കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കോവിഡ് സമയത്ത് മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

മദ്യശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദീകരണം നൽകണം എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. എക്സൈസ് കമ്മിഷണറോട് ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

നിലവിൽ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാണ് നടക്കുന്നതെന്നാണ് ഹർജിക്കാരൻ ആരോപിച്ചിരുന്നത്. കോവിഡ് പ്രോട്ടോക്കോൾ മദ്യശാലകൾക്ക് മുന്നിൽ പാലിക്കുന്നില്ലെന്ന കാര്യം കോടതിയും ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും കോടതി പരിഗണിക്കുകയും ചെയ്തു.

കോവിഡ്19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കേ മദ്യശാലകൾക്ക് മുന്നിൽ ഇത്തരം അയവ് പാടില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.