കോഴിക്കോട്; ഫാഷൻഗോൾഡ് ഇന്റർനാഷണൽ നിക്ഷേപ തട്ടിപ്പിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി ഖമറുദ്ദീൻ പാണക്കാട് തറവാട്ടിലേക്ക് വരേണ്ടതില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഇന്ന് പാണക്കാടെത്തി പാർട്ടി നേതൃത്വത്തോട് കാര്യങ്ങൾ വിശദീകരിക്കാനാരിക്കെയാണ് തങ്ങളുടെ തീരുമാനം.

കഴിഞ്ഞ ദിവസം പാണക്കാട് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി എംസി ഖമറുദ്ദീനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാണക്കാടെത്തി മുസ്ലിംലീഗ് നേതൃത്തിന് മുന്നിൽ വിശദീകരണം നൽകുമെന്ന് ഖമറുദ്ദീൻ അറിയിച്ചിരുന്നു. എന്നാൽ തട്ടിപ്പിനിരയായവരും പാണക്കാടെത്തി പരാതി നൽകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എംസി ഖമറുദ്ദീനോട് പാണക്കാടേക്ക് വരേണ്ടതില്ലെന്ന് തങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.

പകരം കോഴിക്കോട് മുസ്ലിം ലീഗ് സംസ്ഥാന ആസ്ഥാനമായ ലീഗ് ഹൗസിൽ എത്തി വിശദീകരണം നൽകാനാണ് തങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത്. അതേ സമയം സമാന ആരോപണം നേരിടുന്ന കാസർകോട്ടെ ലീഗ് നേതാവും തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൽ എംസി ഖമറുദ്ദീന്റെ പങ്കാളിയുമായിരുന്ന പൂക്കോയ തങ്ങളോട് ലീഗ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല.

അതേ സമയം ഖമറുദ്ദീനെതിരെ പരാതികളുമായി കൂടുതൽ മുസ്ലിംലീഗ് പ്രവർത്തകർ പാണക്കാടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഫാഷൻഗോൾഡ് ഇന്റർനാഷണിൽ നിക്ഷേപം നടത്തിയവരിൽ അധികവും കെഎംസിസി പ്രവർത്തകർ അടക്കമുള്ള ആളുകളാണ്. ഇവരാണ് പാണക്കാടെത്തി പരാതി ബോധിപ്പിക്കുന്നത്. ഓരോ ദിവസം കൂടുംതോറും പരാതികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇന്ന് കോഴിക്കോടെത്തുന്ന എംസി ഖമറുദ്ദീൻ എംഎൽഎയോട് മുസ്ലിം ലീഗിലെ ഭാരവാഹിത്വങ്ങൾ രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടുമെന്നാണ് സൂചനകൾ.

നിലവിൽ മുസ്ലിം ലീഗ് കാസർകോഡ് ജില്ല നിർവാഹക സമിതി അംഗമാണ് എംസി ഖമറുദ്ദീൻ. ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിൽ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കാനാണ് ആവശ്യപ്പെടുക. ഇന്നലെ വരെ 33 കേസുകൾ എംസി ഖമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.