റിയാദ്: ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ സൗദിയിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട്​ താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പിൽ മുനാസിർ (24) ആണ് മരിച്ചത്​. റിയാദിൽ നിന്ന്​ 200 കിലോമീറ്റർ അകലെ ഹുത്ത സുദൈറിൽ ആണ് അപകടം നടന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ടാങ്കർ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മുനാസിർ മരിച്ചു.

സമസ്ത കേരള ജംഇയത്തുൽ ഉലമ നേതാവ്​ നാസർ ഫൈസി കുടത്തായിയുടെ സഹോദര പുത്രനാണ് മുനാസിർ. തുമൈറിൽ ജോലി ചെയ്യുന്ന മുസ്തഫയാണ് പിതാവ്. മാതാവ്: സറീന. ഫർഹത്ത് ജാബിൻ സഹോദരിയാണ്. അവിവാഹിതനാണ്. മൃതദേഹം ഹുത്ത സുദൈറിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പിതാവിനെ സഹായിക്കുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​, ഹുത്ത സുദൈർ കെ.എം.സി.സി, തുമൈർ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.