കോഴിക്കോട്: ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് ബിജെപിയും ആർഎസ്എസ്സും നടത്തിയത് ആസൂത്രിത ആക്രമണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി.സ്ത്രീകൾ, മാധ്യമ പ്രവർത്തകർ, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.

പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെട്ടു. തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരെ പോലും തെരുവിൽ നേരിടുകയായിരുന്നു സംഘപരിവാരം. മാധ്യമങ്ങളെയും പൊലീസുകാരെയും ആക്രമിച്ചതിനു പിന്നിൽ കൃത്യമായ അജണ്ടയാണ് വ്യക്തമാകുന്നത്. സ്ഥാപനങ്ങൾ തുറക്കാൻ ആഹ്വാനം ചെയ്ത കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസീറുദീന്റെ വസതിക്കുനേരെ വരെ ആക്രമണമുണ്ടായി. ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഇത്രയധികം സംഘർഷങ്ങളും ഭീകരാന്തരീക്ഷവും സൃഷ്ടിക്കപ്പെട്ടത് ആദ്യമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആദ്യം മുതൽ തന്നെ മാധ്യമ പ്രവർത്തകർ ആക്രമണത്തിന് ഇരയായിരുന്നു. റിപ്പോർട്ടർമാർ, ക്യാമറാമാന്മാർ, ഫോട്ടോഗ്രാഫർമാർ ക്രൂരമായി ആക്രമിക്കപ്പെട്ടു.

നൂറിലധികം കെ.എസ്.ആർ.ടി.സി ബസ്സുകൾ തകർക്കപ്പെട്ടതായി അധികൃതർ തന്നെ വ്യക്തമാക്കുന്നു. പരിവാർ സംഘടനകളുടെ ആസൂത്രിത ആക്രമണത്തിന് കരിദിനം പ്രഖ്യാപിച്ച് അനുകൂല സാഹചര്യമൊരുക്കിയ യു.ഡി.എഫ് നിലപാട് പ്രതിഷേധാർഹമാണ്. സംസ്ഥാന വ്യാപകമായി ആസൂത്രിത ആക്രമണങ്ങൾ നടത്തിയവർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാവണം. ആക്രമണത്തിന് ഇരയായവർ പരാതി നൽകാൻ തയ്യാറാവണം. ഉത്തരേന്ത്യയിലേതുപോലെ നിസാരസംഭവങ്ങൾ മറയാക്കി ആസൂത്രിത കലാപങ്ങൾ സംഘടിപ്പിക്കുന്ന ബിജെപിയും ആർഎസ്എസ്സും കേരളത്തിലും ഇത്തരം നീക്കം നടത്തുന്നതിനെതിരെ പൊതുസമൂഹം ശക്തമായി രംഗത്തുവരണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.