തിരുവനന്തപുരം: കിഫ്ബിക്ക് എതിരായ സിഎജി റിപ്പോർട്ടിൽ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. സിഎജി റിപ്പോർട്ടിനെ നിയമപരമായി നേരിടാനാണ് സർക്കാർ നിയമോപദേശം തേടിയത്. കരടു റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാൻ അനുമതിയില്ലെന്ന സിഎജി വാദവും നിയമപരമായി നേരിടാനാണ് നീക്കം.

ധനമന്ത്രി തോമസ് ഐസക് അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ വിദഗ്ധ അഭിപ്രായം തേടാൻ തീരുമാനിച്ചത്. സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടുകയായിരുന്നു.

സർക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിർമ്മിച്ച് വിദേശ രാജ്യങ്ങളിൽനിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് നിയമോപദേശം തേടിയതെന്നാണ് സൂചന. ഭരണഘടനയുടെ 293 (1) അനുച്ഛേദവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലാണ് നിയമോപദേശം തേടിയതെന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. വിദേശ വായ്പകൾ എടുക്കാൻ സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കുന്നതാണ് ഭരണഘടനയുടെ അനുച്ഛേദം 293 (1) വകുപ്പ്.

സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സർക്കാർ നിലപാട്. കരടു റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സർക്കാരിന് വിശദീകരണത്തിന് അവസരം നൽകാതെ അന്തിമ റിപ്പോർട്ടിൽ സിഎജി ഉൾപ്പെടുത്തിയത് തെറ്റാണ്. ഇത് സാധാരണഗതിയിലുള്ള റിപ്പോർട്ടായി കാണാൻ സാധിക്കില്ല. നടപടിക്രമങ്ങൾ തെറ്റിച്ച് തയാറാക്കിയ റിപ്പോർട്ടാണെന്നും സർക്കാർ കരുതുന്നു. അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തിയ ശേഷമാണ് നിയമനടപടിയുടെ സാധ്യത പരിശോധിക്കാൻ മുതിർന്ന ഭരണഘടനാ വിദഗ്ധനായ അഭിഭാഷകൻ ഫാലി എസ് നരിമാനെ സമീപിക്കാൻ തീരുമാനിച്ചത്.

കരടു റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സർക്കാരിന് വിശദീകരണത്തിന് അവസരം നൽകാതെ അന്തിമ റിപ്പോർട്ടിൽ സിഎജി ഉൾപ്പെടുത്തിയത് തെറ്റാണെന്നാണ് സർക്കാർ നിലപാട്. ഇത് സാധാരണഗതിയിലുള്ള റിപ്പോർട്ടായി കാണാൻ സാധിക്കില്ല. നടപടിക്രമങ്ങൾ തെറ്റിച്ച് തയാറാക്കിയ റിപ്പോർട്ടാണെന്നും സർക്കാർ കരുതുന്നു.

കിഫ്ബിക്ക് വായ്പയെടുക്കാൻ നിയമസഭയുടെ അനുമതിയില്ലെന്ന സിഎജി റിപ്പോർട്ടിലെ പരാമർശം സഭയെ അവഹേളിക്കുന്നതാണെന്നുമാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ ഫാലി എസ്.നരിമാന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. കിഫ്ബിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള കേസിലും ഉപദേശം തേടും. ഭരണഘടനാ വിദഗ്ധരായ മുതിർന്ന അഭിഭാഷകരെ തന്നെ ഹൈക്കോടതിയിലെ കേസ് വാദിക്കാൻ എത്തിക്കും.സാധാരണഗതിയിൽ ഫാലി എസ്. നരിമാൻ ഡൽഹിക്ക് പുറത്ത് ഹൈക്കോടതികളിൽ ഹാജരാകാറില്ല. എന്നാൽ, കിഫ്ബിക്ക് എതിരായ കേസിൽ വീഡിയോ കോൺഫറൻസിലൂടെ ഫാലി എസ് നരിമാനെ സർക്കാരിന് വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരാക്കാൻ കഴിയുന്നതിന്റെ സാധ്യതയും ആരായുന്നുണ്ടെന്നാണ് സൂചന.