തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ന​ഗ്നത ആസ്വ​ദിക്കുന്നവരുടെ വിവരങ്ങൾ കണ്ട് ഞെട്ടിയത് അന്വേഷണ ഉദ്യോ​ഗസ്ഥർ. അന്വേഷണ ഏജൻസികളുടെ കണ്ണിൽ പെടാത്ത നിലയിൽ പ്രവർത്തിച്ചിരുന്ന വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയിരുന്നത് ഐടി പ്രൊഫഷണലുകൾ ആയിരുന്നു. ഓപ്പറേഷൻ പി ഹണ്ടിൽ പിടിയിലായ 41 പേരുടെ പ്രൊഫൈലും ജീവിത സാഹചര്യങ്ങളും കണ്ടാൽ അതി ഹീനമായ ക്രിമിനൽ വാസനകൾ ഉള്ളവരെന്ന് ആരും പറയുകയുമില്ല.

ഓപ്പറേഷൻ പി ഹണ്ടിൽ സംസ്ഥാനത്ത് 41 പേരാണ് അറസ്റ്റിലായത്. കുട്ടികളുടെ നഗ്‌നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെ കണ്ടെത്താനായി നടത്തിയ തിരച്ചിലിനൊടുവിൽ അന്വേഷണ സംഘം കണ്ടെത്തിയത് കുട്ടികളെ കടത്തുന്നതിലും പങ്കുള്ളവരെ കുറിച്ചുള്ള വിവരങ്ങളാണ്. അറസ്റ്റിലായവരിൽ അധികവും യുവാക്കളാണ്. ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെ ഉന്നത ജോലികൾ ചെയ്യുന്നവരാണ് അധികവും. ഇവരിൽ ചിലർ കുട്ടികളെ കടത്തുന്നവരാണെന്ന സംശയവും പൊലീസിനുണ്ട്. ഇത്തരത്തിലുള്ള ചില ചാറ്റുകൾ ഇവരുടെ ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

എഡിജിപി മനോജ് എബ്രഹാമിന്റെ നിർദ്ദേശം അനുസരിച്ച് 465 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. കുട്ടികളുടെ നഗ്‌ന ചിത്രങ്ങളുള്ള മൊബൈൽ ഫോണുകളും, ടാബും, ആധുനിക ഹാർഡ് ഡിസ്‌കുകളും, മെമ്മറി കാർഡുകളും, ലാപ്‌ടോപ്പുകളും, കംപ്യൂട്ടറും അടക്കം 392 ഉപകരണങ്ങൾ പിടിച്ചെടുത്തു. 339 കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിൽനിന്നാണ് കൂടുതൽ പേർ അറസ്റ്റിലായത്. ആറു പേരാണ് ജില്ലയിൽ പിടിയിലായത്.

ഐടി മേഖലയിൽ സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകൾ വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പങ്കുവച്ചത് ആറു മുതൽ 15 വയസു വരെയുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളെന്ന് പൊലീസ്. സുഖലോകം, സ്‌കൂൾ, തേനൂറും ഈന്തപ്പഴം തുടങ്ങിയ പേരുകളിൽ പ്രവർത്തിച്ചിരുന്ന വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിൽ ഓരോ ഗ്രൂപ്പിലും നാനൂറിലധികം അംഗങ്ങളുണ്ടായിരുന്നു. 6 വയസു മുതൽ 15 വയസുവരെയുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളാണ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തത്.ഐടി മേഖലയിൽ സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളാണ് ഗ്രൂപ്പുകളിലുണ്ടായിരുന്നത്. സാങ്കേതിക ജ്ഞാനം ഉള്ളതിനാൽ, നഗ്‌ന ചിത്രങ്ങൾ ഷെയർ ചെയ്യുന്നത് മറയ്ക്കാൻ ഇവർ ആധുനിക ടൂളുകളാണ് ഉപയോഗിച്ചത്. കുട്ടികളെ കടത്തുന്നതിലും ഇവർക്കു ബന്ധമുള്ളതിന്റെ സൂചനകൾ ചാറ്റിൽനിന്നും ലഭിച്ചതായി പൊലീസ് പറയുന്നു.

കാണുന്ന നഗ്‌ന വിഡിയോകൾ നൂനത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നശിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. കുട്ടികൾ ഉപയോഗിക്കുന്ന വെബ് ക്യാമിനകത്ത് വൈറസ് കയറ്റി വിട്ട് സ്വകാര്യ വിവരങ്ങൾ ചോർത്തിയിരുന്നതായും കണ്ടെത്തി. നഗ്‌ന വിഡിയോകൾ കാണുന്നവരിൽ മിക്കവരും മൂന്നു ദിവസത്തിനിടയിൽ അവരുടെ ഫോൺ ഫോർമാറ്റ് ചെയ്യുമായിരുന്നു. പ്രത്യേക സോഫ്റ്റുവെയർ ഉപയോഗിച്ച് ഐപി വിലാസങ്ങൾ ശേഖരിച്ചും സമൂഹമാധ്യമത്തിലെ അക്കൗണ്ടുകളുടെ വിവരങ്ങൾ വിവിധ ടൂളുകൾ ഉപയോഗിച്ചു ശേഖരിച്ചുമാണ് സൈബർ ഡോം ഇവരെ കണ്ടെത്തിയത്.

കോവിഡ് കാലത്ത് ഓൺലൈൻ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും വാട്‌സ്ആപ്പിലും ടെലഗ്രാമിലുമുള്ള അശ്ലീല ഗ്രൂപ്പുകൾ വർധിച്ചതായും പൊലീസ് പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും തടയാനാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ പി ഹണ്ട് നടപ്പിലാക്കിയത്. കുറ്റവാളികളെ പിടികൂടാനായി ജില്ലാ പൊലീസ് മേധാവികളുടെ കീഴിൽ 320 ടീമുകളെ സജ്ജമാക്കി. സൈബർസെൽ അംഗങ്ങളും സാങ്കേതിക വിദഗ്ധരും വനിതാ പൊലീസുകാരും ഉൾപ്പെടുന്നതായിരുന്നു ടീം. 27നു പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. സൈബർ ഡോം ഓപ്പറേഷൻ ഓഫിസർ എ.ശ്യാംകുമാർ, രഞ്ജിത്ത് ആർ.യു., എ.അസറുദ്ദീൻ, വിശാഖ് എസ്.എസ്., സതീഷ് എസ്., രാജേഷ് ആർ.കെ., പ്രമോദ് എ., രാജീവ് ആർ.പി.,ശ്യാം ദാമോദരൻ തുടങ്ങിയവരാണ് സൈബർ ഡോം സ്‌ക്വാഡിൽ ഉണ്ടായിരുന്നത്.

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയോ അവ പ്രചരിപ്പിക്കുകയോ ശേഖരിച്ച് സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനും 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാനും ഇടയാക്കുന്ന കുറ്റകൃത്യമാണ്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവരേപ്പറ്റി വിവരം ലഭിച്ചാൽ അത് പൊലീസിന്റെ ഹൈടെക് സെല്ലിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.