ചണ്ഡീഗഡ്: കർഷക സമരം രാജ്യതലസ്ഥാനത്തെ വിറപ്പിക്കേ, അതിന് ശക്തമായ പിന്തുണ നൽകുന്ന, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് വധഭീഷണി മുഴക്കി പോസ്റ്ററുകൾ. ഇദ്ദേഹത്തെ കൊല്ലുന്നവർക്ക് പത്ത് ലക്ഷം രൂപ ഇനാം നൽകുമെന്ന് പ്രഖ്യാപിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പൊലീസ് അറിയിച്ചു. മൊഹാലിയിലെ ഗൈഡ് മാപ്പ് ബോർഡിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അമരീന്ദർ സിംഗിന്റെ ചിത്രവും പോസ്റ്ററിലുണ്ട്.

'സിങിനെ കൊല്ലുന്നവർക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം നൽകും. കൊലപാതകിയുടെ വിവരം ഒരുകാരണവശാലും പുറംലോകമറിയില്ല. താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം', എന്നായിരുന്നു പോസ്റ്ററിന്റെ ഉള്ളടക്കം. ഇതോടൊപ്പം ഒരു ഇ-മെയിൽ അഡ്രസ്സും നൽകിയിട്ടുണ്ട്.
സൈബർ കഫേയിൽ നിന്നാണ് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇ-മെയിൽ അഡ്രസ്സ് വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

'ഐ.പി.സി 504,506,120 ബി, എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്ററിൽ നൽകിയിരിക്കുന്ന മെയിൽ ഐ.ഡി പരിശോധിച്ച് വരികയാണ്. വിവരങ്ങൾ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ട്' പൊലീസ് അറിയിച്ചു.

2020 ഡിസംബർ 31 ന് അമരീന്ദർ സിംങ് മൊഹാലി സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ഇതാദ്യമായല്ല അമരീന്ദർ സിംഗിനെതിരെ ഭീഷണി സന്ദേശങ്ങളെത്തുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 14ന് മൊഹാലിയിൽ അദ്ദേഹത്തിന്റെ ഫ്ളക്സ് ബോർഡുകൾ അജ്ഞാതർ നശിപ്പിക്കുകയും സിംങിന്റെ ചിത്രത്തിനു മേൽ കരിമഷി ഒഴിക്കുകയും ചെയ്തിരുന്നു.അതേസമയം ഈ രണ്ടു സംഭവങ്ങൾക്കു പിന്നിലും ഖലിസ്ഥാൻ സംഘടനകളാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. മുമ്പ് നിരോധിക്കപ്പെട്ട സംഘടനയായ സിഖ് ഫോർ ജസ്റ്റിസും അമരീന്ദർ സിംങ്ങിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു. കർഷക സമരവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കയാണ്.