സിപിഎം. ഉം ക്വാറിക്ക് അനുമതി നൽകണമെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ കടുത്ത എതിർപ്പുമായി കോൺഗ്രസ്സിലെ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബേബി ഓടംപള്ളി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൻ എൽ.സി. പറമ്പേൽ, ഷൈജ ഡൊമനിക്ക്, എന്നിവരാണ് എതിർപ്പ് പ്രകടിപ്പിച്ചത്.

ഇവരുടെ വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്. നീണ്ട വിവാദങ്ങൾക്കൊടുവിൽ ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പോടെ ക്വാറിക്ക് നേരത്തെ നൽകിയിരുന്ന എൻ.ഒ.സി. റദ്ദ് ചെയ്യേണ്ടതില്ലെന്ന് ഭരണ സമിതി യോഗം തീരുമാനിച്ചിു.അതിനിടെ മഞ്ഞുമല ക്വാറിയെ ചൊല്ലി പഞ്ചായത്ത് ഭരണസമിക്കുള്ളിലും പുറത്ത് വീണ്ടും വിവാദങ്ങൾ ഉടലെടുത്തിട്ടുണ്ട്.

പരിസ്ഥിതി ദുർബല പ്രദേശത്തെ തകർക്കുന്ന വൻകിട ക്വാറികൾക്ക് വേണ്ടി പ്രമുഖ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യമുള്ളതായാണ് ആരോപണം. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആകെയുള്ള 19 പഞ്ചായത്ത് മെമ്പർമാരിൽ 15 പേരാണ് പങ്കെടുത്തത്. മഞ്ഞുമലയിൽ ഇബ്രാഹിം ഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയുടെ അനുമതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നത്. സിപിഎം ന് പഞ്ചായത്ത് ഭരണസമിതിയിൽ ആറ് അംഗങ്ങളാണ് ഉള്ളത്.