റിയാദ്: കളിത്തീവണ്ടിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരൻ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം നഗരത്തിലെ കൺസ്യൂമർ ഫെയർ സന്ദർശിക്കാനെത്തിയ സ്വദേശി ബാലൻ ഇബ്രാഹീം അലി അൽ ബലവിയാണ് ദാരുണമായി മരിച്ചത്.

സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയിൽ പ്രവേശിപ്പിച്ചില്ല. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരൻ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന കളിത്തീവണ്ടിയുടെ ആദ്യ ബോഗിയിൽ കയറിയ ബാലൻ അബദ്ധത്തിൽ തീവണ്ടി പ്രവർത്തിപ്പിക്കുകയായിരുന്നു. ഇതോടെ തീവണ്ടി ഉയർന്നുപൊങ്ങുകയും അതിന്റെ ആഘാതത്തിൽ ബാലൻ ബോഗിയിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. ട്രാക്കിൽ വീണ ബാലന്റെ ശരീരത്തിലേക്ക് ട്രെയിനിന്റെ രണ്ടാമത്തെ ബോഗി കയറിയിറങ്ങി.

അപകടം കണ്ട് ജീവനക്കാരും ബാലന്റെ പിതാവും ചേർന്ന് ട്രെയിൻ നിർത്തി കുട്ടിയെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.