കൊല്ലം: പ്രായാധിക്യത്താൽ അവശരായ മാതാപിതാക്കളെ വഴിയിൽ തള്ളി മക്കൾ കടന്നു കളഞ്ഞു. മങ്ങാട് കരിങ്ങോട്ട് വീട്ടിൽ ബാലചന്ദ്രൻ - ഓമന ദമ്പതികളെയാണ് മക്കൾ വഴിയിലുപേക്ഷിച്ച് കടന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലിസ് സബ് ഇൻസ്‌പെക്ടർ ശ്യാമിന്റെ നേതൃത്വത്തിൽ പൊലിസ് മക്കളിലൊരാളെ വിളിച്ചു വരുത്തി അവരോടൊപ്പം മാതാപിതാക്കളെ അയച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മങ്ങാട്ട് താവൂട്ട് മുക്കിന് സമീപം മാതാപിതാക്കളെ ഇറക്കി വിട്ട ശേഷം ഇളയ മകൾ മടങ്ങിയത്. . സമീപത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകാൻ നിർദ്ദേശിച്ചാണ് താൻ പോയതെന്ന് ഇളയ മകളായ സുനിത പറയുന്നു. എന്നാൽ മാതാപിതാക്കളെ വീട്ടിൽ താമസിപ്പിക്കാൻ സാധിക്കില്ലെന്ന നിലപാടെടുത്ത രണ്ടാമത്തെ മകൾ വൈകാതെ വീടുപൂട്ടി സ്ഥലം വിടുകയും ചെയ്തു. മങ്ങാട് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപികയായ രണ്ടാമത്തെ മകൾ സുലജയാണ് കുടുംബ വീട് പൂട്ടി മുങ്ങിയത്.

മണിക്കൂറുകളോളം മഴനനഞ്ഞ് റോഡിലിരുന്ന വൃദ്ധ ദമ്പതികളെ ഇലക്ഷൻ പ്രചരണവുമായെത്തിയ എൻ ഡി എ - യുഡിഎഫ് സ്ഥാനാർത്ഥികൾ കണ്ടതോടെ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് അദ്ധ്യാപികയായ മകൾ താമസിക്കുന്ന കുടുംബ വീട്ടിൽ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് മൂത്ത മകളെ വിളിച്ചു വരുത്തി അവരോടൊപ്പം മാതാപിതാക്കളെ അയയ്ക്കുകയായിരുന്നു.

വർഷങ്ങളോളം ഗൾഫിലായിരുന്ന ബാലചന്ദ്രൻ പിന്നീട് നാട്ടിലെത്തി നിർമ്മാണ തൊഴിലാളിയായി പണിയെടുക്കുകയായിരുന്നു. ഇരുപത്തിയെട്ട് വർഷം മുൻപ് രണ്ടാമത്തെ മകളുടെ വിവാഹ സമയത്ത് സ്ത്രീധനമായി കുടുംബ വീട് എഴുതി നൽകുകയായിരുന്നു. മാതാപിതാക്കളുടെ കാലശേഷം പൂർണ്ണാവകാശം നൽകുമെന്നായിരുന്നു ധാരണയെങ്കിലും രേഖകളിൽ ഇത് പറഞ്ഞിരുന്നില്ല. തുടർന്ന് ഇളയ മകളുടെ വിവാഹ ശേഷം കഴിഞ്ഞ പതിനെട്ടു വർഷമായി അവരോടൊപ്പം കഴിയുകയായിരുന്നു.

ഇളയ മകൾ സുനിതയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ മാതാപിതാക്കളുടെ സംരക്ഷണം തുടരാൻ സാധിക്കാത്ത അവസ്ഥയായി . താമസിച്ചുവരുന്ന വാടക വീട്ടിൽ നിന്ന് ഒഴിയണമെന്ന അവസ്ഥ കൂടി ആയതോടെ സഹോദരിയുടെ വീട്ടിലേയ്ക്ക് മാതാപിതാക്കളെ അയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ രണ്ടാമത്തെ മകളുടെ വീടിനു സമീപം ഇരുവരേയും ഇറക്കിയ ശേഷം സുനിത മടങ്ങി.

അദ്ധ്യാപികയായ മകൾ വീട്ടിൽ കയറ്റാതായതോടെ കിടപ്പു രോഗിയായ ബാലചന്ദ്രനേയും കൂട്ടി എവിടേയ്ക്ക് പോകണമെന്നറിയാതെ മാനസികാസ്വാസ്ഥ്യവും കാഴ്‌ച്ചക്കുറവുമുള്ള ഭാര്യ ഓമന കുഴങ്ങി. നാട്ടുകാർ ഇടപെട്ടതോടെ സ്ഥലത്തെത്തിയ പൊലിസ് മൂത്ത മകളെ വിളിച്ചു വരുത്തി ഒപ്പം അയയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് തിരക്കുകൾക്കു ശേഷം മക്കളെ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിക്കുമെന്ന് കിളികൊല്ലൂർ പൊലിസ് അറിയിച്ചു.