ന്യൂഡൽഹി: കേരളത്തിലെ അക്രമങ്ങളുടെ ഉത്തരവാദിത്തം ബിജെപിക്കും സിപിഎമ്മിനുമെന്ന വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി മുഖ്യമന്ത്രി പെരുമാറരുതെന്നു അദ്ദേഹം പറഞ്ഞു. കേരളത്തെ യുദ്ധഭൂമിയാക്കാനുള്ള ആഹ്വാനമാണ് മുഖ്യമന്ത്രി നടത്തുന്നത്. കിളിമാനൂരിൽ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം അക്രമം ആളികത്തിക്കാനുള്ള ശ്രമമാണ്.

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി കേസെടുത്തത് ഫാസിസ്റ്റ് നടപടി. മുഖ്യമന്ത്രി തന്നെയാണ് ഇതിനുള്ള ഉത്തരവ് കൊടുത്തിരിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. കോട്ടയത്ത് സമാധാനപരമായി ജാഥ നടത്തിയ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ ഉണ്ടായ പൊലീസ് അതിക്രമം ന്യായീകരിക്കാനാകാത്തതാണ്. പ്രകോപനത്തിന്റെ ഭാഷാ ആരെയും സഹായിക്കില്ല. ജനുവരി ഏഴിന് പാർട്ടി ബ്‌ളോക്ക് ആസ്ഥാനങ്ങളിൽ സമാധാന സംഗമം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും അതിന് തെളിവാണ് ഇന്നലത്തെ ലോക്‌സഭയിലെ റഫാൽ ചർച്ചയെന്നും മുല്ലപ്പള്ളി പറഞ്ഞു. റഫാൽ ചർച്ചയിൽ സിപിഎമ്മിന്റെ ഒരു അംഗം പോലും സഭയിൽ എത്താത്തത് എന്തുകൊണ്ടെന്നും മുല്ലപ്പള്ളി ചോദിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ദേശീയതലത്തിൽ ബിജെപിയുമായുള്ള സിപിഎം സഹകരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.